ജീവിക്കുന്ന ക്രിസ്തു 

അതിശക്തമായ ദൈവാനുഭവമുള്ളവരായിരുന്നു പ്രവാചകന്മാർ. ഇതാണ് പ്രവാചക ദൗത്യത്തിന്റെ ഉറവിടം. എസെക്കിയേൽ പ്രവാചകൻ 1 -33  അധ്യായങ്ങളിൽ പാപത്തിന്റെ ശിക്ഷയെയാണ് ഊന്നിപ്പറയുക. എന്നാൽ രക്ഷയുടെ വാഗ്ദാനമാണ് രണ്ടാം ഭാഗത്തുള്ളത് (34 -48 അധ്യായങ്ങൾ ). തന്റെ സ്വന്തം ജനമായ ഇസ്രയേലിനെ കർത്താവു തന്നെ മേയിക്കും. ജറുസലേമിലെ പുതിയ ദൈവാലയം ജീവജലത്തിന്റെ ഉറവിടമായിരിക്കും.

വളരെ പ്രതീകാത്മകമായി ഒരു ദർശനത്തിലൂടെയാണ്. പ്രവാചകൻ കർത്താവിന്റെ രക്ഷ വരച്ചു കാട്ടുന്നത്. “കർത്താവിന്റെ കരം എന്റെ മേൽ വന്നു. അവിടുന്ന് തന്റെ ആത്മാവിനാൽ എന്നെ നയിച്ച് അസ്ഥികൾ  നിറഞ്ഞ ഒരു താഴ്‌വരയിൽ കൊണ്ട് വന്നു നിർത്തി. അവിടുന്ന് എന്നെ അവയുടെ ചുറ്റും നടത്തി. അവ വളരെയേറെ ഉണ്ടായിരുന്നു. ഉണങ്ങിവരണ്ടുമിരുന്നു. അവിടുന്ന് എന്നോട് ചോദിച്ചു: “മനുഷ്യപുത്രാ ഈ അസ്ഥികൾക്ക് ജീവിക്കാനാവുമോ?” ഞാൻ  പറഞ്ഞു: “കർത്താവേ, അങ്ങേക്ക് അറിയാമല്ലോ”. തുടർന്ന് അവിടുന്ന് എന്നോട് അരുളിചെയ്തു: “ഈ അസ്ഥികളോട് നീ പ്രവചിക്കുക, വരണ്ട അസ്ഥികളെ, കർത്താവിന്റെ വചനം ശ്രവിക്കുവിൻ  എന്ന് അവരോടു പറയുക. ദൈവമായ കർത്താവ് ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളിൽ പ്രാണൻ നിവേശിപ്പിക്കും; നിങ്ങൾ ജീവിക്കും.. നിങ്ങൾ ജീവൻ പ്രാപിക്കും. ഞാനാണ് കർത്താവ് എന്ന് അപ്പോൾ നിങ്ങൾ അറിയും” (എസെ. 37 :1 -6 ).

ഇവിടെ “പ്രവചിക്കുക” എന്ന നിർദ്ദേശം അർത്ഥമാക്കുന്നത് ‘വചനം പറയുക, കേൾക്കുക, ഉൾക്കൊള്ളുക, അനുസരിക്കുക എന്നൊക്കെയാണ്’. പ്രവാചകൻ അനുസരണയോടും വിധേയത്വത്തോടും കൂടി പ്രവചിച്ചപ്പോൾ  “ഒരു ശബ്ദം  ഉണ്ടായി. ഒരു കിരുകിരാ ശബ്ദം. വേർപ്പെട്ടുപോയ  അസ്ഥികൾ തമ്മിൽ ചേർന്നു; ഞരമ്പും മാംസവും അവയുടെമേൽ വന്നിരുന്നു. ചർമ്മം അവയെ പൊതിഞ്ഞു. എന്നാൽ അവയ്ക്കു പ്രാണൻ ഉണ്ടായിരുന്നില്ല. അവിടുന്ന് എന്നോട് അരുളിചെയ്തു: മനുഷ്യപുത്രാ, ജീവശ്വാസത്തോടു പ്രവചിക്കുക, പറയുക, ദൈവമായ കർത്താവ്  അരുളിച്ചെയ്യുന്നു. ജീവശ്വാസം, നീ നാലുദിക്കുകളിൽ  നിന്ന് വന്നു ഈ നിഹിതന്മാരുടെ മേൽ വീശുക. അവർക്കു ജീവനുണ്ടാവട്ടെ. അവിടുന്ന് കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. അപ്പോൾ ജീവശ്വാസം അവനിൽ പ്രവേശിച്ചു അവർ ജീവൻ പ്രാപിച്ചു. വളരെ വലിയ ഒരു സൈന്യംപോലെ  അവർ എഴുന്നേറ്റു നിന്നു.

എസെക്കിയേൽ  കണ്ട  ദർശനം ഇസ്രായേൽ ജനത്തിന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുക. ദൈവത്തിന്റെ വചനാപ്രേഘോഷണവും ശ്രവണവും അവർക്കു വചനാഭിഷേകവും ആത്മാഭിഷേകവും നല്കുന്നുമെന്നതാണ് സൂചന. പുതിയ ഇസ്രായേലായ നാം “അസ്ഥികളുടെ താഴ്വരയിലാണോ ഇപ്പോൾ?”. മൂലക്കല്ലായ  ക്രിസ്തുവിൽ ഭാവനമൊന്നാകെ സമന്വയിക്കപ്പട്ടിരിക്കുന്നുവോ? കർത്താവിൽ പരിശുദ്ധമായ അലയമായി അത് വളരുന്നുണ്ടോ? പരിശുദ്ധാത്മാവിൽ, ദൈവത്തിന്റെ വാസസ്ഥലമാണോ നമ്മൾ? അവനിലാണോ നാം പണിയപ്പെടുക? (cfr എഫേ. 2 : 20 -22 ) .

ക്രിസ്തുകേന്ദ്രീകൃതമായിരിക്കണം നമ്മുടെ ജീവിതം. നാം ഒരു കാര്യം പറയുമ്പോൾ, ചെയ്യുമ്പോൾ, ക്രിസ്തു ഇത് എങ്ങനെ പറയും, ചെയ്യും അതുപോലെ പറയുകയും പ്രവർത്തിക്കുകയും വേണം.അല്ലാത്തവർ  ‘ക്രൈസ്തവൻ’ എന്ന പേരിനു പോലും അർഹനല്ല. പൗലോസ് വളരെ വ്യക്തമായി പറയുന്നു: “ഞാൻ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനിമേൽ ഞാനല്ല എന്നിൽ ജീവിക്കുന്നത് ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്” (ഗലാ. 2 : 20 ). ഒരു പ്രശ്നമുണ്ടായാൽ  ഈശോ എങ്ങനെ അതിനെ കൈകാര്യം ചെയ്യുമോ അതുപോലെ മാത്രം അത് കൈകാര്യം ചെയ്യണം. ഗൗരവബുദ്ധി, സത്യം, നിസ്വാർത്ഥത, നിർമ്മലമനസാക്ഷി ഇവയൊക്കെയായിരിക്കണം നമ്മെ നയിക്കുന്നത്. ഒറ്റവാക്കിൽ കുറ്റമറ്റവിധം പ്രശ്നങ്ങൾക്ക്  പരിഹാരം കണ്ടെത്തണം. ദൈവപ്രമാണങ്ങളും ധാർമ്മികമൂല്യങ്ങളും സൂക്ഷമമായി പാലിക്കണം. അർത്ഥസത്യങ്ങളോ, കെട്ടുകഥകളോ, ലൗകികമാനദണ്ഡങ്ങളോ ആയിരിക്കരുത് ഒരു ക്രൈസ്തവന്റെ വഴികാട്ടികൾ (cfr  1 കോറി. 3 : 8 -10 ).സാവൂൾ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലേമിലെ സഭയ്‌ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്തോലന്മാരൊഴികെ  മറ്റെല്ലാവരും യൂദായുടെയും സമരിയയുടെയും ഗ്രാമങ്ങളിലേക്ക് ചിതറിപ്പോയി. വിശ്വാസികൾ  സ്തെഫനോസിനെ സംസ്കരിച്ചു. അവനെ ചൊല്ലി അവർ വലിയ വിലാപം ആചരിച്ചു    (നട.8 : 1 -3 ). “സാവൂൾ അപ്പോഴും കർത്താവിന്റെ ശിഷ്യരുടെനേരെ വധഭീഷണി ഉയർത്തിക്കൊണ്ടിരുന്നു . അവൻ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാർഗ്ഗം സ്വീകരിച്ച സ്ത്രീപുരുഷന്മാരിൽ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലേമിലേക്കു കൊണ്ടുവരാൻ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങൾ ആവശ്യപ്പെട്ടു. അവൻ യാത്രചെയ്‌ത് ദമാസ്ക്കസിനെ സമീപിച്ചപ്പോൾ പെട്ടന്ന് ആകാശത്തിൽനിന്നു ഒരു മിന്നലൊളി അവന്റെമേൽ പതിച്ചു. അവൻ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതും കേട്ടു: സാവൂൾ, സാവൂൾ, നീ എന്തിനു എന്നെ പീഡിപ്പിക്കുന്നു? അവൻ ചോദിച്ചു: കർത്താവേ അങ്ങ് ആരാണ്? അപ്പോൾ ഇങ്ങനെ മറുപടി ഉണ്ടായി; നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ. എഴുന്നേറ്റു നഗരത്തിലേക്ക് പോവുക. നീ എന്താണ് ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും. അവനോടൊപ്പം യാത്രചെയ്തിരുന്നവർ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാൽ സ്തബ്ധരായി നിന്നുപോയി. സാവൂൾ നിലത്തുനിന്നും എഴുന്നേറ്റു; കണ്ണുകൾ തുറന്നിരുന്നിട്ടും ഒന്നും കാണാൻ അവനു കഴിഞ്ഞില്ല. തന്മൂലം അവർ അവനെ കൈക്കുപിടിച്ചു ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി. മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവൻ ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല (നട. 9 :1 -9 ) നമ്മൾ ക്രിസ്തുവിന്റെ അവയവങ്ങളാണ്. അവയവത്തെ അഥവാ അവയവങ്ങളെ വേദനിപ്പിക്കുന്നവൻ . ക്രിസ്തുവിനെ തന്നെയാണ് വേദനിപ്പിക്കുന്നത്, പീഡിപ്പിക്കുന്നത് (1 കൊറീ. 12 :27 ).

സഭാതനായർ ഫിലി. 2 :1 -11  ഒരിക്കലും വിസ്മരിക്കരുത്. “ആകയാൽ, ക്രിസ്തുവിൽ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തിൽനിന്നുള്ള  സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും  കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കിൽ നിങ്ങൾ ഒരേ കാര്യങ്ങൾ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തിൽ വർത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ. മാത്സര്യമോ വ്യർത്ഥാഭിമാനമോ മൂലം നിങ്ങൾ ഒന്നും ചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും  സ്വന്തം താത്പര്യംമാത്രം നോക്കിയാൽ പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം . യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം  നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കികൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ- അതെ കുരിശുമരണംവരെ -അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി . ആകയാൽ, ദൈവം തന്നെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു. ഇത് യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും, യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്”  (2 :1 -11 ).

ദൈവം എപ്പോഴും എല്ലാവരെയും ഒന്നിപ്പിക്കാൻ  കിണഞ്ഞു പരിശ്രമിക്കുമ്പോൾ,സാത്താൻ, സകലരെയും ഭിന്നിപ്പിക്കുവാൻ   ക്രൂരമായ ഗൂഢതന്ത്രങ്ങൾ ഉപയോഗിക്കുന്നു. “സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്.കൊലപാതകിയിൽ നിത്യജീവൻ വസിക്കുന്നില്ല  എന്ന്  നിങ്ങൾക്കറിയാമല്ലോ. ക്രിസ്തു സ്വന്തം ജീവൻ  നമുക്കുവേണ്ടി പരിത്യജിച്ചു  എന്നതിൽ നിന്നു സ്നേഹം എന്തെന്ന് നാമറിയുന്നു . നമ്മളും സഹോദർക്കുവേണ്ടി  ജീവൻ പരിത്യജിക്കാൻ കടപ്പെട്ടിരിക്കുന്നു” (1  യോഹ. 3 :15 , 16 ), “ഓരോ പ്രവൃത്തിയും  ചെയ്യുമ്പോൾ ജീവിതാന്തത്തെപ്പറ്റി  ഓർക്കണം; എന്നാൽ, നീ പാപം ചെയ്യുകയില്ല” (പ്രഭാ. 7 : 36 )

ഫാ. ജോസഫ്‌ വട്ടക്കളം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.