പൂമ്പാറ്റ

[avatar user=”Makkichan” size=”120″ align=”right” /]

തേന്‍ കുടിക്കാന്‍ കൊതിച്ചുകൊണ്ട് പൂമ്പാറ്റകള്‍ പൂവിനു ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. ഒരു ചെടിയുടെ ഇലകീഴില്‍ പുഴുവായി തുടങ്ങിയ ജീവിതം ഇന്ന് വര്‍ണ്ണശബളമായി മാറിയിരിക്കുന്നു. അഴകേറിയ കുഞ്ഞിച്ചിറകുകള്‍ വീശി പൂവില്‍നിന്നും പൂവിലേക്ക് അവ പറന്നകലുന്നു.

പിന്നിട്ട വഴികളിലൊക്കെ പല രൂപമാറ്റങ്ങള്‍. അസ്ഥിത്വം തന്നെ നഷ്ടപ്പെട്ട് മറ്റെന്തോ ആയി തീര്‍ന്നുവെന്ന തോന്നല്‍. വൈകൃതങ്ങളെയൊക്കെ മനോഹരങ്ങളാക്കി മാറ്റുന്ന ദൈവത്തിന്‍റെ കരവേലയെ പൂമ്പാറ്റ ഓര്‍ത്തു. ഇന്ന് തന്നെ കാണുന്നവര്‍ക്കൊക്കെ ആനന്ദം. എത്ര കണ്ടാലും മതിവരില്ലാത്ത ലാവണ്യമാര്‍ന്ന രൂപം. കണ്ണുകള്‍ക്ക് ഇമ്പമാര്‍ന്ന വര്‍ണ്ണങ്ങള്‍. എല്ലാം ഇന്നലെകളിലെന്നോ തന്നില്‍ വന്ന രൂപമാറ്റങ്ങള്‍, പൂമ്പാറ്റ ഓര്‍ത്തു.

അഴുക്കുചാലിലും അഴുക്കു പറ്റാതെ വിരിയുന്ന മധുനുകരാന്‍ അവള്‍ ഉന്നതങ്ങളിലൂടെ പറന്നുനീങ്ങും. ചുരുങ്ങിയ ജീവിതംകൊണ്ട് അനേകരെ തന്നിലേക്ക് ആകര്‍ഷിച്ച് അവള്‍ കടന്നുപോകും. ദൈവീകത ഉണര്‍ത്തുന്ന സാന്നിധ്യമായി, സൗന്ദര്യമായി അവള്‍ പൂവുകള്‍ തോറും പാട്ട് പാടി പറക്കുന്നുവത്രേ.

കണ്ടുമുട്ടുന്നവരോടൊക്കെ അവള്‍ പറയും തന്‍റെ പരിണാമത്തിന്‍റെ കഥ. ഒന്നോര്‍ത്താല്‍ എല്ലാ ജീവിതങ്ങളിലുമുണ്ടത്രേ ഈ പരിണാമം അഥവാ രൂപമാറ്റങ്ങള്‍. ചില രൂപങ്ങള്‍ക്ക് ഏറെ മനോഹാരിത, ചില രൂപങ്ങള്‍ക്ക് ചില വൈകൃതങ്ങള്‍, ചില രൂപങ്ങള്‍ക്ക് ലാവണ്യമില്ലാത്ത അവസ്ഥ, ചിലരൂപങ്ങള്‍ക്ക് ലാവണ്യത്തിന്‍റെ തിളക്കം. അങ്ങനെ പല രൂപമാറ്റങ്ങളും പകലും രാത്രിയും പോലെ കണ്ടെത്താനാകുമത്രേ ചില ജീവിതങ്ങളില്‍.

ഒടുവിലായി തന്‍റെ ചുരുങ്ങിയ ജീവിതത്തോട് യാത്ര ചോദിക്കുമ്പോള്‍ പൂമ്പാറ്റ ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നുവത്രേ: സൗന്ദര്യവും വൈരൂപ്യവും തമ്മിലുള്ള അന്തരം തേടി നീ ഏറെ ദൂരങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഓര്‍ക്കുക അവ നിന്നിലും നീ കണ്ടുമുട്ടുന്നവരിലും കുടികൊള്ളുന്ന ജീവിതത്തിന്‍റെ അവസ്ഥാന്തരങ്ങളാണെന്ന സത്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.