ആശ്വാസപുത്രനായ ബർണബാസ് തിരുമേനി

ഫാ. സെബാസ്റ്റ്യന്‍ ജോണ്‍

വിശുദ്ധ ബൈബിളിലെ അപ്പസ്തോല പ്രവർത്തനങ്ങളിൽ ആദിമസഭയിലെ ധീരനായ മിഷനറി ബർണബാസിനെ നാം കണ്ടുമുട്ടുന്നു. തന്റെ നാമഹേതുക വിശുദ്ധനെപ്പോലെ സുവിശേഷ തീക്ഷ്ണതയാൽ എരിയുന്ന ധീരനായ മിഷനറിയായിരുന്നു ജേക്കബ് മാർ ബർണബാസ് പിതാവ്.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മിഷനറി ചരിത്രത്തെ തനിക്ക് മുമ്പെന്നും തനിക്ക് ശേഷമെന്നും രണ്ടായി പകുത്ത വ്യക്തിത്വത്തിനുടമയാണ് തിരുമേനി. 1930 -ൽ ആരംഭിച്ച മലങ്കര പുനരൈക്യ പ്രസ്ഥാനം പുനരൈക്യ പരിശ്രമങ്ങളോടൊപ്പം സുവിശേഷപ്രഘോഷണത്തിനും മിഷൻ പ്രവർത്തനങ്ങൾക്കും ഒരേപോലെ പ്രാധാന്യം കൊടുത്തിരുന്നതിനാൽ നിരവധി ആളുകൾ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലൂടെ ക്രിസ്തുസ്നേഹത്തിൽ പങ്കുകാരായി. ആദ്യകാലങ്ങളിൽ കേരളത്തിലും (1930 കാലങ്ങളിൽ കന്യാകുമാരി തിരുവതാംകൂറിന്റെ ഭാഗമായിരുന്നല്ലോ) പിന്നീട് ജോലി തേടി കേരളം വിട്ടു പുറത്തേക്കു പോയ മലയാളികളുടെ ഇടയിലും മാത്രം പ്രവർത്തിച്ചിരുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ അതിരുകളില്ലാത്ത വിശാലമായ സുവിശേഷപ്രഘോഷണത്തിന് തുടക്കം കുറിച്ചത് ബർണബാസ് പിതാവാണ്.

2007 മാർച്ച് 10 -ന് മലങ്കര സുറിയാനി കത്തോലിക്കാ അജപാലന പ്രദേശപരിധിക്കു പുറത്തുള്ളവരുടെ അപ്പസ്തോലിക് വിസിറ്റർ ആയി ബഥനി ആശ്രമത്തിന്റെ നവജ്യോതി പ്രൊവിൻസിന്റെ പ്രഥമ പ്രൊവിൻഷ്യലായിരുന്ന ഫാ. ചാക്കോ ഏറത്ത് നിയോഗിക്കപ്പെട്ടപ്പോൾ അത് സഭയുടെ സുവിശേഷപ്രഘോഷണത്തിന്റെ പുതുയുഗത്തിന് നാന്ദി കുറിക്കുകയായിരുന്നു. അതിന് മകുടം ചൂടിയെന്നോണം ഇന്ത്യയിലെ ഏറ്റവും വിശാലമായ (വടക്കേ ഇന്ത്യയിലെ 22 സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന) ഗുഡ്ഗാവ് സെന്റ് ജോൺ ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പ്രഥമ ഇടയനായി അദ്ദേഹം 2015 മാർച്ച് 26 -ന് നിയോഗിക്കപ്പെട്ടത്. ഒറിയ, പഞ്ചാബി, ഹിന്ദി, കൊക്ബ്രോക് തുടങ്ങി നിരവധി ഭാഷകളിലേക്ക് മലങ്കര ആരാധനാക്രമം പരിഭാഷപ്പെടുത്തുവാനും തദ്ദേശിയരായ നിരവധി ആളുകൾക്ക് ക്രിസ്തുസുവിശേഷം പകർന്നു നൽകാനും പിതാവ് പരിശ്രമിച്ചു.

ബർണബാസ് എന്ന പേരിന് അർത്ഥം ‘ആശ്വാസപുത്രൻ’ എന്നാണ്. പേരിനെ അന്വർത്ഥമാക്കുംവണ്ണം ദുരിതത്തിലും വേദനയിലുമായിരിക്കുന്ന അനേകർക്ക് ആശ്വാസം നൽകുവാൻ പിതാവിന് സാധിച്ചു. 2020 -ൽ കൊറോണയുടെ ആദ്യനാളുകളിൽ ഡൽഹിയുടെ തെരുവുകളിലായിപ്പോയ അനേകർക്ക് ഭക്ഷണം നൽകാൻ പിതാവ് മുന്നിട്ടിറങ്ങിയതിന് പൊതുസമൂഹം ഒന്നാകെ സാക്ഷിയായതും പ്രവർത്തനങ്ങളിൽ പങ്കാളികളായതുമാണ്. മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ സുവിശേഷസംഘം രൂപീകൃതമായതു മുതൽ അതിന്റെ സഭാതല ചെയർമാനായിരുന്ന പിതാവ് സ്വജീവിതാനുഭവം പകർന്നു നൽകി നൂറുകണക്കിനാളുകളെ നവസുവിശേഷ ചൈതന്യത്തിലേക്ക് നയിച്ചു.

പിതാവിനെക്കുറിച്ച് ഒരിക്കൽ കേട്ട വാക്കുകൾ മലങ്കര സഭാംഗം എന്ന നിലയിൽ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ഉച്ചകോടിയിലെത്തിയ നിമിഷങ്ങളായിരുന്നു. യുവജനപ്രസ്ഥാനത്തിന്റെ ഡയറക്ടർ എന്ന നിലയിൽ 2019 -ൽ റോമിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. പൗരസ്ത്യ തിരുസംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലിയോനാർഡോ സാൻഡ്രി തിരുമേനിയും ഇന്ത്യയുടെ അപ്പസ്തോലിക് ന്യുൺഷോ ജാൻബാറ്റിസ്റ്റ ദിക്വാത്രോ പിതാവും ഒക്കെ പങ്കെടുത്ത ആ മീറ്റിംഗിൽ അപ്പസ്തോലിക് ന്യുൺഷോ, ബർണബാസ് പിതാവിനെക്കുറിച്ചും പിതാവിന്റെ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നതു കേട്ടപ്പോൾ ശരിക്കും അത്ഭുതസ്തബ്ധനായി. ആഗോള കത്തോലിക്കാ സഭയിലെ ഒരു മീറ്റിംഗിൽ പോലും പ്രതിപാദിക്കപ്പെടാൻ തക്കവിധം കരുത്തുറ്റ ധീരനായ ഒരു മിഷനറിയായിരുന്നു നമ്മുടെ പിതാവ്.

സണ്ടേ സ്കൂൾ കുഞ്ഞുങ്ങൾക്കൊപ്പം ഡാൻസ് കളിക്കുന്ന പിതാവിന്റെ ഒരു വീഡിയോ 2019 നവംബറിൽ ഞാൻ പോസ്റ്റ് ചെയ്തത് ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് കണ്ടപ്പോൾ അച്ചനെന്നെ വൈറലാക്കിയല്ലോ എന്നുപറഞ്ഞ് സന്തോഷത്തോടെ അതിനോടും പിതാവ് പ്രതികരിച്ചു.

കോവിഡ് രോഗബാധയെ തുടർന്ന് കഴിഞ്ഞ നാലു മാസമായി ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന പിതാവ് 2021 ആഗസ്റ്റ് 26 വ്യാഴാഴ്ച്ച ഉച്ചക്ക് 12.50 -ന് സ്വർഗ്ഗീയസമ്മാനത്തിനായി യാത്രയായി. ഭാരതമെങ്ങും സുവിശേഷം പ്രഘോഷിക്കാനുള്ള അധികാരത്തോടെ 2015 മെയ് 1 -ന് ഡൽഹി നെബ്സറായ് സെന്റ് മേരീസ് കത്തീഡ്രലിൽ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയനായി സ്ഥാനാരോഹണം ചെയ്ത പിതാവ്, 2021 ആഗസ്റ്റ് 28 ശനിയാഴ്ച്ച അതേ കത്തീഡ്രലിൽ തന്നെ അന്ത്യവിശ്രമം കൊള്ളുമ്പോൾ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യങ്ങൾക്കായി സ്വർഗ്ഗത്തിലിരുന്ന് പ്രാർത്ഥിക്കാൻ ആടുകളുടെ ചൂടും ചൂരും അറിഞ്ഞ ഒരു ഇടയനെ ലഭിച്ചിരിക്കുന്നു.

സ്നേഹത്തോടെ,

ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.