അകലെ കാഴ്ചകള്‍

[avatar user=”Makkichan” size=”120″ align=”right” /]

ആതിരയ്ക്കു വയസ്സ് ഏഴായി. ആല്‍ബര്‍ട്ട്, ആന്‍സി ദമ്പതികളുടെ ഏക മകള്‍. മുഴുവന്‍ സ്നേഹവും തങ്ങളുടെ പൊന്നോമന മകള്‍ക്കു സമ്മാനിക്കുവാന്‍ നാം ഒന്ന് നമുക്ക് ഒന്ന് എന്ന കുടുംബാസൂത്രണ പദ്ധതിയില്‍ അവര്‍ പങ്കുചേര്‍ന്നതുകൊണ്ട് വീട്ടിലാകെ ആതിരയുടെ ചിരിയും കരച്ചിലും മാത്രം. തങ്ങളുടെ മകളെയും പഠിപ്പിച്ച് ഡോക്ടറാക്കണം എന്നതായിരുന്നു ആ ഡോക്ടര്‍ ദമ്പതികളുടെ ആഗ്രഹം. ഒരു നല്ല ഡോക്ടറെകൊണ്ട് തന്നെ അവളെ കെട്ടിക്കുകയും വേണം, അവര്‍ സ്വപ്നം കണ്ടു.

അകലെ കാഴ്ചകളാണ് പലപ്പോഴും സ്വപ്നങ്ങള്‍ എന്ന കാര്യം പലരും വിസ്മരിക്കുന്നു. അകലെ കാഴ്ചകള്‍ക്കു ചിലപ്പോള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ മുഖച്ഛായ കാണില്ല എന്നത് കാഴ്ചകള്‍ വരച്ചുകാട്ടുന്ന ചിത്രം. അവ്യക്തതകളിലും വ്യക്തത സങ്കല്പിക്കാനുള്ള മനുഷ്യന്‍റെ പരിശ്രമമാണ് പലപ്പോഴും അകലെ കാഴ്ചകള്‍.

മിടുക്കിയായ ഒരു പെണ്‍കുട്ടി എന്ന് ആതിരയെക്കുറിച്ച് എല്ലാവരും പറയുമായിരുന്നു. അവളുടെ സര്‍വ്വവിധ വളര്‍ച്ചയ്ക്കുമായി ആ ദമ്പതികള്‍ തങ്ങളുടെ കഴിവും, സമയവും സമ്പത്തും ആരോഗ്യവും ഒക്കെ വിനിയോഗിച്ചു. മാതാപിതാക്കളെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരു മകളുണ്ടോയെന്ന് ആരും ചോദിച്ചുപോകുമായിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു ആതിരയ്ക്ക് തന്‍റെ പപ്പായെയും മമ്മിയെയും.

ഒത്തിരി സ്നേഹമുള്ളവരെയൊക്കെ ചിലപ്പോള്‍ ഈശ്വരന്‍ നേരത്തെ സ്വന്തമാക്കാറുണ്ടെന്ന് ചിലരൊക്കെ പറയാറുണ്ട്. കാരണം ഈ സ്നേഹത്തെ ഉള്‍ക്കൊള്ളാന്‍ ഭൂമിക്ക് സാധിക്കുകയില്ലത്രേ. അതുകൊണ്ട് ഈശ്വരനവരെ മാലാഖമാരുടെ സഹവാസത്തിലേക്കു പ്രവേശിപ്പിക്കുന്നുവത്രേ.

ഭൂമിക്ക് ഉള്‍ക്കൊള്ളാനാവാത്ത സ്നേഹത്തിന്‍റെ പേരാണത്രേ സ്വര്‍ഗ്ഗം. സ്നേഹത്തിന്‍റെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരൊക്കെ സ്വന്തമാക്കാനാഗ്രഹിക്കുന്ന നിധിയാണത്രേ ഇത്. മനുഷ്യന്‍റെ കാഴ്ച മുറിയുന്നതാണ് മരണം. കാഴ്ചമുറിയുന്നിടത്തുനിന്ന് കാഴ്ചയ്ക്കിപ്പുറമുള്ള മനുഷ്യന്‍റെ സഞ്ചാരമാണത്രേ ജീവിതം.

ഒരു വാഹനാപകടത്തില്‍ ആല്‍ബര്‍ട്ട്, ആന്‍സി ദമ്പതികള്‍ക്ക് തങ്ങളുടെ മകളെ നഷ്ടമായി. ആ വീടിന്‍റെ ചിരിയും ഒച്ചയും നിലച്ചു. മക്കളുടെ ചിരിയും കരച്ചിലുമില്ലെങ്കില്‍ പിന്നെ വീടെങ്ങനെ വീടാകും. കഴിഞ്ഞുപോയ ജീവിതങ്ങളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന ശ്മശാന മൂകത അവിടെയാകെ നിറഞ്ഞുനിന്നിരുന്നു.

അങ്ങനെയിരിക്കെ ഒരു സന്ധ്യാനേരത്താണ് ആന്‍സി വീടിന്‍റെ പുറത്ത് ഒരു കൊച്ചിന്‍റെ കരച്ചില്‍ കേട്ടത്. അവള്‍ അതിവേഗം വാതില്‍ തുറന്ന് പുറത്തേക്ക് ഓടിയെത്തി. വഴിയരികില്‍ ആരോ ഉക്ഷേിച്ചിട്ട് പോയ ഒരു കുഞ്ഞിന്‍റെ കരച്ചിലായിരുന്നു അത്. അവള്‍ ഓടിച്ചെന്ന് ആ കുഞ്ഞിനെ വാരിയെടുത്തു. അപ്പോഴേക്കും ആല്‍ബര്‍ട്ടും എത്തിയിരുന്നു. ചേട്ടാ, ‘നോക്കിക്കേ, നമ്മുടെ ആതിരയുടെ അതേ മുഖം, അതേ ചിരി, ദൈവം നമുക്കായി സമ്മാനിച്ച നിധി’, ആന്‍സി പറഞ്ഞു. ആല്‍ബര്‍ട്ട് ആന്‍സിയുടെ കൈയില്‍ നിന്നും കുഞ്ഞിനെ എടുത്ത് തന്‍റെ നെഞ്ചോടു ചേര്‍ത്തു പറഞ്ഞു: ‘ഇവള്‍ ഇനി നമ്മുടെ ആതിരയാണ്, നമ്മുടെ സ്വന്തം.’

കാഴ്ചയ്ക്കപ്പുറം കാണാനാവാത്ത മനുഷ്യന്‍റെ ജീവിതത്തോട് കരുണ കാണിക്കുന്ന ദൈവത്തിന്‍റെ സ്നേഹത്തെ അവര്‍ ഓര്‍ത്തു. ആതിരയെ നിയമപരമായി തന്നെ അവര്‍ തങ്ങളുടെ സ്വന്തമായി സ്വീകരിച്ചു. ആതിരയ്ക്ക് കൂട്ടിനായി ആന്‍റോയെ കൂടി അവര്‍ ദത്തെടുത്ത് സ്വന്തമാക്കി.

മക്കളുടെ സ്നേഹമാണ് പലപ്പോഴും മാതാപിതാക്കളെ തോല്പിക്കുന്നത്. കാരണം മാതാപിതാക്കളുടെ സ്വന്തമായ സ്നേഹത്തിന്‍റെ പേരാണത്രേ മക്കള്‍. അത് മറക്കുന്നതുകൊണ്ടാവാം ദൈവം തരുന്ന ദാനമായ മക്കളെ ഏറ്റുവാങ്ങാന്‍ മാതാപിതാക്കള്‍ മടിക്കുന്നത്. എങ്കിലും ദൈവത്തിന്‍റെ അകലെ കാഴ്ചകള്‍ക്ക് മനുഷ്യന്‍ നിറച്ചാര്‍ത്ത് പകരുന്ന ചിത്രങ്ങളും അന്യമല്ലാതെ കാണാനാവുമത്രേ.

ആതിരയും ആന്‍റോയും ആ വീടിന്‍റെ ചിരിയും കരച്ചിലും ബഹളമായി മാറി. വീട് വീടായതിന്‍റെ ആനന്ദത്തില്‍ ആ ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിന്‍റെ സന്തോഷം വീണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.