മരണം അരികിലെത്തും നേരം

ജനനവും മരണവും ഒരു മനുഷ്യവ്യക്തിയുടെ ജീവിതത്തിലെ രണ്ട് യാഥാർത്ഥ്യങ്ങളാണ്. ഇതിൽ രണ്ടിലും ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ജനനത്തിനും മരണത്തിനുമിടയിലെ ജീവിതം ഒരുപാട് കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ജനിച്ചു കഴിഞ്ഞാൽ ഒരു വ്യക്തി മരിക്കണം എന്നത് പ്രകൃതിനിയമമാണ്. ശാസ്ത്രം എത്ര വളർന്നിട്ടും മനുഷ്യന്റെ മരണത്തെ തളച്ചിടാൻ അതിന് ഇതുവരേയും സാധിച്ചിട്ടില്ല എന്നത് ഒരു നിത്യസത്യമായി ഇന്നും നിലനിൽക്കുന്നു.

എന്താണ് ജനനവും മരണവും തമ്മിലുള്ള വ്യത്യാസം? നാം ജനിക്കുമ്പോൾ നാം കരയുന്നു എന്നാൽ നമ്മുടെ മാതാപിതാക്കളും ബന്ധുജനങ്ങളും സന്തോഷിക്കുന്നു. അതേസമയം നാം മരിക്കുമ്പോൾ നമ്മുടെ  മാതാപിതാക്കളും ബന്ധുജനങ്ങളും സുഹൃത്തുക്കളും കരയുന്നു. എന്നാൽ നമ്മുടെ ആത്മാവ് ശരീരം വിട്ട് പുറത്തുവരുന്നതിൽ സന്തോഷിക്കുന്നു.

ഓരോ വ്യക്തിയും തനിച്ച് ഈ ലോകത്തിലേക്ക് വരുന്നു; തനിച്ചു മാത്രം ഈ ലോകം വിട്ട് യാത്രയാകുന്നു. എത്ര വലിയ സ്നേഹിതർക്കും കുഴിമാടം വരെ മാത്രമേ നമ്മേ അനുഗമിക്കാനാകൂ എന്നതും ഒരു യാഥാർത്ഥ്യം. മരിച്ചു കഴിഞ്ഞും മറ്റുള്ളവരുടെ ഹൃദയങ്ങളിൽ ജീവിക്കണമെങ്കിൽ ജീവിതത്തിന്റെ ഓരോ നിമിഷവും അപരന് നന്മ ചെയ്ത് കടന്നുപോവുക. ഞാനും നിങ്ങളും മരണശേഷം അപരനാൽ ഓർക്കപ്പെടുക കഴിവിന്റെ പേരിലോ, പ്രശസ്തിയുടെ പേരിലോ, സമ്പന്നതയുടെ പേരിലോ, സ്ഥാനമാനങ്ങളുടെ പേരിലോ, വിദ്യാഭാസയോഗ്യതയുടെ പേരിലോ ഒന്നും അല്ല ചെയ്ത നന്മപ്രവൃത്തികളുടെ പേരിൽ മാത്രം ആയിരിക്കും.

മരിച്ചടക്ക് കഴിഞ്ഞുള്ള ഏതാനും ദിവസങ്ങൾക്കുള്ളിൽ വിസ്മൃതിയുടെ തീരത്തേക്ക് നാം ഓരോരുത്തരും ചേക്കേറപ്പെടും. മരണം എന്ന നിത്യസത്യത്തെ പറ്റി നമ്മിൽ അധികമാരും ചിന്തിക്കാറില്ല. അതിനെപ്പറ്റി ചിന്തിക്കാനോ, ധ്യാനിക്കാനോ ആർക്കും സമയമില്ലെന്നു പറയുന്നതാകും കൂടുതൽ അഭികാമ്യം. സ്വന്തം ആത്മാവിനെപ്പറ്റി ചിന്തിക്കുമ്പോൾ മാത്രമേ മരണത്തെപ്പറ്റി ചിന്തിക്കാനും നമുക്കു സാധിക്കൂ.

“ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്ത് പ്രയോജനം” എന്ന യേശു വചനം നമ്മെ ഓരോ നിമിഷവും ഓർമപ്പെടുത്തേണ്ടതും ആത്മാവിന്റെ നൈർമ്മല്യത്തെ പറ്റിയുള്ള ആത്മപരിശോധനകൾ ആയിരിക്കണം. എല്ലാം കീഴടക്കാനും വെട്ടിപ്പിടിക്കാനുമുള്ള തത്രപ്പാടിൽ നാം മന:പൂർവം വിസ്മരിക്കുന്നതും നമ്മുടെ സ്വന്തം ആത്മാവിന്റെ അവസ്ഥയെ പറ്റിയാണ്. സകല മരിച്ചവരേയും ഓർക്കുന്ന ദിനം നമ്മുടെ ആത്മാവിനെപ്പറ്റി കൂടി ഒന്ന് ചിന്തിച്ചുകൂടെ സോദരങ്ങളെ…

ഫാ. സാജൻ, തക്കല രൂപത 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.