നേരായ മാർഗ്ഗം

ഫാ. ജോസഫ് വട്ടക്കളം

യുവമെത്രാനായി, സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതിയുള്ള തീക്ഷണതയാൽ ജ്വലിച്ച് നിരവധി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു, നടപ്പിലാക്കി ദൈവത്തെ, അനുനിമിഷം മഹത്ത്വപ്പെടുത്തി, സസന്തോഷം ജീവിച്ചിരുന്ന വാൻ തൂവാൻ എന്ന യുവമെത്രാനെ വിയറ്റ്നാം കമ്മ്യുണിസ്റ്റ് ഗവർമെന്റ് 13 വർഷം കഠിനതടവിൽ പീഡിപ്പിച്ചു.

ജയിലിൽ കഴിയുമ്പോൾ ഒരു ചിന്ത അദ്ദേഹത്തെ അസ്വസ്ഥനാക്കുകയും വളരെയധികം വേദനിപ്പിക്കുകയും ചെയ്തിരുന്നു. “ഏതെല്ലാം നന്മ പ്രവൃത്തികൾ ഞാൻ ചെയ്തു അവയെല്ലാം ഫലശൂന്യമായിപ്പോകുമല്ലോ”. അദ്ദേഹത്തിന്റെ ഹൃദയവേദനയും മാനസിക സഹനവും വിവരണാതീതമായിരുന്നു. ഇങ്ങനെ കഴിയവേ, ഒരു ദിവസം അദ്ദേഹം തന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നു:

“നീ ദൈവത്തെയും അവിടുത്തെ പ്രവൃത്തികളെയും വേർതിരിച്ചു കാണണം. നീ ആരംഭിച്ചവയെല്ലാം ദൈവത്തിന്റെ പ്രവർത്തികൾ തന്നെ. അവ അവിടുന്ന് പ്രാവർത്തികമാക്കി. നീ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുക. അവിടുത്തേക്ക്‌ വേണ്ടി ജ്വലിക്കുക.” കഥാപുരുഷന് വലിയ ശാന്തി കൈവന്നു.

ദൈവത്തെയും അവിടുത്തെ പ്രവൃത്തികളെയും വേർതിരിച്ചു കാണാനുള്ള വിവേകം നമ്മുക്കും ഉണ്ടാകണം. ദൈവത്തിന്റെ പ്രവൃത്തികൾ പൂർത്തിയാക്കാൻ അവിടുത്തേക്ക്‌ അറിയാം. ഒന്ന് മാത്രം ചെയ്യുക. അവിടുത്തെ അനന്ത പരിപാലനയിൽ പൂർണ്ണമായി ആശ്രയിക്കുക. തക്കസമയത്ത് അവിടുന്ന് ഇടപെടും.

ഇങ്ങനെയൊരു കഥയുണ്ട്. ഒരു പത്രപ്രവർത്തകന് ഒരിക്കൽ ദൈവവുമായി ഒരു അഭിമുഖം നടത്താൻ ഭാഗ്യമുണ്ടായി. അദ്ദേഹം ദൈവത്തോട് ചോദിച്ച ഒരു കാര്യം ഇതായിരുന്നു: “മാനവരാശിയെക്കുറിച്ചുള്ള അങ്ങയുടെ അമ്പരപ്പ് എന്താണ്”.

ദൈവം മൂന്നു കാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞു.
1. കുട്ടികളായിരിക്കുമ്പോൾ പെട്ടെന്ന് മുതിർന്നവരാകണമെന്ന ത്വര. വലുതാകുമ്പോൾ കുട്ടികളാകണമെന്ന ആഗ്രഹം.
2. എങ്ങനെയെങ്കിലും പണമുണ്ടാക്കണം. ആരോഗ്യം പോലും അപകടത്തിലാക്കി, ജനം അഹോരാത്രം അധ്വാനിച്ചു രോഗികളാകുന്നു. പിന്നെ സമ്പാദിച്ചവയെല്ലാം ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി ചെലവഴിക്കുന്നു. പലപ്പോഴും ഫലം നാസ്തിയും.
3. മനുഷ്യന്റെ അമിതവും അപകടകരവുമായ ഉത്ക്കണ്ഠ. ഫലമോ, “ധനനഷ്ടവും മാനഹാനിയും”. “നിങ്ങളുടെ ഉത്ക്കണ്ഠകൾ കർത്താവിനെ ഏൽപ്പിക്കുക”.

യഥാർത്ഥത്തിൽ, ഇന്ന് ജീവിച്ച്, ദൈവം, ഭരമേല്പിച്ചിരിക്കുന്നത് വിശ്വസ്തതയോടെ, വിശുദ്ധിയോടെ, നിയോഗശുദ്ധിയോടെ, ആത്മാർത്ഥതയോടെ ചെയ്തു മുമ്പോട്ടു പോകുകയല്ലേ വേണ്ടത്? ഇവിടെ ദൈവത്തോടും സഹജീവികളോടും പ്രകൃതിയോടും നല്ല കൂറുണ്ടായിരിക്കണം എന്ന് മാത്രം. “ഏലിയാ അവിടെനിന്നു പുറപ്പെട്ടു. പന്ത്രണ്ട് ഏർ കാള ഉഴുതുകൊണ്ടിരുന്ന സ്ഥലത്ത് അവൻ ഷാഫാത്തിന്റെ മകൻ എലീഷായെ കണ്ടു. അവൻ പന്ത്രണ്ടാമത്തെ നിരയിലായിരുന്നു. ഏലിയാ അവന്റെ സമീപത്തുകൂടി കടന്നുപോകുമ്പോൾ തന്റെ മേലങ്കി അവന്റെമേൽ ഇട്ടു. ഉടനെ അവൻ കാളകളെ വിട്ട്. ഏലിയായുടെ പിന്നാലെ ഓടിച്ചെന്നുപറഞ്ഞു: മാതാപിതാക്കന്മാരെ ചുംബിച്ചു യാത്ര പറഞ്ഞിട്ട് ഞാൻ അങ്ങയെ അനുഗമിക്കാം. ഏലിയാ പറഞ്ഞു: പൊയ്‌ക്കൊള്ളൂ; ഞാൻ നിന്നോട് എന്ത് ചെയ്തു? അവൻ മടങ്ങിച്ചെന്നു ഒരു ഏർ കാളയെ കൊന്നു കലപ്പ കത്തിച്ച് മാംസം വേവിച്ച് ജനത്തിന് കൊടുത്തു. അവർ ഭക്ഷിച്ചു. എലീഷാ ഏലിയായെ അനുഗമിച്ച്, അവന്റെ ശുശ്രൂഷകനായിത്തീർന്നു” (1 രാജ.19 : 19 -21)

ദൈവത്തിന്റെ വിളിയോട് വിശ്വസ്തത പുലർത്തി ജീവിക്കുക. അവിടുന്ന് എന്തിനു നിയോഗിക്കുന്നുവോ അവമാത്രം കേന്ദ്രീകരിക്കുക. കർത്താവ് നമ്മോടു പറയുന്നു: “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു, നീ എന്റേതാണ്” (ഏശ. 43 :1 ).

ജീവിതഭാരങ്ങൾ പൂർണ്ണമായി കർത്താവിനു വിട്ടുകൊടുക്കുക. വിളിച്ചവൻ വിശ്വസ്തനാണ്. അവന്റെ ഇഷ്ടം നിറവേറ്റി ജീവിക്കുക. കർത്താവ് എത്രയോ നല്ലവനെന്നു രുചിച്ചറിയുക. ദൈവത്തിന്റെ സ്നേഹവും ദൈവത്തോടുള്ള സ്നേഹവും അവിടുത്തെ തിരുവിഷ്ടം അനുനിമിഷം, കൃത്യമായി, ഭംഗിയായി നിറവേറ്റി അവിടുത്തെ മഹത്ത്വപ്പെടുത്തി ജീവിക്കുവാൻ എന്നെയും നിങ്ങളെയും നിർബന്ധിക്കണം.”നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ഉറ കെട്ടുപോയാൽ ഉപ്പിനു എങ്ങനെ വീണ്ടും ഉറ കൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞു മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അത് കൊള്ളുകയില്ല, നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സൽപ്രവൃത്തികൾ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്താ.5 :13 -16 ). നമ്മുടെ ജീവിതമായിരിക്കണം, ലോകത്തിനു നമുക്ക് നൽകുവാനുള്ള സന്ദേശം.

ഫാ. ജോസഫ് വട്ടക്കളം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.