കറുത്ത വജ്രം

ജാര്‍ഘണ്ഡിലെ കല്യാണ്‍പൂരിനടുത്തുള്ള ഒരു ഗ്രാമം. അവിടെയായിരുന്നു അമിതിന്‍റെ വീട്. പക്ഷേ, ഇന്ന് അവന്‍ നില്ക്കുക അന്യമായ തന്‍റെ ഗ്രാമത്തിന്‍റെ ഓര്‍മ്മയുമായിട്ടാണ്. ഇന്നലെവരെ തങ്ങള്‍ ഓടിനടന്ന് കളിച്ചിരുന്ന ഗ്രാമം ഇന്ന് അവനും അവന്‍റെ കൂട്ടുകാര്‍ക്കുമൊക്കെ ഓര്‍മ്മക്കുറിപ്പായി മാറിയിരിക്കുന്നു.

വലിയ ഗര്‍ത്തങ്ങളവശേഷിപ്പിച്ച് കറുത്ത വജ്രവുമായ് കറുത്തിരുണ്ട പൊടികൊണ്ട് തങ്ങളുടെ ജീവിതങ്ങളില്‍ കരിപൂശിയിട്ട് വന്‍കിട കമ്പനികള്‍ കടന്നുപോകുന്നു. ഇന്നിന്‍റെ സന്തോഷങ്ങള്‍ കാട്ടി വ്യാമോഹിപ്പിച്ച് നാളെയെ ഇരുട്ടിലാക്കുന്ന ഈ വന്‍കിട മുതലാളിമാര്‍ക്ക് ഒത്താശപാടിയെത്തിയ അധികാരവൃന്ദങ്ങളും തങ്ങളെ കബളിപ്പിച്ചു. കണ്ണുനീരോടെ തന്‍റെ പല കൂട്ടുകാരും ഈ കല്‍ക്കരി പാടത്തു വന്നുനിന്ന് ഓര്‍മ്മകളുമായ് തിരിച്ചുപോകുന്ന കാഴ്ച അവന്‍ പലതവണ കണ്ടിട്ടുണ്ട്.

തുച്ഛമായ പ്രതിഫലം നല്കി തങ്ങളെ ഒഴിപ്പിച്ചിട്ട് ഈ കമ്പനികള്‍ ഇവിടെ കല്‍ക്കരി ഖനനം ചെയ്യുമ്പോള്‍, സ്വന്തമെന്നു പറയാന്‍ ഒരുതുണ്ടു ഭൂമിയില്ലാതെ സ്വന്തം ദേശത്ത് അഭയാര്‍ത്ഥികളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി തങ്ങള്‍. ട്രക്കുകള്‍ നിറയെ കല്‍ക്കരിയുമായി റോഡുകള്‍ നിറയുമ്പോള്‍ നഷ്ടപ്പെട്ട തങ്ങളുടെ ജീവിതത്തിന്‍റെ നല്ല നാളുകള്‍ ഓര്‍ത്ത് വഴിയോരത്തിരുന്നു കരയുന്ന തന്‍റെ ഗ്രാമവാസികളെ അവന്‍ കാണാറുണ്ട്.

പാഠശാലകള്‍ക്കും അക്ഷരക്കൂട്ടങ്ങള്‍ക്കും ഭ്രഷ്ട് കല്പിച്ച തങ്ങളുടെ കാരണവന്മാരുടെ കര്‍മ്മദോഷം, അവന്‍ തന്നോടുതന്നെ പറഞ്ഞു. വലിയവന്‍ പറയുന്നതൊക്കെ വേദവാക്യം പോലെ അവകാശങ്ങളെ തിരിച്ചറിയാതെ സ്വന്തം ഗ്രാമത്തെ ഒറ്റിക്കൊടുത്തവരുടെ കൂട്ടത്തില്‍ തന്‍റെയും കാരണവന്മാര്‍ ഉണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ അവനു തന്നോടുതന്നെ സഹതാപം തോന്നി.

ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി മഴപെയ്തിട്ട് നാളുകള്‍ ഏറെയായി. പണ്ടൊക്കെ മുടക്കം വരാതെ എത്തിയിരുന്ന കാലവര്‍ഷങ്ങളും കാലഹരണപ്പെട്ട ഓര്‍മ്മയായി. എങ്ങും തീ പാറുന്ന ചൂട്, ചുട് കാറ്റില്‍ പറന്നുയരുന്ന പൊടിപടലങ്ങള്‍. കണ്ണില്‍ പൊടിയടിച്ചിട്ട് അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഒരു തുള്ളി കണ്ണുനീര്‍പൊഴിച്ച് തന്‍റെ ഓര്‍മ്മകളുമായി അവനും തങ്ങള്‍ക്കന്യമായ തന്‍റെ ഗ്രാമത്തോടു വിടപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.