ഇന്നലെ ഇന്ന് നാളെ

[avatar user=”Makkichan” size=”120″ align=”right” /]

മണ്ണില്‍ മറയുന്ന രൂപങ്ങള്‍ക്ക് ദൈവം കൊടുത്ത പേരാണത്രേ മനുഷ്യന്‍. ഇന്നലെ, ഇന്ന്, നാളെ എന്ന സങ്കല്പങ്ങളുടെ വഴിയില്‍ ഇത്തിരി ദൂരം. ഇന്നലെകളിലെന്നോ മുളച്ച്, ഇന്നത് വളര്‍ന്ന് പന്തലിച്ച്, നാളെ വാടിക്കരിയും, അതാണത്രേ മനുഷ്യജീവിതം. ഇന്നലെകള്‍ ഒക്കെ ഓര്‍മ്മയില്‍ മറഞ്ഞപ്പോള്‍ നാളെ സ്വപ്നവഴികള്‍ തീര്‍ക്കുന്നു. എങ്കിലും ഇന്നാണത്രേ മനുഷ്യന്‍റെ അദ്ധ്വാനങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും. ചിലരൊക്കെ ഇന്നിന്‍റെ സന്തോഷങ്ങളില്‍ നാളെയുടെ ദുഃഖങ്ങള്‍ ജീവിതത്തില്‍ ഏറ്റു വാങ്ങുന്നത്രേ. ഉറപ്പില്ലാത്ത ഒരു നാളേയ്ക്കുവേണ്ടി എന്തിനാണ് ഇന്നിന്‍റെ സന്തോഷങ്ങള്‍ കെടുത്തുന്നത് എന്നാണത്രേ അവരുടെ വാദഗതി. പക്ഷേ, ഇന്നിന്‍റെ ദൂരം മണിക്കൂറുകള്‍ മാത്രമാണെന്ന് ഇവരൊക്കെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ, നാളെയെക്കുറിച്ച് അവരും ഓര്‍ക്കുമായിരുന്നു.

ദൂരങ്ങള്‍ ഏറെയില്ലാത്ത ജീവിതമാണ് ഇന്ന്, മണിക്കൂറുകളുടെ ദൂരങ്ങള്‍ മാത്രം. നിമിഷങ്ങളുടെ സന്തോഷങ്ങള്‍ക്കുവേണ്ടി നാളെയുടെ സന്തോഷങ്ങളെ അവഗണിക്കുന്നവരും ചുരുക്കമല്ലത്രേ. ഇന്നലെ എന്നും മനുഷ്യജീവിതത്തില്‍ ഒരു പാഠമാണത്രേ. കഴിഞ്ഞുപോയ ജീവിതമാണ് പലപ്പോഴും മനുഷ്യനെ ഏറെ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുക എന്ന സത്യം പലരും വിസ്മരിക്കുന്നത്രേ. അതുകൊണ്ട് ഇന്നലകളെ മറക്കുന്നവരും ഇന്നിന്‍റെ ഇത്തിരി ദൂരങ്ങള്‍ക്കൊത്ത് സഞ്ചരിക്കുകയാണെന്നു തോന്നുന്നു.

ജീവിതം എന്നു പറയുന്നത് ഇന്നാണ്. ഇന്നിന്‍റെ സുഖങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും. ഇന്നലെകളില്ല, നാളെയുമില്ല, ഇന്നില്‍ ജീവിക്കുക എന്ന വാദഗതിക്കാരുമുണ്ടത്രേ. സത്യത്തിന്‍റെ അംശങ്ങള്‍ അവരുടെ വാദഗതികളിലും കണ്ടുമുട്ടുന്നുവെങ്കിലും അവിടെയും ചില ചോദ്യങ്ങള്‍ ബാക്കിയായി നില്ക്കുന്നുവത്രേ. മനുഷ്യന്‍റെ ഓര്‍മ്മകള്‍ മുഴുവന്‍ ഇന്നലെകളിലാണത്രേ, അവന്‍റെ സ്വപ്നങ്ങള്‍ മുഴുവന്‍ നാളെകളിലും. ഓര്‍മ്മകളും സ്വപ്നങ്ങളുമല്ലേ ജീവിതത്തിനു നിറം പകരുക.

അങ്ങനെയെങ്കില്‍ ഇന്നലെകളെയും നാളെയെയും നമുക്ക് അവഗണിക്കാനാകുമോ? ഇല്ല എന്നതാണ് കാലം പറയുന്ന ഉത്തരം. ഇന്ന് ഏറെ ദൂരങ്ങള്‍ സഞ്ചരിക്കാന്‍ ഇന്നലകളെ മറക്കാതെയും, നാളെയുടെ സ്വപ്നങ്ങളെ മനസ്സില്‍ കാത്തുസൂക്ഷിച്ചും നടന്നു നീങ്ങാം എന്നതാണ് ഇന്നലെയും, ഇന്നും നാളെയും മുഴുക്കുന്ന ജീവിതനിയമം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.