കണ്ണുനീര്

[avatar user=”Makkichan” size=”120″ align=”right” /]

മനുഷ്യന്‍റെ സങ്കടങ്ങളുടെ ഭാഷയാണ് കണ്ണുനീര്. ചിലപ്പോള്‍ അപ്രതീക്ഷിതമായ സന്തോഷങ്ങളുടെയും ഭാഷ കണ്ണുനീരാകാറുണ്ട്. അക്ഷരങ്ങളും ലിപികളുമില്ലാത്ത ഭാഷ, വ്യാകരണവും, വിപരീതങ്ങളുമില്ലാത്ത ഭാഷ എന്നിങ്ങനെയൊക്കെ ആ ഭാഷ വ്യാഖ്യാനി ക്കപ്പെടുന്നുവത്രേ. പലപ്പോഴും പറയാതെ പോയ സ്നേഹത്തിന്‍റെ ഭാഷയാണ് കണ്ണുനീര്.

ചിലപ്പോഴൊക്കെ പറയാനാവാത്ത സന്തോഷത്തിന്‍റെ ഭാഷയും കണ്ണുനീരാകാറുണ്ട്. ചില കണ്ണുകള്‍ ഒക്കെ വേഗന്ന് നിറയുമത്രേ. ചില കണ്ണുകളിലൊക്കെ കണ്ണുനീര്‍ വറ്റിപ്പോയി എന്ന് കാലം കുറിച്ചിട്ടു. സങ്കടങ്ങള്‍ കഴുകിക്കളയുന്നത് കണ്ണുനീരുകൊണ്ടാണെന്ന് ചിലരൊക്കെ പറയുന്നു. ഉള്ളിലെവിടെയോ ഒളിപ്പിച്ച വികാര ങ്ങളുടെ തീവ്രതയാണ് കണ്ണുനീരെന്ന് ഇനിയും ചിലര്‍ വാദിക്കുന്നു.

എല്ലാ മിഴികള്‍ക്കും കണ്ണുനീരിന്‍റെ നനവുണ്ടത്രേ. വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളില്‍ അവ ചിലപ്പോള്‍ നിറഞ്ഞൊഴുകുന്നുവത്രേ. മനുഷ്യന്‍റെ ഉള്ളിന്‍റെ ഏറ്റവും ലളിതമായ ഭാഷയാണത്രേ കണ്ണുനീര്. വാക്ക് മുട്ടുന്നിടത്ത് ഹൃദയം തുറക്കുന്ന വാതിലാണത്രേ കണ്ണുനീര്. അത് പലപ്പോഴും മൗനത്തിന്‍റെ ഭാഷയാണത്രേ. ചില കണ്ണുകളിലൊക്കെ എന്നും കണ്ണുനീര് തളംകെട്ടി നില്ക്കുന്നു. ചില കണ്ണുകള്‍ ഇടയ്ക്കൊക്കെ കണ്ണുനീര്‍ പുഴ തീര്‍ക്കുന്നു. ഇനിയും ചില കണ്ണുകള്‍ നിറയാറില്ലാത്രേ. എങ്കിലും യാത്രയവസാനിക്കുംമുമ്പ് ഒരിക്കലെങ്കിലും എല്ലാ മിഴികളും നിറയുമെന്ന് കാലം സാക്ഷിക്കുന്നു.

ചുരുക്കം ചിലരൊക്കെ കണ്ണുനീരിലും മായം കലര്‍ത്തുന്നുവത്രേ. ഉള്ളിലെങ്ങുമൊരു ഉണര്‍ത്തുപാട്ടില്ലാത്ത കണ്ണുനീരാണിത്. വികാരങ്ങള്‍ അന്യമായ ഭാവപ്രകടനങ്ങള്‍, പ്രഹസനങ്ങള്‍ എന്നൊക്കെ കാലം ഇതിനെ വിളിക്കുന്നുവത്രേ. കണ്ണുനീരിന്‍റെ നനവിലാണത്രേ പലപ്പോഴും ഈശ്വരന്‍റെ നിറവ്. നിറഞ്ഞമിഴികള്‍ക്കരികില്‍ ഈശ്വരനുണ്ട് എന്നത് കണ്ണുനീര് പറഞ്ഞ കഥയായി കാലം കൈമാറുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.