ഗുരുവിന്റെ പ്രാര്‍ത്ഥന

ഒരിക്കല്‍ ഒരു ഗുരു തന്റെ ശിഷ്യരെ അടുത്തു വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു. നിങ്ങള്‍ എന്നില്‍നിന്നും പഠിച്ചതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ചിട്ട് വരുക. ഈ പങ്കുവയ്ക്കാനുള്ള യാത്രയില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്: ഒന്നാമതായി ഈ യാത്ര സുരക്ഷിതത്വങ്ങള്‍ ഇല്ലാത്ത യാത്രയാണ്. രണ്ടാമതായി സ്വീകരിക്കുന്നവരും തിരസ്കരിക്കുന്നവരുമായി ആളുകളെ ഈ യാത്രയില്‍ നിങ്ങള്‍ കണ്ടുമുട്ടും. സ്വീകരിക്കുന്നവരുടെ സല്‍ക്കാരങ്ങള്‍ ഏറ്റുവാങ്ങുക, സ്വീകരിക്കാത്തവരോട് എതിര്‍ക്കാന്‍ നില്ക്കാതെ യാത്ര തുടരുക. എന്റെ അനുഗ്രഹവും ആശീര്‍വാദവും നിങ്ങളുടെ കൂടെയുണ്ട്.

ഗുരുമൊഴികള്‍ നെഞ്ചിലേറ്റി ശിഷ്യന്മാര്‍ നടന്നു തുടങ്ങി. കണ്ടുമുട്ടിയവരോടൊക്കെ ഗുരുവിനെക്കുറിച്ചും ഗുരു പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ചും തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവര്‍ സംസാരിച്ചു. കേള്‍വിക്കാര്‍ പലരുടെയും ജീവിതത്തില്‍ ഈ ഗുരുവിനെ തേടി യാത്രയാകാനുള്ള ആഗ്രഹം ഉദിച്ചു. ജീവിതപ്രശ്നങ്ങള്‍, ജീവിതത്തിന്‍റെ സങ്കടങ്ങള്‍ ഈ ഗുരുമൊഴികള്‍കൊണ്ട് മാറിപോകുന്നതായി പലരും സാക്ഷ്യപ്പെടുത്തി. സ്വീകരിച്ചവരും തിരസ്കരിച്ചവരുമായ ആളുകളെ അവര്‍ യാത്രയില്‍ കണ്ടുമുട്ടി. തങ്ങളുടെ ജീവിതത്തിലെ ഇല്ലായ്മകളെക്കുറിച്ച് അവര്‍ ചിന്തിച്ചതേയില്ല. ഈ സുരക്ഷിതത്വമില്ലാത്ത യാത്രയില്‍ ആരോ തങ്ങള്‍ക്കുമുമ്പേ നടന്ന് എല്ലാം ഒരുക്കുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു.
ദൗത്യം പൂര്‍ത്തീകരിച്ചതിന്റെ ആനന്ദത്തോടെ ശിഷ്യന്മാര്‍ തിരിച്ചെത്തി.

തിരിച്ചെത്തിയ ശിഷ്യന്മാര്‍ കണ്ടത് പ്രാര്‍ത്ഥനാനിരതനായിരിക്കുന്ന ഗുരുവിനെയാണ്. തങ്ങളെ പറഞ്ഞയച്ചപ്പോള്‍ ഇരുന്ന അതേ രീതിയില്‍തന്നെ. ശിഷ്യര്‍ക്ക് ഒരു കാര്യം മനസ്സിലായി. നിഴലുപോലെ തങ്ങള്‍ക്കുമുമ്പേ നടന്ന് എല്ലാം ഒരുക്കിയത് ഗുരുവിന്റെ പ്രാര്‍ത്ഥനയാണ് എന്ന സത്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.