‘ഇത് നേരത്തെ അനുഭവിക്കാൻ സാധിച്ചിരുന്നെങ്കിൽ’

90 കഴിഞ്ഞ ഒരമ്മയുടെ കണ്ണീരോർമ്മ. സി. പ്രണിത ഡി. എം എഴുതുന്നു.

തിരുസഭ പ്രത്യേകമായി ഈ മാസം നമ്മിൽ നിന്ന് മരണത്താൽ വേർപിരിഞ്ഞവർക്കായി പ്രാർത്ഥിക്കുന്ന മാസമാണല്ലോ. മരണത്തെയും ജീവിതത്തെയും കുറിച്ച് ഞാൻ ധ്യാനപൂർവ്വം ചിന്തിച്ചപ്പോൾ എൻ്റെ മനസ്സിലേക്ക് കടന്നു വന്നത് ഞാൻ ശുശ്രുഷിച്ച 90 വയസ്സ് കഴിഞ്ഞ ഒരമ്മയാണ്.

വീട്ടിൽ തനിച്ച് താമസിക്കുന്ന അമ്മച്ചിയെ കാണാൻ ഞാൻ അവിടെ ചെന്നു. അമ്മച്ചി വളരെ സങ്കടത്തിലാണ്. ഞാൻ ചോദിച്ചു. “അമ്മച്ചി എന്താ നല്ല സുഖമില്ലേ? വേദനയാണോ? എന്താ ആകെ തളർന്നിരിക്കുന്നത്.” ആ അമ്മ എൻ്റെ കൈ പിടിച്ചിട്ട് പറഞ്ഞു. “സിസ്റ്റർ, ഞാൻ ഒരു പേപ്പർ ക്രിസ്ത്യാനിയാണ്.”

ഞാൻ ഇതുവരെ കേൾക്കാത്ത ഒരു വിഭാഗം ആണല്ലോ ഇത്. എൻ്റെ ചോദ്യഭാവത്തിലുള്ള നോട്ടം കണ്ടപ്പോൾ അമ്മച്ചി എന്നൊട് പറഞ്ഞു. “ഞാൻ പള്ളിയിലെ രജിസ്റ്റർ ബുക്കിൽ മാത്രമാണ് കത്തോലിക്ക വിശ്വാസി. ഞാൻ മാമ്മോദീസായും വി.കുർബാനയും സ്വീകരിച്ചിട്ടുണ്ട് എന്നാല്ലതെ 60 വർഷത്തിൽ കൂടുതലായി ഒരു ദേവാലയത്തിൽ പോയിട്ട്. ഞാൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും പോയിട്ടുണ്ട്. പക്ഷേ ഞാൻ ഒരു തീർത്ഥാടനവും നടത്തിയിട്ടില്ല. അന്ന് ഞങ്ങൾ ഒരു ഗ്രൂപ്പായിരുന്നു. ഇന്ന് ഞാൻ ഒറ്റക്കാണ്. ഒപ്പം ഈ രോഗവും വേദനയും ജീവിതം മടുത്തു . എനിക്ക് മരിച്ചാൽ മതി.”

പക്ഷേ രജിസ്റ്ററിൽ മാത്രം വിശ്വാസിയായ എന്നെ ദൈവത്തിന് പോലും വേണ്ട. എനിക്ക് ഇനി ദേവാലയത്തിൽ പോകാനോ പ്രാർത്ഥിക്കാനോ കഴിയില്ലല്ലോ. ദൈവത്തെ മറന്നതിനുള്ള ശിക്ഷയാണിത്. അമ്മച്ചി ശക്തമായി കരഞ്ഞു.

രോഗത്തിൻ്റെതായ വേദന, തനിച്ചായി പോയതിൻ്റെ നിരാശ, ദൈവത്തെ മറന്ന് ജീവിച്ചതിൻ്റെ കുറ്റബോധം. ആ മനസിൻ്റെ വേദന ഞാൻ തിരിച്ചറിഞ്ഞു. ഞാൻ പറഞ്ഞു, “അമ്മേ, ദൈവം ‘ഇന്നലെയും ഇന്നും എന്നും ഒരുവനാണ്’. അനുതപിക്കുന്ന പാപിയെ സ്നേഹിക്കുന്നവനാണ് ക്രൈസ്തവൻ്റെ ദൈവം. കഴിഞ്ഞ പോയകാലം ഇനി കിട്ടില്ല. ദൈവത്തെ നമ്മൾ സ്നേഹിക്കാത്തപ്പോഴും അവിടുന്ന് നമ്മെസ്നേഹിച്ചിട്ടുണ്ട്. കഴിഞ്ഞ കാലം മറന്ന് ഹൃദയത്തോട് ചേർത്ത് സ്നേഹിക്കുന്ന ഒരു ദൈവമാണ് നമ്മുടെ ദൈവം. അതല്ലെ ഇത്ര നാൾ സുഖസന്തോഷത്തിൽ ജീവിച്ചത്. ഇനി ദൈവം തന്നിരിക്കുന്ന ദിവസങ്ങൾ ദൈവത്തിനായി മാറ്റി വയ്ക്കുക.”

അമ്മച്ചി ദയനീയമായി എന്നോട് ചോദിച്ചു. “എങ്ങനെ ?എനിക്ക് എന്ത് ചെയ്യാൻ കഴിയും?” എൻ്റെ കൈയ്യിലുള്ള ജപമാലയിലെ കുരുശു രൂപം കാണിച്ച് ഞാൻ പറഞ്ഞു. “ഈ ദൈവം ഇങ്ങനെ മരിച്ചത് പാപികളെ രക്ഷിക്കാനാണ്. അതിൽ ഞാനും അമ്മച്ചിയും ഉൾപ്പെടും. അതിനാൽ ഇന്നു മുതൽ പ്രാർത്ഥിക്കാൻ തുടങ്ങുക. അമ്മച്ചിക്ക് വേണ്ടിയല്ല. ദൈവത്തെ മറന്ന് ജീവിച്ച് മരിച്ചു പോയവർക്കായി അമ്മച്ചി പ്രാർത്ഥിക്ക്. ദൈവം അമ്മച്ചിയെ ആശ്വസിപ്പിയ്ക്കും.”

അന്ന് മുതൽ അമ്മച്ചി ദൈവത്തെ മറന്ന് ജീവിക്കുന്നതും മരിച്ച് പോയതുമായ എല്ലാവർക്കായും പ്രാർത്ഥിക്കാൻ തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞ് അമ്മച്ചിയെ കണ്ടപ്പോൾ അമ്മച്ചി സന്തോഷത്തിലാണ്. ആ അമ്മ എന്നെ കണ്ടപ്പോൾ പറഞ്ഞു. സിസ്റ്റർ, എൻ്റെ ഓർമ്മയിൽ ഇത്രയും സമധാനം ഞാൻ അനുഭവിച്ചിട്ടില്ല. പലപ്പോഴും പ്രാർത്ഥനാ സമയങ്ങളിൽ എൻ്റെ അരികിൽ പരിശുദ്ധ അമ്മ ഉള്ളതായി എനിക്ക് തോന്നുന്നു. ഇപ്പോൾ എനിക്ക് ഭയമില്ല. എൻ്റെ ചുറ്റും ദൈവദൂതർ ഉണ്ട്. ഒരു സങ്കടം മാത്രമെ വാക്കിയുളളൂ, ഇത് നേരത്തെ കിട്ടിയിരുന്നെങ്കിൽ…”

90 വയസു വരെ തൻ്റെ ഇഷ്ടാനുസരണം ജീവിച്ച അമ്മച്ചിക്ക് ദൈവം കൊടുത്ത വലിയ സന്തോഷം. തിരിഞ്ഞ് നോക്കാൻ സമയമില്ലാതെ തിരക്കിട്ട് ഓടുന്ന നമുക്ക് തിരിച്ചറിവ് ലഭിക്കുന്നത് വളരെ താമസിച്ചാണ്. കിട്ടിയ തിരിച്ചറിവിനനുസരിച്ച് ജീവിക്കാനുള്ള ധൈര്യവും ചങ്കുറപ്പും ഉണ്ടെങ്കിൽ സ്വർഗ്ഗം മുഴുവൻ കൂടെയുണ്ടാവും. ഇതാണ് ഞാൻ അമ്മച്ചിയിലൂടെ പഠിച്ചത്.

സി. പ്രണിത DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.