അടുക്കളച്ചൂടിൽ ഉരുകുന്നവർ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരിക്കലും മറക്കാനാവാത്ത അനുഭവമാണത്. ഒരു ഹോട്ടലിൽ ഭക്ഷണത്തിനു പോയതായിരുന്നു. രുചികരമായ ഭക്ഷണമാണ് വിളമ്പിയത്. പണം അടയ്ക്കുന്ന സമയത്ത് ഞാന്‍ ഇക്കാര്യം ഹോട്ടല്‍ ഉടമയോട് സൂചിപ്പിച്ചു. എനിക്ക് നന്ദി പറഞ്ഞശേഷം അദ്ദേഹം അപേക്ഷിച്ചു: “വിരോധമില്ലെങ്കിൽ ഇക്കാര്യം ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നവരോട് പറയാമോ? അവർക്ക് വലിയ സന്തോഷമാകും. സത്യത്തിൽ ഭക്ഷണം നന്നായതിന്റെ ക്രെഡിറ്റ് അവർക്കുള്ളതാണ്.”

മാനേജർ പറഞ്ഞതനുസരിച്ച് മദ്ധ്യവയസ്കരായ സ്ത്രീയും പുരുഷനും മുമ്പിൽ വന്നു. അവരുടെ മുഖത്തേയ്ക്ക് നോക്കി ഞാൻ പറഞ്ഞു: “ഭക്ഷണം വളരെ നന്നായിരിക്കുന്നു! നിങ്ങളോടിത് നേരിട്ട് പറയണമെന്ന് മാനേജരുടെ ആഗ്രഹമായിരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!”

വലിയ ചാരിതാർത്ഥ്യത്തോടെ അവർ പറഞ്ഞു: “ഞങ്ങളുടെ മാനേജർ വളരെ നല്ലവനാണ്. അല്ലെങ്കിൽ ഞങ്ങളെ ഇങ്ങോട്ട് വിളിപ്പിക്കേണ്ട കാര്യമില്ലായിരുന്നല്ലോ?”

മിഴികൾ തുടച്ചുകൊണ്ട് അടുക്കളയിലെ ചൂടിലേയ്ക്ക് അവർ നടന്നുനീങ്ങുന്ന രംഗം ഇപ്പോഴും മനസിൽ നിറഞ്ഞുനിൽക്കുന്നു.

പിന്നീട് മാനേജർ പറഞ്ഞത് ഇങ്ങനെയാണ്: “അവർ ഭാര്യയും ഭർത്താവുമാണ്. അവരുടെ അദ്ധ്വാനമാണ് ഈ ഹോട്ടലിന്റെ വിജയം. പണം വാങ്ങിക്കുന്ന പണി അത്യാവശ്യം കണക്കറിയുന്ന ആർക്കും ചെയ്യാം. എന്നാൽ അങ്ങനെയല്ല പാചകം. അതിന് ആത്മാർത്ഥതയും ക്ഷമയും കഠിനാദ്ധ്വാനവും വേണം.”

മടക്കയാത്രയിൽ ഞാൻ ചിന്തിച്ചത് നമ്മുടെ അമ്മമാരെക്കുറിച്ചാണ്. ജീവിതത്തിന്റെ മുക്കാൽ ഭാഗവും അടുക്കളയിലാണ് അവർ ചിലവഴിക്കുന്നത്. പുറത്ത് ജോലിക്കു പോകുന്ന അമ്മമാരാണെങ്കിൽ എത്ര നേരത്തെയാണ് അവർ എഴുന്നേൽക്കുന്നത്! ജോലി കഴിഞ്ഞ് തിരിച്ചുവന്നാലോ? വീണ്ടും അടുക്കളയും മക്കളും.. ഇന്നും അങ്ങനെ ഒരു സ്ത്രീയെ കണ്ടതേയുള്ളൂ. അവര്‍ക്കുവേണ്ടി സംസാരിച്ചത് അവരുടെ കൂടെ വന്ന ഭർത്താവായിരുന്നു.

“അച്ചാ, ഞങ്ങൾ രണ്ടു പേരും ജോലിക്കു പോകുന്നവരാണ്. മക്കളുടെ കാര്യം, വൃദ്ധരായ മാതാപിതാക്കളുടെ കാര്യം എല്ലാം നോക്കണം. ഇതിനിടയിൽ എന്റെ അമ്മാമ്മ വയ്യാതെ കിടപ്പിലായി. 98 വയസുണ്ട്. ഇവൾ ചെന്നിട്ടു വേണം കുളിപ്പിക്കാനും കാര്യങ്ങൾ ചെയ്യാനും. പരാതിയൊന്നുമില്ലച്ചാ. അച്ചൻ ചോദിച്ചില്ലേ ഇവൾ എന്താണ് ക്ഷീണിച്ചിരിക്കുന്നതെന്ന്. അതുകൊണ്ട് പറഞ്ഞതാണ്. അച്ചൻ പ്രാർത്ഥിക്കണേ.”

എത്രയെത്ര നന്മമുഖങ്ങളാണ് നമുക്കു ചുറ്റുമുള്ളത്? അവയിൽ നാം കാണാതെ പോകുന്നവരും കണ്ടിട്ടും ഒരു നല്ല വാക്ക് പറയാത്തവരും ധാരാളമില്ലേ?

യോഹന്നാനെ ക്രിസ്തുവായി കണ്ടവരുടെ നടുവിലേയ്ക്കാണ് യഥാർത്ഥ ക്രിസ്തു നടന്നടുക്കുന്നത്. അവനെ നോക്കി സ്നാപകൻ വിളിച്ചുപറയുന്നു: “ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്‌. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത്‌ ഇവനെപ്പറ്റിയാണ്‌. കാരണം, എനിക്കു മുമ്പുതന്നെ ഇവനുണ്ടായിരുന്നു” (യോഹ. 1:29-30).

നമ്മുടെ ഭവനങ്ങളിലും ജോലിസ്ഥലത്തും യാത്രകളിലുമെല്ലാം നന്മകൾ കാണാനും അഭിനന്ദിക്കാനും ശ്രമിക്കുമ്പോൾ നമ്മിലും അവരിലുമുള്ള യഥാർത്ഥ ക്രിസ്തു ലോകത്തിന് വെളിപ്പെടും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.