രാമുവും രമയും

കറുത്ത പുക ചുരുളുകള്‍ ഉയരുന്ന ഇഷ്ടിക ചൂളയുടെ അടുത്തുതന്നെ ഇഷ്ടികകള്‍ മണ്ണുകൊണ്ട് കുഴച്ചുതേച്ചു പിടിപ്പിച്ച ആ ചെറിയ വീട്ടിലാണ് രാമുവും, രമയും അവരുടെ മൂന്നു മക്കളും താമസിക്കുന്നത്. മണ്ണ് ചവിട്ടിക്കുഴച്ച് അച്ചില്‍ നിറച്ച് ഉണക്കിയെടുത്ത് പിന്നെയതു ചൂളയിലിട്ട് ചുട്ടെടുക്കുക.

വേറെയും ജോലിക്കാര്‍ ഉണ്ടെങ്കിലും മുതലാളിക്ക് രാമുവിനോട് ഒരു പ്രത്യേക അടുപ്പമുണ്ട്. അതുകൊണ്ടാണ് ചൂളയ്ക്കടുത്തുതന്നെ താമസിക്കാന്‍ ഒരു ചെറിയ വീട് തീര്‍ത്തുകൊടുത്തത്. പക്ഷേ, അതിന്‍റെ പിന്നില്‍ പല ലാഭങ്ങളും മുതലാളി കണ്ടിരുന്നുവെന്നതും സത്യംതന്നെ. ട്രാക്ടര്‍ വന്നാല്‍ ഇഷ്ടിക വണ്ടിയില്‍ നിറയ്ക്കാന്‍ എപ്പോഴും ആളായിട്ട് രാമുവും രമയും സമയം നോക്കാതെ പണിയെടുത്തുകൊള്ളും.
പലപ്പോഴും സ്വന്തം ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടിയാണത്രേ മനുഷ്യന്‍റെ അടുപ്പങ്ങളും അകലങ്ങളും. ആവശ്യക്കാരന്‍റെ മുമ്പില്‍ സഹായം നീട്ടി സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ നേടിയെടുക്കുന്ന ചെറുതും വലുതുമായ മുതലാളിമാരൊക്കെ കാത്തുസൂക്ഷിക്കുന്ന ഒരു ജീവിതപ്രമാണത്രേ ഇത്.

ഇഷ്ടിക ചൂളയും അതിന്‍റെ ചുറ്റുവട്ടങ്ങളുമാണ് രാമുവിനും രമയ്ക്കും ലോകം. അതിനപ്പുറത്തുള്ള കാഴ്ചകളും കാഴ്ചപ്പാടുകളും അവര്‍ ഇഷ്ടപ്പെടാഞ്ഞിട്ടൊ, അതോ തങ്ങളുടെ ഇഷ്ടങ്ങള്‍ മോഹഭംഗങ്ങളായി അവശേഷിക്കുമെന്ന് ചിന്തിക്കുന്നതുകൊണ്ടോ, അല്ലെങ്കില്‍ പാവങ്ങള്‍ക്കായി ചെറിയ ലോകം തീര്‍ത്ത് വലിയ ലോകത്തില്‍ ജീവിക്കുകയും കൂടുതല്‍ കൂടുതല്‍ വലിയ ലോകങ്ങള്‍ സ്വപ്നം കാണുകയും ചെയ്യുന്ന മുതലാളി സംസ്കാരത്തിന്‍റെ തലോടല്‍ കൊണ്ടാകാം.

രവിയും, രണുവും രാരിയുമാണ് രാമു രമ ദമ്പതികളുടെ മൂന്നു മക്കള്‍. സ്കൂളില്‍ പോയിട്ടില്ലാത്ത രാമുവും രമയും തങ്ങളുടെ മക്കളും ഇഷ്ടികക്കളത്തിന്‍റെ അക്ഷരശാലയില്‍ പഠിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. പലരും പറഞ്ഞുനോക്കിയെങ്കിലും അവരുടെ ചിന്തകളെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
നാളുകള്‍ ഏറെ കഴിഞ്ഞു. ഗ്രാമങ്ങള്‍ പലതും പട്ടണങ്ങളായി. മനുഷ്യന്‍റെ ചിന്തകള്‍ മാറി. തിരക്കില്ലാത്ത മനുഷ്യരെ എങ്ങും കണ്ടെത്താനാകാതെയായി. ബന്ധങ്ങളുടെ ഭാഷമാറി. പക്ഷേ, മാറ്റങ്ങളില്ലാതെ ആ ഇഷ്ടിക ചൂളയ്ക്ക് സമീപം ഇഷ്ടിക കൂട്ടിവച്ച് മണ്ണുകൊണ്ട് തീര്‍ത്ത കുടിലില്‍ വാര്‍ദ്ധക്യത്തിന്‍റെ ജരാനിരകള്‍ ബാധിച്ച രാമുവും രമയും പുറംലോകത്തിന്‍റെ തിരക്കുകള്‍ അറിയാതെ തങ്ങളുടെ മരുമക്കളെ കളിപ്പിച്ച് സമയം ചിലവഴിക്കുന്നു.

തലമുകള്‍ക്കപ്പുറവും മാറ്റമില്ലാത്ത ജീവിതക്രമങ്ങളും ജീവിതത്തിന്‍റെ ചുറ്റുവട്ടങ്ങളുമായി ജീവിക്കുന്ന ഒരായിരം ജനങ്ങളുടെ പ്രതീകമെന്ന പോലെ രാമുവും രമയും നിലകൊള്ളുന്നു.

മാക്കിച്ചൻ (ഫാ. അനീഷ് മാക്കിയിൽ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.