“ആ വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴും ഞങ്ങളുടെ കണ്മുൻപിൽ ഉണ്ട്” -ബെയ്റൂട്ട് സ്ഫോടനത്തിന്റെ വാർഷികത്തിൽ ഒരു വൈദികന്റെ വാക്കുകൾ

കൃത്യം 12 മാസങ്ങൾക്കു മുൻപ് ബെയ്‌റൂട്ടിനടുത്ത സ്ഥലത്ത് ഒരു ദൈവാലയത്തിൽ വിശുദ്ധ കുർബാന നടക്കുകയായിരുന്നു. പത്ത് പേർ മാത്രമുള്ള ആ വിശുദ്ധ ബലി അർപ്പിച്ചുകൊണ്ടിരുന്നത് 46 -കാരനായ ഫാ. മർവാൻ മൗവാദ് ആയിരുന്നു. പെട്ടെന്ന് പള്ളി മുഴുവനായും മുകളിലേക്ക് ഉയരുന്നതുപോലെ അദ്ദേഹത്തിന് തോന്നി. ഭൂചലനമാണെന്നോർത്ത് അദ്ദേഹം തന്റെ പ്രാർത്ഥന നിർത്തി.

സെക്കന്റുകൾ കഴിഞ്ഞപ്പോൾ ഇതുവരെ രേഖപ്പെടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ആണവ ഇതര സ്ഫോടനം നടന്നു. രാജ്യത്തെ തുറമുഖത്ത് ഉപേക്ഷിക്കപ്പെട്ട അമോണിയം നൈട്രേറ്റ് എന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ദൈവാലയം രണ്ടു കഷ്ണങ്ങളായിപ്പോയിരുന്നു. സ്ഫോടനം നടന്നതിന്റെ മൂന്നുകിലോമീറ്റർ അകലെ ആയിരുന്നു ഈ ദൈവാലയം സ്ഥിതി ചെയ്തിരുന്നത്.

“മേൽക്കൂര ഞങ്ങളുടെ മേലേക്ക് പതിക്കുമെന്നു ഞങ്ങൾക്ക് തോന്നി. അടുത്ത നിമിഷം തന്നെ ജീവിതം അവസാനിക്കും എന്ന് തോന്നിയ സമയമായിരുന്നു അത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ദൈവാലയത്തിൽ പൊതു ആരാധന ഇല്ലാതിരുന്നത് ദൈവത്തിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച വലിയ അനുഗ്രഹമായി ആ നിമിഷം തോന്നി. എന്തുകൊണ്ടോ, ഞങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു.” -ഫാ. മൗവാദ് പറയുന്നു.

സ്‌ഫോടനത്തിനു ശേഷം ദൈവാലയത്തിൽ നിന്ന് പുറത്തുകടന്ന അദ്ദേഹം കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. തകർന്നു കിടക്കുന്ന ജനാലയുടെ അവശിഷ്ടങ്ങളായിരുന്നു എവിടെയും കാണാൻ സാധിച്ചത്. ഒരു യുദ്ധമുഖത്തുകൂടി നടക്കുന്ന അവസ്ഥയിരുന്നു അപ്പോൾ. പരിക്കേറ്റവർ അപ്പോഴും തെരുവുകളിൽ കിടന്നു പിടയുന്നുണ്ടായിരുന്നു. പ്രദേശത്തെ ആശുപത്രികളെല്ലാം ജനങ്ങളെക്കൊണ്ട് വളരെ പെട്ടെന്നുതന്നെ നിറഞ്ഞു. സ്‌ഫോടനത്തിൽ 200 പേർ മരണമടഞ്ഞു. 15 ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടായി. പ്രത്യേകിച്ച് ബെയ്‌റൂട്ടിനടുത്ത് സ്ഥിതി ചെയ്തിരുന്നതൊക്കെയും ക്രൈസ്തവരുടെ ഭവനകളും സ്ഥാപനങ്ങളുമായിരുന്നു” -ഫാ. മൗവാദിന്റെ വാക്കുകൾ മുറിഞ്ഞുപോകുകയാണ്.

വലിയ നഷ്ടങ്ങൾക്കും വേദനകൾക്കുമിടയിലും ഈ പുരോഹിതൻ ദൈവം തന്നെ ഏൽപ്പിച്ച വലിയ ഉത്തരവാദിത്വങ്ങളെ ജീവിതത്തോട് ചേർത്തു പിടിക്കുകയാണ്. “സ്ഫോടനത്തിന് മുൻപ് 95 കുടുംബങ്ങളായിരുന്നു എനിക്ക് സഹായിക്കാനുണ്ടായിരുന്നത്. എന്നാൽ അതിനു ശേഷം ഇപ്പോൾ 520 കുടുംബങ്ങളെയാണ് ഞാൻ സംരക്ഷിക്കേണ്ടത്. എല്ലാ വ്യാഴാഴ്ചകളിലും സന്നദ്ധ പ്രവർത്തകർ നൽകുന്ന ഒരു നേരത്തെചൂടുള്ള ആഹാരത്തിനായി അവർ ഇവിടേയ്ക്ക് വരാറുണ്ട്. സ്‌ഫോടനത്തിനു മുൻപ് മറ്റുള്ളവരെ സഹായിക്കാൻ ചില ആളുകൾ എന്റെ അടുക്കൽ പണം തരാറുണ്ടായിരുന്നു. എന്നാൽ ഇന്ന് അവരെല്ലാം എന്തെങ്കിലും സഹായത്തിനായി എന്റെ അടുക്കൽ വന്നു കൈനീട്ടാറുണ്ട്. ‘അച്ചാ, ക്ഷമിക്കണം, ഞങ്ങൾക്ക് സഹായം ആവശ്യമുണ്ട്’ എന്ന് അവർ പറയും,” -അദ്ദേഹം വിഷമത്തോടെ പറയുന്നു.

സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ച ബെയ്‌റൂട്ടിലെ ദൈവാലയങ്ങൾ അടക്കം നിരവധി കെട്ടിടങ്ങൾ പുതുക്കി പണിതിട്ടുണ്ട്. എന്നിരുന്നാലും സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. സാഹചര്യങ്ങൾ എത്രയൊക്കെ മാറിയാലും ജനങ്ങളുടെ മനസ്സിൽ നിന്ന് ഇതൊന്നും മാഞ്ഞുപോവുകയില്ലെന്നു അവർ പറയുന്നു. ബെയ്‌റൂട്ടിലെ ജീവിക്കുന്ന രക്തസാക്ഷികളുടെ പ്രതിനിധിയായി ഫാ. മൗവാദ് പറയുന്നു: “ഓരോ തവണയും ഞങ്ങൾ ഈ ദൈവാലയത്തിലേക്ക് പ്രവേശിക്കുമ്പോഴും ഞങ്ങളുടെ മനസ്സിലേക്ക് ഈ ഓർമ്മകൾ വന്നെത്തുന്നു. ഞങ്ങൾ മരണമടഞ്ഞവരുടെ കൂടെയായിരുന്നു, എന്നാൽ ഉത്ഥാനത്തിനായി ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നു.”

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.