മെല്‍ബണ്‍ രൂപതയുടെ അധികാരപരിധി ഓഷ്യാനിയ മുഴുവനിലേയ്ക്കും വ്യാപിച്ചു

സീറോ മലബാര്‍ സഭയിലെ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേയ്ക്കും വ്യാപിപ്പിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവായി. 2021 മാര്‍ച്ച് 21-ന് പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്റ്റ് കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പയുടെ തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക ഡിക്രി അന്നേദിവസം തന്നെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയം പുറപ്പെടുവിക്കുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ചുള്ള അറിയിപ്പ് സീറോ മലാബാര്‍ സഭയുടെ ആസ്ഥാന കാര്യാലയത്തിലും മെല്‍ബണ്‍ രൂപതാകേന്ദ്രത്തിലും ലഭിച്ചു.

ആസ്‌ട്രേലിയായിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി 2013 ഡിസംബര്‍ 23-നാണ് മെല്‍ബണ്‍ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. സീറോ മലബാര്‍ സഭയുടെ അന്നത്തെ കൂരിയാ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിനെ പുതിയ രൂപതയുടെ പ്രഥമ മെത്രാനായി പരിശുദ്ധ സിംഹാസനം നിയമിക്കുകയും ചെയ്തു. സമീപരാജ്യമായ ന്യൂസിലാണ്ടിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ എന്ന നിലയിലും മാര്‍ ബോസ്‌കോ പുത്തൂര്‍ സേവനം ചെയ്തുവരികയായിരുന്നു.

ഓഷ്യാനിയന്‍ രാജ്യങ്ങളിലെ മുഴുവന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കും തനതായ അജപാലന സംവിധാനമുണ്ടാകണമെന്ന് സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡ് പരിശുദ്ധ സിംഹാസനത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. സിനഡിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചും ഓഷ്യാനിയന്‍ രാജ്യങ്ങളിലെ ബന്ധപ്പെട്ട ബിഷപ്‌സ് കോണ്‍ഫറന്‍സുകളുടെ അഭിപ്രായം കണക്കിലെടുത്തുമാണ് മെല്‍ബണ്‍ രൂപതയുടെ അതിര്‍ത്തി വിപുലീകരിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം കല്‍പന പുറപ്പെടുവിച്ചിരിക്കുന്നത്.

മെല്‍ബണ്‍ രൂപതയുടെ അതിര്‍ത്തി വിപുലീകരണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംതൃപ്തി പ്രകടിപ്പിച്ചു. ആസ്‌ട്രേലിയായില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേയ്ക്കും വ്യാപിപ്പിച്ചത് മെല്‍ബണ്‍ രൂപതയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നു കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. പരിശുദ്ധ പിതാവിനോടും പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയോടും അദ്ദേഹം സീറോ മലബാര്‍ സഭയുടെ കൃതജ്ഞത അറിയിച്ചു.

മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിനെ ഫോണില്‍ വിളിച്ചു സന്തോഷമറിയിച്ച മേജര്‍ ആര്‍ച്ച്ബിഷപ് അതിര്‍ത്തി വിപുലീകരണം വഴി പരിശുദ്ധ സിംഹാസനം ഏല്‍പിച്ച വര്‍ദ്ധിച്ച ഉത്തരവാദിത്വം ഫലപ്രദമായി നിര്‍വഹിക്കുവാന്‍ മെല്‍ബണ്‍ രൂപതയ്ക്കു സാധിക്കട്ടെയെന്നും ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.