അന്ന് ഞങ്ങൾ ചിറകില്ലാത്ത മാലാഖാമാരായിരുന്നു 

ഡോ. സനു വി. ഫ്രാൻസിസ് വേങ്ങശ്ശേരി

അന്ന് കുഞ്ഞു മാലാഖാമാരായി കുഞ്ഞി ചിറകും സ്വപ്നം കണ്ടു നടന്ന ഞങ്ങൾ ഇന്ന് വളർന്നു. ചിലർ അദ്ധ്യാപകരായി, പോലീസുകാരായി, കൃഷിക്കാരായി, വൈദികരായി, ഡോക്ടർമാരായി, ശാസ്ത്രജന്മാരായി… അങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലും എത്തി! ഒരു അൾത്താരബാലൻറെ ഓർമ്മക്കുറിപ്പുകൾ… സയന്റിസ്റ്റായ  ഡോ. സനു വി. ഫ്രാൻസിസ് വേങ്ങശ്ശേരി  എഴുതുന്നു.

“നമുക്ക് കുറച്ചു അൾത്താര ബാലന്മാരെ വേണമായിരുന്നു. വിശുദ്ധ കുർബ്ബാന  അർപ്പിക്കുമ്പോൾ സഹായിക്കാനായി, അൾത്താര ബാലന്മാരാകാൻ ആരെങ്കിലും മുന്നോട്ടു വന്നിരുന്നെങ്കിൽ നന്നായിരുന്നു.” ഇത്രയും പറഞ്ഞിട്ട് വികാരിയച്ചൻ കുട്ടികളെ നോക്കി. ഞാനും പള്ളിയിൽ ഉണ്ടായിരുന്നു. വികാരിയച്ചന്റെ വാചകങ്ങൾ എന്റെ മനസിനെ കുറച്ചു വർഷങ്ങൾ പിന്നിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി…

ആദ്യ കുർബ്ബാന കൈക്കൊള്ളപ്പാടിന് ശേഷം മനസ്സിൽ കുടിയേറിയ ആഗ്രഹമായിരുന്നു ഒരു അൾത്താര ബാലൻ ആവുക എന്നത്. അത്ര എളുപ്പമായിരുന്നില്ല അത്. അന്നത്തെ കാലത്തു അൾത്താര ശുശ്രൂഷികളുടെ ഒരു ബറ്റാലിയൻ തന്നെ ഇടവകയിൽ ഉണ്ടായിരുന്നു. എല്ലാ ദിവസവും കുറഞ്ഞത് ആറു പേരെങ്കിലും ശുശ്രൂഷികളായി കുർബ്ബാനക്കു കൂടാൻ ഉണ്ടായിരുന്നു. അൾത്താര ബാലൻമാരെ തട്ടിയിട്ട് നടക്കാൻ പറ്റാത്ത അവസ്ഥ!

അൾത്താരബാലൻ ആയി കയറിയാൽ മാസത്തിൽ ഒരു തവണയെങ്കിലും വിശുദ്ധ കുർബ്ബാനക്ക് സഹായിക്കാൻ പറ്റിയേക്കും – അത്രയും അവസരമേയുള്ളൂ! പക്ഷേ, ദൈവം എന്റെ കൂടെയായിരുന്നു. ബൈബിൾ നന്നായി വായിച്ചിരുന്നതിനാലാവാം എല്ലാ ദിവസവും കുർബ്ബാനയ്ക്ക് കൂടാനുള്ള ശുശ്രൂഷികളുടെ കൂടെ എന്നെയും ചേർത്തു. അതിനു നന്ദി പറയേണ്ടത് എൻ്റെ മമ്മയോടാണ്. കാരണം, കുഞ്ഞു നാളിൽ തന്നെ പ്രാർത്ഥനകൾ നിർത്തി നിർത്തി ചൊല്ലാനും വി. ബൈബിൾ സ്പുടതയോടെ തന്നെ വായിപ്പിക്കാനും മമ്മ പരിശീലിപ്പിച്ചിരുന്നു. മരണകിടക്കയിൽ ആയിരുന്നപ്പോൾ പോലും പ്രാർത്ഥനകൾ തിടുക്കത്തിൽ ചൊല്ലി തീർക്കരുത് എന്ന് മമ്മ പറഞ്ഞിരുന്നത് ഇപ്പോൾ കണ്ണീരോടെയേ ഓർമ്മിക്കാനാവൂ.

എല്ലാ ദിവസവും പള്ളിയിൽ പോകുന്നതും വി. കുർബ്ബാനയിൽ വളരെ ഭക്തിയോടു കൂടി സഹായിക്കുന്നതും ഞങ്ങൾ അൾത്താര ബാലന്മാരായി ഉണ്ടായിരുന്നവർക്കു എല്ലാവർക്കും ഒത്തിരി സന്തോഷം തരുന്ന കാര്യമായിരുന്നു. വിശുദ്ധിയുടെ നൈർമല്യം എല്ലാവരിലും ഉണ്ടായിരുന്നു. “കുർബാനക്ക് കൂടുമ്പോൾ നിങ്ങൾ സ്വർഗ്ഗത്തിലെ മാലാഖമാർക്കു തുല്യരാണ്” എന്ന് പറഞ്ഞു തന്നത് അന്നത്തെ വികാരിയച്ചനാണ്. കുർബാനയ്ക്കു കൂടാൻ പരിശീലിപ്പിച്ച വേളയിൽ അദ്ദേഹം പറഞ്ഞ ആ വാക്കുകൾ ഞങ്ങളുടെയൊക്കെ മനസുകളിൽ എപ്പോഴും ഉണ്ടായിരുന്നു. അദൃശ്യമായ കുഞ്ഞു ചിറകുകൾ ഞങ്ങൾക്ക് ഉള്ളതായി സ്വപ്നം കാണുമായിരുന്നു അക്കാലത്ത്‌. അൾത്താര ബാലൻമാർ സ്കൂളിൽ ആയിരിക്കുമ്പോൾ പോലും മറ്റുള്ളവർക്ക് നല്ല മാതൃക ആയിരിക്കണം എന്നും വികാരിയച്ചൻ കൂടെ കൂടെ ഓർമിപ്പിക്കാറുണ്ടായിരുന്നു. അതൊക്കെ പാലിച്ചു പോരാനും ഞങ്ങൾ ശ്രദ്ധ കാണിച്ചിരുന്നു. മരിച്ചടക്ക്, ഒപ്പീസ്, വിവാഹം, മാമ്മോദീസ, വീട് കയറിക്കൂടൽ,  ഊട്ടു നേർച്ച ഇതിലൊക്കെ ഭക്ത്യാദരപൂർവ്വം ഞങ്ങൾ പങ്കുചേർന്നിരുന്നു. മരിച്ചടക്കിനു കപ്യാരോടൊപ്പം ഞങ്ങൾ അൾത്താര ബാലന്മാരും പങ്കുചേർന്നിരുന്നു. പ്രായമായ പല അമ്മച്ചിമാർക്കും ഞങ്ങളോട് വലിയ സ്നേഹം ആയിരുന്നു. ഞങ്ങളെ ഒക്കെ കാണുമ്പോൾ, ചായയും പലഹാരങ്ങളും ഒക്കെ കഴിക്കാൻ ക്ഷണിക്കും. എന്നിട്ടു പറയും, “ഞങ്ങളൊക്കെ മരിച്ചു കിടക്കുമ്പോൾ അച്ചന്റെ കൂടെ പ്രാർത്ഥന ചൊല്ലേണ്ട കൊച്ചാ” ഇതെന്ന്. സത്യത്തിൽ, അതൊക്കെ ഞങ്ങളുടെ ഉത്തരവാദിത്വങ്ങളും ആയിരുന്നു.

പള്ളിപെരുന്നാളുകൾ, മറ്റു വിശേഷ ദിവസങ്ങൾ ഇതൊക്കെ വരുമ്പോൾ ഞങ്ങളുടെ സംഘം അഹോരാത്രം പള്ളിയിൽ തന്നെ ആയിരിക്കും. കുഞ്ഞുങ്ങളായ ഞങ്ങൾ തന്നെ ആയിരുന്നു എല്ലാത്തിനും ചുക്കാൻ പിടിച്ചിരുന്നത്. ഏറ്റവും മനോഹരമായ ഒരു ഓർമ്മ ഉയിർപ്പു തിരുനാളിന്റെ തലേന്ന് ഉയിർപ്പു കല്ലറ ഒരുക്കിയതിന്റെതാണ്. കല്ലറയുടെ പണി തീർന്നപ്പോൾ ഒത്തിരി വൈകി. രാത്രിയായി. അതിനാൽ, പള്ളിയിൽ തന്നെ ഉറങ്ങാൻ കിടന്നു. സിസ്റ്റേഴ്സ് കുറച്ചു ബെഡ്ഷീറ്റ് കൊണ്ടുതന്നു. ഞങ്ങൾ എല്ലാരും അതും വിരിച്ചു അൾത്താരക്ക് താഴെ നിരന്നു കിടന്നു. ഇപ്പോഴും  ഓർക്കുമ്പോൾ മനസ്സിൽ സന്തോഷം നിറയും. ദൈവസന്നിധിയിൽ, ദൈവത്തിൻ്റെ മടിത്തട്ടിൽ കിടന്നുറങ്ങിയ ആ ഓർമ്മതന്നെ എത്ര വിശുദ്ധമാണ്.

ഇപ്പോൾ അക്കാലമൊക്കെ മാറി. ഈ കഴിഞ്ഞ ഉയിർപ്പു തിരുനാളിന് തലേന്ന് പള്ളിയിൽ പോയിരുന്നു. ഉയിർപ്പു കല്ലറ യുവജനങ്ങൾ ഭംഗിയായി ഒരുക്കികൊണ്ടിരിക്കുന്നു. ബ്ലൂ ടൂത്തു സ്‌പീക്കറിൽ വലിയ ശബ്ദത്തിൽ ഇംഗ്ലീഷ് പാട്ടുകൾ പള്ളിക്കകത്തു മുഴങ്ങുന്നു. സഭ്യമല്ലാത്ത പദപ്രയോഗങ്ങൾ ഇടക്കിടെ ഉപയോഗിക്കുന്ന ആ പാശ്ചാത്യ ഗാനത്തിന്റെ അർത്ഥം പോലും അറിയാതെയാണ് ദൈവ സന്നിധിയിൽ ഉച്ചത്തിൽ വച്ചിരിക്കുന്നത്. അവരെ കുറ്റം പറയുന്നില്ല; അറിവില്ലായ്മയാണ്. തിരുത്താൻ ഒന്ന് പറഞ്ഞു നോക്കി. അവർ കേട്ട മട്ടില്ല. അതുപോട്ടെ.

ഞങ്ങളുടെ തലമുറയിൽ പള്ളിക്കകത്തു പുൽക്കൂടും ഉയിർപ്പു കല്ലറയും തീർക്കാൻ ഞങ്ങൾക്ക് പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടി വേണ്ടായിരുന്നു. മനോഹരമായ പുൽക്കൂടും ഉയിർപ്പു കല്ലറയും തീർക്കാൻ യു ട്യൂബിൻറെയും ഇന്റർനെറ്റിന്റെയും സഹായം ആവശ്യം ഇല്ലായിരുന്നു. ഞങ്ങളുടെ കുഞ്ഞു മനസുകളിൽ വിരിയുന്ന ഭാവനകൾ കൊണ്ട് മനോഹരങ്ങളായ കലാ സൃഷ്ടികൾ തീർക്കാൻ പറ്റിയിരുന്നു. ദൈവ സന്നിധിയിൽ ആയിരുന്നപ്പോൾ ആശയ വിനിമയത്തിന് ഞങ്ങൾക്ക് ഒരു നോട്ടം അല്ലെങ്കിൽ ഒരു അംഗ വിക്ഷേപം മാത്രം മതിയായിരുന്നു. ഞങ്ങൾക്കറിയാമായിരുന്നു ഞങ്ങൾ ദൈവസന്നിധിയിൽ ആയിരുന്നു എന്ന്. അന്ന് കുഞ്ഞു മാലാഖാമാരായി കുഞ്ഞി ചിറകും സ്വപ്നം കണ്ടു നടന്ന ഞങ്ങൾ ഇന്ന് വളർന്നു. ചിലർ അദ്ധ്യാപകരായി, പോലീസുകാരായി, കൃഷിക്കാരായി, വൈദികരായി, ഡോക്ടർമാരായി, ശാസ്ത്രജന്മാരായി അങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലും എത്തി!

അതിൽ വൈദികരായ പലരും ഇപ്പോൾ കാണുമ്പോ ‘ചേട്ടായി’ എന്ന് വിളിച്ചു കുഞ്ഞിച്ചിറകുമായി ഓടി വരുന്നതു കാണാം. ഞങ്ങളുടെ ഒക്കെ ചിറകുകളും അവിടെ ഉണ്ടെന്നു പറയേണ്ടത് മറ്റുള്ളവരാണ്. കാരണം ഞങ്ങൾ പലരും ഇപ്പോൾ കുടുംബ ജീവിതത്തിന്റെ അൾത്താരയിൽ കാർമികരാണ്. സഹകാർമികർ ആയി ഭാര്യമാരുണ്ട്. അൾത്താര ശുശ്രൂഷികൾ ആയി കുഞ്ഞു മക്കൾ ഉണ്ട്. ഞങ്ങളുടെ ജീവിത ബലി വിലയിരുത്തേണ്ടത് ദൈവമാണ്. ഇന്ന് പല ഇടവകകളിലും അൾത്താര ശുശ്രൂഷികളായി കുഞ്ഞുങ്ങളെ കാണുന്നത് വളരെ വിരളമാണ്. പഠന തിരക്കാണ് പ്രധാനമായി പറയുന്ന കാരണം. മത്സരം മാത്രം നിറഞ്ഞു നിൽക്കുന്ന  ഈ കാലഘട്ടത്തിൽ ജീവിതമാകുന്ന പരീക്ഷയിൽ തോറ്റുപോകുന്നവരാണ് പുതു തലമുറ.

പ്രിയ മാതാപിതാക്കന്മാരെ, നിങ്ങളുടെ കുഞ്ഞുങ്ങളെ അൾത്താരബാലന്മാരായി പരിശീലിപ്പിക്കുവാൻ പറഞ്ഞു വിടണം. ഇപ്പോൾ അൾത്താര ബാലികമാരും ഉണ്ടല്ലോ. കുഞ്ഞിച്ചിറകുള്ള കുഞ്ഞുമാലാഖാമാർ ദൈവസന്നിധിയിൽ ആയിരിക്കട്ടെ, വിശുദ്ധ കുർബ്ബാന അർപ്പിക്കട്ടെ. വിശുദ്ധിയിൽ വളരട്ടെ. പ്രാർത്ഥനയിൽ വളരട്ടെ. അവരുടെ ഭാവനകൾക്കു ചിറകു മുളയ്ക്കട്ടെ. സംഘടനാ ശേഷി വളരട്ടെ. ദൈവഭക്തിയാണല്ലോ അറിവിന്റെ ഉറവിടം. അവർ അറിവ് നേടട്ടെ. ജീവിതത്തെക്കുറിച്ചുള്ള തുറവി നേടട്ടെ. അങ്ങനെ ജീവിതമാകുന്ന വലിയ പരീക്ഷയിൽ തോറ്റുപോകാതിരിക്കട്ടെ.

സത്യം പറഞ്ഞാൽ, കുഞ്ഞിച്ചിറകുകളുള്ള അൾത്താര ബാലകനാകാൻ ഞാനിപ്പോഴും മനസ്സിൽ കൊതിക്കാറുണ്ട്; ദൈവത്തിന്റെ സാന്നിധ്യവും പൂക്കളുടെ സൗന്ദര്യവും കുന്തുരുക്കത്തിന്റെ നറുമണവും ഉള്ള അൾത്താരയിലെ ഒരു മാലാഖയാകാൻ!

ഡോ. സനു വി. ഫ്രാൻസിസ് വേങ്ങശ്ശേരി 

9 COMMENTS

  1. വല്ലാത്ത ഒരു സന്തോഷം ഇത് വായിച്ചു കഴിഞ്ഞപ്പോള്‍… പഴയ കാലത്തെ ഓര്‍മ്മകളിലൂടെ ഒന്ന് ഓടിപ്പോയി… അള്‍ത്താര ബാലന്‍മാര്‍ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. കുറെ കഴിഞ്ഞാണ് ബാലികമാര്‍ വരുന്നത് … എങ്കിലും ഞാനും ഉണ്ടായിരുന്നു …ഗായക സംഘത്തില്‍ ആണെന്ന് മാത്രം… നന്ദി ഡോക്ടർ, മനസ്സില്‍ അതേ വിശുദ്ധിയോടെ ആ ഓര്‍മകള്‍ സൂക്ഷിക്കുന്നതിന്… അത് എല്ലാവർക്കും ആയി പങ്കു വെച്ചതിന്… ദൈവം അനുഗ്രഹിക്കട്ടെ

  2. Nicely written.. I enjoyed reading your article.. Clearly depicts the innocence of 80’s kids, and how things changed at present day

  3. പ്രിയപ്പെട്ട സനു,
    നന്നായി ബൈബിൾ വായിക്കാൻ മാത്രമല്ല, എഴുതാനും നിനക്ക് കഴിയുമെന്ന് ഇപ്പൊ മനസിലായി.
    ഒരുപാട് നല്ലകാര്യങ്ങൾ നിന്നിലുണ്ട് അതെല്ലാം ഈ സമൂഹത്തിനായി വിനയോഗിക്കുക,
    എല്ലാ നന്മകളും നേരുന്നു…

  4. വളരെ മനോഹരമായി സനുചേട്ടായി എഴുതിയിട്ടുണ്ട്. പഠനമികവിൽ ഉയരങ്ങളിൽ എത്തുമ്പോഴും ദൈവത്തെ മഹത്വപ്പെടുത്തി അങ്ങ് ജീവിതസാക്ഷ്യം നൽകുന്നതിൽ ഞങ്ങൾക്ക് ഒരുപാട് അഭിമാനമുണ്ട്…. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു….

Leave a Reply to AnonymousCancel reply