ദൈവദാസന്മാരായ മൂന്നു പേർ വിശുദ്ധ പദവിയിലേക്ക്

മൂന്ന് ദൈവദാസന്മാരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. യുഎസ് കത്തോലിക്കാ ബിഷപ്പുമാർ, ദൈവദാസന്മാരായ ചാർലിൻ മേരി റിച്ചാർഡ്, അഗസ്റ്റെ റോബർട്ട് പെലാഫിഗ്, ജോസഫ് ഇറ ഡട്ടൺ എന്നിവരെ വാഴ്ത്തപ്പെട്ടവരാക്കുന്നതിന്റെ പ്രാരംഭഘട്ടം പൂർത്തിയാക്കിയതായി അറിയിച്ചു.

ദൈവദാസൻ ചാർലിൻ മേരി റിച്ചാർഡ് 

1947 ജനുവരി 13 -ന് ജനിച്ച റിച്ചാർഡ്, റിച്ചാർഡ് എന്ന അതേ പേരിലുള്ള ലൂസിയാന പട്ടണത്തിലാണ് വളർന്നത്. വളർന്നപ്പോൾ, അവൾ അവളുടെ കുടുംബത്തെയും അവളുടെ കത്തോലിക്കാ വിശ്വാസത്തെയും വി. കൊച്ചുത്രേസ്യയുടെ മദ്ധ്യസ്ഥതയിൽ സമർപ്പിച്ചു.

10 മക്കളുള്ള കുടുബത്തിലെ രണ്ടാമത്തെ മകളായിരുന്നു റിച്ചാർഡ്. അവൾക്ക് 12 വയസുള്ളപ്പോഴാണ് ടെർമിനൽ ലുക്കീമിയ (അസ്ഥിമജ്ജയിലും ലിംഫറ്റിക് സിസ്റ്റത്തിലും ഉള്ള ക്യാൻസർ) ആണെന്ന് കണ്ടെത്തിയത്. തന്റെ വേദനയും സഹനവും മറ്റുള്ളവർക്കു വേണ്ടി സമർപ്പിച്ചുകൊണ്ട് അവൾ ജീവിച്ചു. രോഗനിർണ്ണയം നടത്തി 16 ദിവസത്തിനു ശേഷം 1959 ആഗസ്റ്റ് 11 -ന് റിച്ചാർഡ് മരണപ്പെട്ടു.

ബിഷപ്പ് ഡെഷോട്ടൽ 2020 ജനുവരിയിൽ റിച്ചാർഡിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.

ദൈവദാസൻ അഗസ്റ്റെ റോബർട്ട് പെലാഫിഗ്

റിച്ചാർഡിനെപ്പോലെ പെലാഫിഗും ലൂസിയാനയിലാണ് താമസിച്ചിരുന്നത്. 1888 ജനുവരി 10 -ന് ഫ്രാൻസിലെ ലൂർദ്ദിനടുത്ത് ജനിച്ച അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം ലായിലെ അർനോഡ്‌വില്ലെയിലേക്ക് മാറി. ‘അങ്കിൾ’ എന്നതിനു പകരം ‘നോങ്കോ’ എന്ന് അടുപ്പമുള്ളവർ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തിന്റെ സ്വാധീനവലയം വളരെ വലുതായിരുന്നു.

അധ്യാപകനായ പെലാഫിഗ് പബ്ലിക് സ്‌കൂളിൽ പഠിപ്പിച്ചതിനു ശേഷം അർനാഡ്‌വില്ലിലെ ലിറ്റിൽ ഫ്ലവർ സ്കൂളിൽ അധ്യാപകനായി ചേർന്നു. അതേ സമയം, യേശുവിന്റെ തിരുഹൃദയത്തിനായി സമർപ്പിക്കപ്പെട്ട ‘ദി അപ്പോസ്‌ൾഷിപ്പ് ഓഫ് പ്രയർ’ എന്ന സംഘടനയിലും അദ്ദേഹം അംഗമായിരുന്നു. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് അദ്ദേഹം അത്യന്തം ഉത്സാഹം കാണിച്ചു.

ആത്മാക്കളുടെ രക്ഷക്കും ശുദ്ധീകരണസ്ഥലത്തുള്ളവർക്കും വേണ്ടിയുള്ള പ്രായശ്ചിത്ത പ്രവർത്തിയെന്ന നിലയിൽ, അയൽവാസികളുടെ സഹായം നിരസിച്ചുകൊണ്ട് രോഗികളെയും പാവപ്പെട്ടവരെയും അദ്ദേഹം സന്ദർശിച്ചു. പിന്നീട് പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ 1953 -ൽ ‘പ്രോ എക്ലീസിയ എറ്റ് പോണ്ടിഫിസ് മെഡൽ’ പെലാഫിഗിനു നൽകി. യേശുവിന്റെ തിരുഹൃദയത്തിന്റെ തിരുനാളിൽ, 1977 ജൂൺ ആറിന് 89-ാം വയസ്സിൽ പെലാഫിഗ് അന്തരിച്ചു.

ദൈവദാസൻ ജോസഫ് ഡട്ടൺ

1843 ഏപ്രിൽ 27 -ന് വെർമോണ്ടിലെ സ്റ്റോവിൽ പ്രൊട്ടസ്റ്റന്റ് മാതാപിതാക്കളുടെ മകനായി ഇറ ജോസഫ് ഡട്ടൺ ജനിച്ചു. നാലു വർഷങ്ങൾക്കു ശേഷം, അദ്ദേഹത്തിന്റെ കുടുംബം വിസ്കോൺസിനിലെ ജാൻസ്‌വില്ലെയിലേക്ക് താമസം മാറ്റി.

ഇദ്ദേഹം യൂണിയൻ ആർമിക്കു വേണ്ടിയുള്ള ആഭ്യന്തരയുദ്ധത്തിൽ പോരാടുകയും അവിടെ 13 -ാമത് വിസ്കോൺസിൻ ഇൻഫൻട്രി റെജിമെന്റ് ഇൻഫൻട്രിയുടെ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. അവിശ്വസ്തയായ ഒരു സ്ത്രീയുമായുള്ള വിവാഹബന്ധത്തിലെ പരാജയവും മദ്യപാനവും അദ്ദേഹത്തിന്റെ ജീവിതത്തിൽ വെല്ലുവിളികൾ ഉയർത്തി.

യുദ്ധക്കളത്തിൽ മരണപ്പെട്ട ശേഷം ഉപേക്ഷിക്കപ്പെട്ടവരെ ആർലിംഗ്ടണിലെ ദേശീയ സെമിത്തേരി എന്നറിയപ്പെടുന്ന സ്ഥലത്ത് അടക്കം ചെയ്യാൻ അദ്ദേഹം സന്നദ്ധനായി. പിന്നീട് അലബാമയിലെ ഒരു ഡിസ്റ്റിലറിയിൽ ജോലി ചെയ്യുകയും മെംഫിസിൽ റെയിൽപാത നിർമ്മാണത്തിൽ പങ്കാളിയാവുകയും ചെയ്തു.

1880 -കളുടെ തുടക്കത്തിൽ, ഡട്ടൺ സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചു. തന്റെ 40 -ാം ജന്മദിനത്തിൽ അദ്ദേഹം മാമ്മോദീസ സ്വീകരിച്ച് ജോസഫ് എന്ന പേര് സ്വീകരിക്കുകയും കെന്റക്കിയിലെ ഒരു ട്രാപ്പിസ്റ്റ് ആശ്രമത്തിൽ ചേരുകയും ചെയ്തു. മൊളോക്കോയിലെ വി. ഡാമിയന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ഹവായിയിലേക്ക് പോകുന്നതിനായി അദ്ദേഹം തനിക്ക് ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ചു.

1886 -ൽ ഫാ. ഡാമിയനോടൊപ്പം കുഷ്ഠരോഗബാധിതരെ ശുശ്രൂഷിച്ചു. ഡാമിയൻ മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തോട് പറഞ്ഞു: “എനിക്ക് ഇപ്പോൾ മരിക്കാം. സഹോദരൻ ജോസഫ് എന്റെ അനാഥരെ പരിപാലിക്കും.”

1889-ൽ, ഫാ. ഡാമിയൻ കുഷ്ഠരോഗം ബാധിച്ച് മരിച്ചു. പക്ഷേ ഡട്ടൺ മൊളോക്കോയിൽ തന്നെ തുടർന്നു. ആൺകുട്ടികൾക്കായി ബാൾഡ്വിൻ ഹോം നടത്തി. ഡട്ടന്റെ പ്രവർത്തനങ്ങൾ വുഡ്രോ വിൽസൺ ഉൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാരുടെ ശ്രദ്ധയാകർഷിച്ചു.

1931 മാർച്ച് 26 -ന് തന്റെ 88 -ാം ജന്മദിനത്തിന് തൊട്ടുമുമ്പ് ഡട്ടൺ അന്തരിച്ചു. അദ്ദേഹത്തിന് ഒരിക്കലും കുഷ്ഠരോഗം പിടിപെട്ടില്ല. കലവാവോയിലെ സെന്റ് ഡാമിയൻസിന്റെ അടുത്താണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.