പാവങ്ങളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് സാധ്യമാകുന്നത്: പാപ്പാ

പാവങ്ങളുമായുള്ള കൂടിക്കാഴ്ച ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ ഒരു സാധ്യതയാണ് എന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. സമൂഹികനീതിക്കും പരിസ്ഥിതി സംരക്ഷണത്തിനുമായുള്ള ഈശോസഭാംഗങ്ങളുടെ രാജ്യാന്തര സംഗമത്തിൽ പങ്കെടുത്തവരോടാണ് പാപ്പാ ഈ കാര്യം സൂചിപ്പിച്ചത്.

ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറ്റവും സമുചിതമായ സ്ഥാനമായി പാവങ്ങളുടെ സാന്നിധ്യത്തെ കാണാൻ കഴിയണം. പാവങ്ങളെയും അവരുടെ സാന്നിധ്യത്തെയും തിരിച്ചറിയുക എന്നത് ക്രിസ്തുവിനെ അനുകരിക്കുന്ന ഒരോരുത്തരുടെയും ജീവിതത്തില്‍ ഏറെ വിലപ്പെട്ട സമ്മാനമാണ്. വിവിധങ്ങളായ സാമൂഹ്യ സാഹചര്യങ്ങളില്‍ ഇരകളാക്കപ്പെട്ടവരിലും, ദാരിദ്ര്യം അനുഭവിക്കുന്നവരിലും ക്രിസ്തുവിനെ ദര്‍ശിക്കുവാനുള്ള അമൂല്യമായ സമ്മാനം തന്നെയാണ് നാം സ്വീകരിക്കുന്നത്. ക്രിസ്തുവിന് പ്രിയപ്പെട്ടവരായ പാവങ്ങളുടെ മധ്യേയുള്ള സാന്നിധ്യം അജപാലകരുടെ വിശ്വാസത്തിന്‍റെ പ്രതിഫലനമായിരിക്കും. വി. ഇഗ്നേഷ്യസിന്‍റെ ജീവിതത്തെ ആഴപ്പെടുത്തിയതും ബലപ്പെടുത്തിയതും പാവങ്ങളോടുള്ള സാമീപ്യവും അനുഭവവുമാണ് – പാപ്പാ ചൂണ്ടിക്കാട്ടി.

ക്രൈസ്തവരുടെ വിശിഷ്യാ, അജപാലകരുടെ വിശ്വാസം കൂടുതല്‍ സ്നേഹമുള്ളതും കരുണയുള്ളതും, സുവിശേഷാത്മകവും ലാളിത്യമാര്‍ന്നതുമാകേണ്ടത് പാവങ്ങളുടെ ശുശ്രൂഷയിലൂടെയായിരിക്കണം. പാവങ്ങളുടെ യാതനകളെയും വേദനകളെയും കുറിച്ചുള്ള പ്രശാന്തമായ ധ്യാനം നമ്മെ വ്യക്തിപരമായും യഥാര്‍ത്ഥമായും രൂപാന്തരപ്പെടുത്തും. രൂപാന്തരപ്പെടല്‍ മാനസാന്തരമാണ്. അത് ക്രൂശിതനായ ക്രിസ്തുവിന്‍റെ വദനത്തിന്‍റെ ദര്‍ശനസാന്നിധ്യവുമാണ്. പാവങ്ങളുടെ കൂടെ ആയിരുന്നുകൊണ്ട് നമുക്കു ക്രൂശിതന്‍റെ ചാരത്തായിരിക്കാം – പാപ്പാ കൂട്ടിച്ചേർത്തു.