കുരുന്നുകളെ മിന്നും താരങ്ങളാക്കി മേലൂര്‍- നടുത്തുരുത്ത് ഇടവകയുടെ  ക്രിസ്തുമസ് ഒരുക്കം

‘കുട്ടികളായ നമ്മുടെ മനസിലെ സങ്കടം തുടച്ചു നീക്കിയ ഉണ്ണിയീശോയുടെ ജനനത്തിനായി ഒരുങ്ങുന്ന ഈശോയ്ക്ക് നല്‍കാവുന്ന സമ്മാനം നന്മ നിറഞ്ഞ നമ്മുടെ ജീവിതമാണ്’. സന്ദേശം പങ്കുവയ്ക്കുന്നത് ആല്‍ഫി എന്ന കുട്ടിയാണ്. മേലൂര്‍- നടുത്തുരുത്ത് സെന്റ് ആന്റണീസ് ഇടവകയുടെ വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ഒരുക്കത്തിന്റെ ഭാഗമായാണ് ആല്‍ഫിയും കുറച്ചു കൂട്ടുകാരും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.

വ്യത്യസ്ത ക്രിസ്തുമസ് ഒരുക്കമോ? എന്നാണെങ്കില്‍ അതെ. ഇത് വ്യത്യസ്തമായ ഒരു ഒരുക്കമാണ്. ഇവിടെ ക്രിസ്തുമസ് സന്ദേശങ്ങള്‍ പങ്കു വയ്ക്കുന്നത് കുരുന്നു കുട്ടികളാണ്. ഇടവകയുടെ സ്വന്തം താരങ്ങള്‍. ഈ താരങ്ങള്‍ക്കു പിന്നില്‍ എല്ലാ വിധ പിന്തുണയുമായി സജോ പടയാറ്റില്‍ എന്ന വൈദികനും. ക്രിസ്തുമസ് വരുവല്ലേ ഈ തവണ എങ്ങനെ കുട്ടികളെ വ്യത്യസ്തമായി ഈശോയുടെ ജനനത്തിനായി ഒരുക്കാം എന്ന ചോദ്യമാണ് മിന്നും താരങ്ങള്‍ എന്ന പരിപടിയിലേയ്ക്ക് അച്ചനെ കൊണ്ടെത്തിച്ചത്.

കുട്ടികളുടെ വിശ്വാസസംബന്ധമായ പരിപാടികള്‍ മറ്റുള്ളവരിലേയ്ക്ക് പകരുവാന്‍ ഇടവകയ്ക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ ഉണ്ട്. ജീസസ് ബീറ്റ്‌സ്. ആ സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള ആലോചനയിലാണ് കുട്ടികളെ കൊണ്ട് തന്നെ ക്രിസ്തുമസ് സന്ദേശങ്ങള്‍ പങ്കുവെയ്പ്പിച്ചാലോ എന്ന ആശയം ഉദിക്കുന്നത്. അച്ചന്‍ യുവജനങ്ങളോട് ഈ ആശയം പങ്കുവെച്ചപ്പഴേ അവര്‍ ക്യാമറയും മറ്റും എടുത്തു റെഡിയായി. ഇനി മതാധ്യാപകരുടെ പക്കല്‍ സംസാരിക്കണം. അവര്‍ എതിര് പറയില്ലാ എന്ന് അച്ചനു നൂറു ശതമാനം ഉറപ്പായിരുന്നു. കാരണം ഒരോ തവണയും പരിപാടികള്‍ നടത്തുന്നതിനു പിന്നില്‍ പൂര്‍ണ്ണ പിന്തുണയുമായി നിന്നത് മതാധ്യാപകരായിരുന്നു. അവര്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. ചെയ്യാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞു. അങ്ങനെ അവര്‍ മിന്നും താരങ്ങള്‍ എന്ന പരിപാടി ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

അവതാരകര്‍ കുട്ടികളാണല്ലോ. അതിനാല്‍ ക്രിസ്തുമസ് സന്ദേശം അവതരിപ്പിക്കുവാന്‍ താല്‍പ്പര്യം ഉള്ള കുട്ടികളെ വിളിച്ചു കൂട്ടി. അവരില്‍ നിന്നും പരിശീലനം നല്‍കി കുട്ടികളെ തിരഞ്ഞെടുത്തു. ഒടുവില്‍ അവരെ ക്യാമറയ്ക്ക് മുന്നില്‍ എത്തിച്ചു. കുഞ്ഞു കുട്ടികള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ വരെയുണ്ട് അവരില്‍. തെറ്റുകള്‍ വരുമ്പോള്‍ അവയൊക്കെ ക്ഷമാപൂര്‍വ്വം തിരുത്തി അധ്യാപകരും അവര്‍ക്കൊപ്പം നിന്നു. അങ്ങനെ മിന്നും താരങ്ങള്‍ തയ്യാറായി.

ക്രിസ്തുമസിന് ഒരുക്കമായുള്ള ചെറിയ ചെറിയ സന്ദേശങ്ങള്‍ കുട്ടികള്‍ പങ്കുവയ്ക്കുകയാണ് മിന്നും താരങ്ങളിലൂടെ. 25 ദിവസം നന്മയുടെ പുതിയ ആശയങ്ങളുമായി എത്തുകയാണ് ഈ മിന്നും താരങ്ങള്‍. പരിപാടി വിജയകരമായി മുന്നോട്ടു പോകുമ്പോഴും അച്ചന് ഒരു ആഗ്രഹമേ ഉള്ളൂ ‘ഇതു കുട്ടികളുടെ കഴിവ് തെളിയിക്കുവാന്‍ മാത്രമുള്ള ഒരു പരിപാടിയായി കരുതരുത്. ഇവരുടെ ഈ നിഷ്‌കളങ്കമായ സന്ദേശം കേട്ട് ആര്‍ക്കെങ്കിലുമൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ഇടയായാലോ…’ അതിനു വേണ്ടിയുള്ള ഒരു എളിയ ശ്രമമാണ് ഈ മിന്നും താരങ്ങള്‍.

എന്തായാലും സജോ അച്ചന്റെ നേതൃത്വത്തില്‍ കുട്ടികളിലൂടെ ഇവര്‍ ഒരുക്കുന്ന ഈ പരിപാടി അനേകരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.