ആ പുണ്യകരം ചുംബിച്ച ദിനം; ക്രിസോസ്തോം തിരുമേനിയെക്കുറിച്ചുള്ള ഓര്‍മ്മ

മരിയ ജോസ്

ഉയർന്നുകേൾക്കാവുന്ന പൊട്ടിച്ചിരികളുടെ അകമ്പടിയോടെയാണ് ഞാൻ അവിടേയ്ക്ക് കടന്നുചെന്നത്. മുൻകൂട്ടി അപ്പോയിന്മെന്റ് എടുത്തിരുന്നതിനാൽ വലിയ തിരുമേനിയുടെ കൂടെയുണ്ടായിരുന്ന അച്ചൻ അറിയിച്ചു: “അൽപനേരം താമസിക്കും പിതാവിന് സന്ദർശകരുണ്ട്.” അപ്പോൾ നേരം രാവിലെ ഏഴര. ഇത്ര വെളുപ്പിനെ പിതാവിനെ കാണുവാനെത്തിയ ആളുകൾ കുറച്ചധികം ഉണ്ടെന്ന് പുറത്ത് ഊരിയിട്ട ചെരുപ്പുകളുടെ എണ്ണം വ്യക്തമാക്കിയിരുന്നു. ഇടയ്‌ക്കിടെ ഉയർന്നുകേട്ട ചിരികളും അതിരാവിലെ തന്നെ പിതാവിനെ കാണാനെത്തിയ ആളുകളും അവർക്കായി പ്രായാധിക്യത്തിന്റേതായ അവശതകൾ പോലും മാറ്റിവച്ച് തയ്യാറായിരുന്ന ആ വലിയ തിരുമേനിയും എനിക്കു മുന്നിൽ ഒരു വലിയ അത്ഭുതമായിത്തീർന്ന നിമിഷങ്ങളായിരുന്നു അത്. പകരം വയ്ക്കാനില്ലാത്ത ഒരു ജീവിതമാതൃക പകർന്നുകൊണ്ട് യാത്രയായ ക്രിസോസ്‌തോം പിതാവിനെ ആദ്യമായി അടുത്തു കണ്ട നിമിഷങ്ങൾ ഇപ്പോഴും ഓർമ്മയിലുണ്ട്.

മദർ തെരേസയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതിനോടനുബന്ധിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു വലിയ പിതാവിന്റെ പക്കലേയ്ക്ക് എത്തിയത്. മദർ തെരേസയുമായി സുഹൃദ്ബന്ധം ഉണ്ടായിരുന്ന തിരുമേനിതന്നെ മദറിന്റെ വിശുദ്ധജീവിതത്തെക്കുറിച്ച് പറയുന്നത് മനോഹരമായിരിക്കും എന്നതിനാലായിരുന്നു ആ അഭിമുഖം. പിതാവിന്റെ സരസമായ സംഭാഷണങ്ങളും മറ്റും മാധ്യമങ്ങളിലൂടെ മാത്രം കേട്ടിട്ടുള്ള എനിക്ക് അദ്ദേഹത്തെ ഒരിക്കൽപ്പോലും നേരിട്ടു കാണുമെന്ന് പ്രതീക്ഷയില്ലായിരുന്നു. അതിനാൽ തന്നെ എങ്ങനെ തുടങ്ങും എന്ന പരിഭ്രമത്തിലായിരുന്നു ഞാന്‍. എന്നെ കണ്ടപാടെ തന്നെ പിതാവ് ചോദിച്ചു: “കുട്ടി ഏതു ക്ലാസിലാ പഠിക്കുന്നേ?” പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ ഒരു ചിരിയും. നിഴല്‍ വീഴ്ത്തി നിന്ന അപരിചിതത്വത്തെ നിമിഷനേരങ്ങൾ കൊണ്ട് മായ്ച്ചുകളയുവാൻ ആ ഒരു ചെറുചോദ്യം കൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞു. ഒപ്പം തമാശകളും അറിവുകളും പങ്കുവച്ചുകൊണ്ട് ആ 99-കാരൻ സംസാരിക്കുമ്പോൾ പ്രായാധികായത്തിന്റേതായ എല്ലാ അവശതകളും മാറി ഒരു യുവത്വം കൈവരുന്നതായി കാണുവാൻ കഴിഞ്ഞു.

തന്റെ മുന്നിൽ ഇരിക്കുന്നത് ഏതു പ്രായത്തിൽപ്പെട്ട ആളാണെങ്കിലും അയാളുടെ പ്രായത്തിലേയ്ക്ക് ഇറങ്ങിവരാനുള്ള ഒരു വലിയ മാന്ത്രികവിദ്യ വലിയ തിരുമേനിക്ക് ഉണ്ടായിരുന്നു. ലാളിത്യം – അതായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഒരു കൊച്ചുകുഞ്ഞിനോടുപോലും സംവേദിക്കുവാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. വാക്കുകളിൽ എന്നതുപോലെ തന്നെ സ്വഭാവത്തിലും താൻ പറയുന്ന ആശയങ്ങൾ ഒക്കെയും കൊണ്ടുവരുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ചിലവഴിച്ച അര മണിക്കൂർ, ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വളരെ വ്യക്തമായ ഉത്തരങ്ങൾ നൽകി. സ്വരം അധികം എടുക്കുവാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെങ്കിലും ഓരോ കാര്യവും സംസാരിച്ചശേഷം വ്യക്തമായോ എന്ന് ചോദിച്ചു ഉറപ്പുവരുത്തുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. പോരുമ്പോൾ, “ഈ പറഞ്ഞതൊക്കെയും എഴുതിവരുമ്പോൾ എനിക്ക് തരുമോ” എന്ന് ചോദിച്ച പിതാവിനോട് അയച്ചുതരാം എന്ന് മറുപടി കൊടുത്തു. “ഒടുവിൽ പറ്റിക്കരുത്” എന്ന സരസമായ നിർദ്ദേശവും നൽകിയാണ് ആ വലിയ മനുഷ്യൻ എന്നെ യാത്രയാക്കിയത്.

പ്രത്യേകതകൾ ഏറെയുണ്ട് ഈ വലിയ പിതാവിന്

സാധാരണഗതിയിൽ എന്തെങ്കിലും കാര്യങ്ങൾക്കായി പിതാക്കന്മാരെയൊ നേതാക്കളെയോ മുതിർന്ന ഉദ്യോഗസ്ഥരെയോ കാണാനെത്തുമ്പോൾ കാര്യം പറഞ്ഞു, നടത്തിക്കഴിഞ്ഞാൽ തിരികെ പോരുക എന്ന രീതിയാണല്ലോ ഉള്ളത്. എന്നാൽ ക്രിസോസ്‌തോം പിതാവിനെ സംബന്ധിച്ചിടത്തോളം കാര്യം കഴിഞ്ഞാൽ അൽപം കുശലം എന്ന ഒരു രീതി കൂടെയുണ്ട്. പിതാവിന്റെ പക്കൽ അപ്പോയിൻമെൻറ് എടുത്തപ്പോൾ അര മണിക്കൂറാണ് അനുവദിച്ചു കിട്ടിയിരുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ എത്രയും വേഗം സംസാരം കഴിഞ്ഞ് ഇറങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാനും. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോൾ, തിരക്കുണ്ടോ എന്നു ചോദിച്ച ആ വലിയ മനുഷ്യൻ കുശലാന്വേഷണത്തിനും തമാശകൾ പങ്കുവയ്ക്കുന്നതിനുമായി അൽപസമയം കൂടി നീക്കിവച്ചു.

പള്ളിയിലെ ശുശ്രൂഷകൾ കഴിഞ്ഞു അൽപനേരം അവിടെ നിന്നിട്ടേ പോകാവൂ എന്ന അഭിപ്രായക്കാരനായിരുന്നു ദീർഘവീക്ഷണമുള്ള വലിയ പിതാവ്. ഇത്തരം ഒത്തുചേരലുകളുടെയും സംസാരങ്ങളുടെയും സമയങ്ങളിലാണ് ബന്ധങ്ങളും പരസ്പരമുള്ള സ്നേഹവും ഊഷ്മളമാകുന്നത് എന്ന കാഴ്ചപ്പാടുകാരനായിരുന്നു അദ്ദേഹം.

ചിരിച്ചു ചിരിപ്പിച്ചു യാത്രയായ വല്യ ഇടയൻ

നാളുകൾ കഴിഞ്ഞാലും പകരം വയ്ക്കുവാനോ മനുഷ്യമനസുകളിൽ നിന്ന് മായ്ക്കുവാനോ കഴിയാത്ത ഒരു പുഞ്ചിരി സമ്മാനിച്ചാണ് ഈ വലിയ ഇടയൻ യാത്രയാകുന്നത്. അദ്ദേഹം ചിരിച്ചു; ചിരിപ്പിച്ചു; ചിരിയിലൂടെ ചിന്തിപ്പിച്ചു. അതാണ് സത്യം. ഇടവക ദൈവാലയങ്ങളിൽ ഇരുന്ന് ഒന്ന് ചിരിക്കുന്നതുപോലും മഹാപാതകമായി കാണുന്ന ആളുകളുടെ ഇടയിൽ സ്വതസിദ്ധമായ തമാശകളിലൂടെ അജഗണത്തെ ചിരിപ്പിച്ച അദ്ദേഹം ദൈവാലയത്തിൽ ദൈവത്തിന്റെ സന്നിധിയിൽ ആയിരുന്നുകൊണ്ട് ചിരിക്കുവാൻ സാധിക്കും എന്ന വലിയ പാഠമാണ് ഒരു തലമുറയ്ക്ക് പകർന്നത്.

ചിരിപ്പിക്കുവാനായി വെറുതെ എന്തെങ്കിലും പറയുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. ആ ചിരികളൊക്കെയും ഓരോ ചിന്തകളിലേക്കുള്ള ഷോർട്ട് കട്ടുകൾ ആയിരുന്നു. തന്റെ മുന്നിലായിരിക്കുന്ന സമൂഹത്തിന്റെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചുള്ള ചിന്തയുടെ നുറുങ്ങുവെട്ടങ്ങളായിരുന്നു ആ തമാശകളൊക്കെയും.

മതേതരത്വത്തിന്റെ വക്താവ്

ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുവാൻ ക്രിസോസ്‌തോം പിതാവിനു കഴിഞ്ഞിരുന്നു എന്നതിന് തെളിവായിരുന്നു അദ്ദേഹത്തിന്റെ മുറിയിൽ പല മതസ്ഥരായ ആളുകൾ സമ്മാനിച്ച വസ്തുക്കൾ. രുദ്രാക്ഷമാലയും പലതരത്തിലുള്ള അലങ്കാരവസ്തുക്കളും ഒക്കെ അദ്ദേഹത്തിന്റെ സൗഹൃദവലയങ്ങളിലെ മതേതരത്വം വിളിച്ചോതി. ക്രിസ്ത്യാനിയെയും ഹൈന്ദവനേയും മുസ്ലീമിനെയും അദ്ദേഹം ഒരുപോലെ കണക്കാക്കി. കമ്മ്യൂണിസ്റ്റുകാർക്കൊപ്പം വേദി പങ്കിട്ടു. അദ്ദേഹത്തിന്റെ സൗഹൃദവലയത്തിൽ നരേന്ദ്ര മോദിയെയും സോണിയ ഗാന്ധിയെയും സീതാറാം യച്ചൂരിയെയും ഒക്കെ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ അനേകം വിശുദ്ധരായ വ്യക്തികളുമായി ചേർന്നുപ്രവർത്തിക്കുവാനും വേദി പങ്കിടുവാനും അദ്ദേഹത്തിനു കഴിഞ്ഞു.

സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായി ആഴമായ ബന്ധം സ്ഥാപിക്കുവാൻ ക്രിസോസ്‌തോം പിതാവിനു കഴിഞ്ഞിരുന്നു. അതിന് അദ്ദേഹത്തെ സഹായിച്ചത് ജീവിതാനുഭവങ്ങൾ തന്നെയായിരുന്നു. ആദിവാസികളുടെയും മുക്കുവരുടെയും ഇടയിൽ അദ്ദേഹം ജീവിച്ചു. റെയിൽവേ പോർട്ടറായി ജോലി ചെയ്തു. അങ്ങനെ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുമായി ആഴത്തിൽ ബന്ധപ്പെടുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ജീവകാരുണ്യ പ്രവർത്തങ്ങളിൽ പിതാവിന്റെ ഉപദേശം നെഞ്ചേറ്റിയ പിതാവ്

സുവിശേഷവൽക്കരണത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി തന്റെ കയ്യിലുണ്ടായിരുന്നതെല്ലാം മാറ്റിവച്ച വ്യക്തിയാണ് അദ്ദേഹം. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് സ്വപിതാവിന്റെ വലിയ ഒരു ഉപദേശമായിരുന്നു.

പഠനകാലത്ത് വിദ്യാഭ്യാസത്തിനുള്ള പണം കൊടുത്തിട്ട്, ദീർഘവീക്ഷണമുണ്ടായിരുന്ന ആ പിതാവ് മകനോട് പറയുമായിരുന്നു: “ഞാൻ മാസം തോറും വാങ്ങുന്നത് സുവിശേഷവേല ചെയ്യുന്നതിന്റെ പ്രതിഫലമാണ്. അതാണ് ഞാൻ നിനക്ക് ഫീസ് അടയ്ക്കാനായി നൽകുന്നത്. ഭാവിയിൽ നീ ഇത് തിരികെ നൽകണം.” ഈ വാക്കുകൾ ജീവിതത്തിലുടനീളം ക്രിസോസ്‌തോം പിതാവ് മുറുകെപ്പിടിച്ചിരുന്നു.

ലളിതമായിരുന്നു ആ ജീവിതം. അതിലേറെ സുന്ദരവും. ആരെയും വേദനിപ്പിച്ചില്ല. പകരം ചിരിപ്പിച്ചു, ചിന്തിപ്പിച്ചു. ഇന്ന് ആ ചിരി മായുമ്പോൾ ജീവിതം കൊണ്ട് അദ്ദേഹം പകർന്ന മൂല്യങ്ങളെ നമുക്ക് നെഞ്ചോട് ചേർത്തുപിടിക്കാം. കൈമോശപ്പെടുത്താതിരിക്കാം.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.