മാർപാപ്പയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ചുളള പുസ്തകം പ്രകാശനം ചെയ്തു

ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ചുളള പ്രത്യേക പുസ്തകം പുറത്തിറങ്ങി. ‘മീറ്റ് പോപ്പ് ഫ്രാൻസിസ് ഇൻ ദി യുഎഇ’ എന്നു പേരു നല്‍കിയിരിക്കുന്ന പുസ്തകം ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് പോൾ ഹിൻഡറാണ് പ്രകാശനം ചെയ്തത്.

ഫ്രാൻസിസ് പാപ്പയുടെ വരവിനായി കാത്തിരിക്കുന്ന കുട്ടികളെ പ്രധാനമായും ലക്ഷ്യം വച്ചുള്ളതാണ് പുതിയ പുസ്തകം. പാപ്പയെ കാണാനും, ഫെബ്രുവരി അഞ്ചാം തീയതി സൈദ് സ്പോർട്സ് സിറ്റിയിൽ പാപ്പ അർപ്പിക്കുന്ന വിശുദ്ധ ബലിയിൽ പങ്കെടുക്കാനുമായി ആകാംക്ഷയോടെയാണ് കുട്ടികൾ കാത്തിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും അറേബ്യയിലെ സഭയ്ക്ക് ഇതു നല്‍കാന്‍ പോകുന്ന ആത്മീയ അനുഗ്രഹങ്ങളെ പറ്റിയും അധ്യാപകർ കുട്ടികളോട് വിശദീകരിക്കും. വേദപാഠ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പുസ്തകം സൗജന്യമായാണ് നല്‍കുക.

പുസ്തകത്തിന്റെ അമ്പതിനായിരത്തോളം കോപ്പികളാണ് അച്ചടിക്കപ്പെട്ടത്. ഫെബ്രുവരി 3 മുതൽ 5 വരെയാണ് അറേബ്യന്‍ മണ്ണിലെ ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനം നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.