ഈവാനിയൻ പദയാത്രയുടെ വർണ്ണക്കാഴ്ചകൾ

    ഫാ. സെബാസ്റ്റ്യന്‍ ജോണ്‍

    ‘അമ്മേ, ദാ ആ വെള്ളത്താടിയുള്ള തിരുമേനിയുടെ കൈ പിടിച്ചാ ഞാൻ നടന്നത്’ – ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ കബറിങ്കലേയ്ക്കുള്ള തീർത്ഥാടന പദയാത്രയ്ക്കിടയിൽ ഒരു കുഞ്ഞ് അമ്മയോട് പറയുന്നത് കേട്ടതാണ്.

    മലങ്കര സഭാമക്കൾ ഒന്നടങ്കം പ്രാർത്ഥനാപൂർവ്വം ദൈവദാസന്‍ ഈവാനിയോസ് പിതാവിന്റെ കബറിങ്കലേയ്ക്ക്… തിരുമേനിമാരുടെ കരങ്ങൾ പിടിച്ച് പ്രാർത്ഥനാപൂർവ്വം നടക്കുന്ന കുഞ്ഞുങ്ങൾ… ശാരീരികമായ ക്ഷീണവും പ്രായത്തിന്റെ അവശതകളുമെല്ലാം അവഗണിച്ച് മറ്റ് തിരക്കുകളെല്ലാം മാറ്റിവച്ച് സഭാമക്കളോടൊപ്പം അഞ്ച് ദിനങ്ങൾ നടക്കുന്ന പിതാക്കന്മാർ, വൈദീകർ, സന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, കുഞ്ഞുങ്ങൾ, യുവതീയുവാക്കന്മാർ, കൈക്കുഞ്ഞുങ്ങളുമായി നടക്കുന്ന അമ്മമാർ, അപ്പച്ചന്മാരും അമ്മച്ചിമാരും… ഇരുപതും അതിലധികവും വർഷങ്ങളായി മുടക്കമില്ലാതെ ദിനവും അണിചേരുന്നവർ…

    മലങ്കര സുറിയാനി കത്തോലിക്കാ സഭയിലല്ലാതെ മറ്റെവിടെ കാണാൻ സാധിക്കും ഇപ്രകാരം ഒരു സ്നേഹയാത്ര… പള്ളിയുടെ മട്ടുപ്പാവിൽ നിന്ന് വിശ്വാസ സമൂഹത്തെ ആശീർവദിക്കുന്ന ഇടയന്മാർ കഴിഞ്ഞ ദിവസങ്ങളിൽ അവർക്കൊപ്പം നടന്നവർ… മലങ്കര സഭാമക്കൾ ഒരുമിച്ച് മാർ ഈവാനിയോസ് പിതാവിന്റെ കബറിങ്കലേയ്ക്ക്… ഇവിടെ കേരളത്തിലുള്ളവർ മാത്രമല്ല ദേശ-ഭാഷാ-അതിർവരമ്പുകൾ മാറ്റിവരയ്ക്കപ്പെട്ടിരിക്കുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഒരു ചെറുപതിപ്പായി മാറുന്നു പദയാത്ര…

    ദൈവനിയോഗപ്രകാരം ഇസ്രയേൽ ജനത്തെ ധീരതയോടെ നയിച്ച മോശയെപ്പോലെ മലങ്കര സഭാമക്കളെ ധീരതയോടെ നയിച്ച ഇടയൻ, മാർ ഈവാനിയോസ്. വലിയ കോളേജുകളോ സ്കൂളുകളോ ആരംഭിച്ചു എന്നതിനേക്കാളൊക്കെ അപ്പുറം മാർ തോമാശ്ലീഹായിലൂടെ മലങ്കര സഭയ്ക്ക് പകർന്നുകിട്ടിയ സുവിശേഷദർശനം അനേകർക്ക് പകർന്നുനൽകാൻ വരുംതലമുറകളെ പ്രാപ്തരാക്കി എന്നതിലാണ് മാർ ഈവാനിയോസ് പിതാവിനെ നാം തിരിച്ചറിയേണ്ടത്. മലങ്കര സഭ ഇന്നും അനുസ്യൂതം അത് തുടരുകയും ചെയ്യുന്നു.

    സങ്കടങ്ങളുടെ മാറാപ്പുകളുമായി പദയാത്രയിൽ അണയുന്നവർ, സന്താനസൗഭാഗ്യമില്ലാതെ നൊമ്പരപ്പെടുന്നവർ, കഠിനരോഗങ്ങളുമായി ക്ലേശിക്കുന്നവർ, ജീവിതഭാരത്താൽ ഞെരുക്കപ്പെടുന്നവർ… പദയാത്ര ഓരോരുത്തർക്കും ആത്മീയതയുടെ പുത്തനുണർവ്വുകൾ സമ്മാനിക്കുന്നു.

    ഇത്തവണ ഈവാനിയൻ പദയാത്രയിൽ ഇത്തിരി സങ്കടവുമായാണ് കടന്നുവന്നത്. പ്രീയപ്പെട്ടവരെന്ന് കരുതി സ്നേഹിച്ചവരിൽ, കൂടെ നിന്ന് വളർത്തിയവരിൽ നിന്നുള്ള ആക്ഷേപങ്ങൾ, സൈബറിടങ്ങളിലെ ഒളിപ്പോരുകൾ, ചതുരംഗക്കളിയിൽ കാലാളായി വെട്ടിമാറ്റപ്പെടുന്നതിന്റെ വേദന, ബോധപൂർവ്വമായ ഒരു ചുവടുമാറ്റം. ചോദ്യങ്ങൾക്ക്, പ്രശ്നങ്ങൾക്ക് ദൈവം വിവിധ രൂപത്തിൽ/ ഭാവത്തിൽ ഉത്തരം നൽകി. സങ്കടങ്ങൾ പെയ്തിറങ്ങിയ രാവിൽ ദൈവമേ, കൂട്ടിരുന്നതിനും കൂടെയായിരുന്നതിനും…

    പദയാത്രയെ ആശീർവദിച്ച് പെരുനാട് പള്ളിയിൽ, സഭയുടെ തലവനും പിതാവുമായ ബാവ തിരുമേനിയുടെ അനുഗ്രഹീതവചസ്സുകളിലെ ഓരോ വാക്കുകളും എന്നോടു മാത്രമായി സ്വർഗ്ഗം സംസാരിക്കുന്നതായി തോന്നി. എം.സി.വൈ.എം പ്രസ്ഥാനത്തെക്കുറിച്ചും പദയാത്രയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും അനേകർ നൽകിയ പ്രചോദനാത്മക വാക്കുകൾ…

    പദയാത്രയുടെ പൂർവ്വസൂരികളെ നിങ്ങൾക്കു പ്രണാമം. നിങ്ങൾ പോലും അറിയാതെ നിങ്ങൾ നൽകിയ താങ്ങലിന്… അനേകരിലൂടെ സംസാരിച്ച ദൈവമേ നിനക്കു നന്ദി… മാർ ഈവാനിയോസ് പിതാവ് യാത്ര ചെയ്ത വഴികളിലൂടെ ദീർഘമായ അഞ്ച് നാളുകൾ… എല്ലാറ്റിനുമൊടുവിൽ കബറിലെത്തി പ്രാർത്ഥിച്ച് മെഴുകുതിരി പ്രദിക്ഷണത്തിലും തൊട്ടടുത്ത ദിനത്തിലെ വിശുദ്ധ കുർബ്ബാനയിൽ സഹകാർമ്മികനായി നൂറുകണക്കിന് സഹോദര വൈദീകർക്കൊപ്പം പങ്കുചേർന്നപ്പോൾ എല്ലാം അലിഞ്ഞുപോയതു പോലെ….

    അത് എന്നും അങ്ങനെയായിരുന്നു… ഇതിലും വലിയ എത്രയോ സങ്കടങ്ങളുടെ വേളയിൽ കബറിങ്കൽ വന്ന് പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിച്ചിരിക്കുന്നു… അടുത്ത ഓർമ്മപെരുന്നാളിനു മുമ്പ് അതെല്ലാം സ്വർഗ്ഗം ഒപ്പിയെടുത്തിരിക്കുന്നു…

    ഏവർക്കും നന്മ

    ഫാ. സെബാസ്റ്റ്യന്‍ ജോൺ, കിഴക്കേതിൽ