ക്രിസ്മസ് ധ്യാനം: 12 ബേത്‌ലെഹെം

ജോസഫ് പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്‌ലെഹെമിലേയ്ക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടു കൂടെ പോയി (ലൂക്കാ 2:5).

പിതാവായ ദൈവത്തിന്റെ രക്ഷാകരപദ്ധതിയിലെ ഒരു പ്രധാനഭാഗമാകാന്‍ തിരഞ്ഞെടുക്കപ്പെട്ട പട്ടണമാണ് ബെത്‌ലേഹം. ബെത്‌ലേഹം ആദ്യമായി വിശുദ്ധ ഗ്രന്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഉല്‍പത്തി പുസ്തകം 35-ാം അദ്ധ്യായം 19-ാം വാക്യത്തിലാണ്. ഇസ്രായേലിന്റെ പ്രിയ ഭാര്യയായ റാഹേലിനെ അടക്കിയത് ബേത്‌ലെഹെം എന്നറിയപ്പെടുന്ന എഫ്രാത്തായിലേയ്ക്കുള്ള വഴിയിലായിരുന്നു എന്ന് അവിടെ രേഖപ്പെടുത്തിയിരിക്കുന്നു.

എന്നാല്‍, അതിനേക്കാള്‍മുമ്പ് ഉല്‍പത്തി പുസ്തകത്തില്‍ തന്നെ പറയാതെപറഞ്ഞ ഒരു പട്ടണമാണ് ബെത്‌ലേഹം. ആദിമാതാപിതാക്കളുടെ ആദിപാപത്തിന്റെ പശ്ചാത്തലത്തില്‍ ദൈവം സാത്താന്റെ പ്രതിരൂപമായ സര്‍പ്പത്തോടു പറയുന്നുണ്ട്: ”നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും” (ഉല്‍. 3:15). ഹവ്വായുടെ വംശപരമ്പരയിലൂടെ തന്റെ പുത്രനെ ലോകരക്ഷയ്ക്കായി ദാനം ചെയ്യുവാന്‍ പിതാവായ ദൈവം തീരുമാനിച്ച നിമിഷമായിരുന്നു അത്. ആ ഒരു നിമിഷത്തില്‍ തന്നെ അവന്‍ പിറക്കപ്പെടേണ്ട ഇടം ബെത്‌ലേഹമാണെന്ന് ദൈവം നിശ്ചയിച്ചു കഴിഞ്ഞിരുന്നു.

ബെത്‌ലേഹം തിരെഞ്ഞെടുക്കപ്പെട്ടുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് പിതാവായ ദൈവം പ്രവാചകനായ സാമുവേലിനെ, ജസ്സെയുടെ മകനായ ദാവീദിനെ അഭിഷേകം ചെയ്യാന്‍ ബേത്ലേഹമിലേക്ക് പറഞ്ഞയക്കുന്നത് (1 സാമു. 16:1-13). ദാവീദിന്റെ വംശത്തില്‍ നിന്നും നീതിയുടെ രാജാവ് ഉദയം ചെയ്യും എന്ന് ജെറെമിയാ പ്രവചിക്കുന്നുണ്ട്. ”ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു – കര്‍ത്താവ് അരുള്‍ചെയ്യുന്നു. അവന്‍ രാജാവായി വാഴുകയും ബുദ്ധിപൂര്‍വ്വം ചരിക്കുകയും ചെയ്യും” (ജെറ. 23:5). ജെസ്സെയും അവന്റെ മക്കളും ആകസ്മികമായി ബെത്‌ലേഹമില്‍ താമസിക്കാനിടയായതല്ല. പകരം ദൈവികപദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ബെത്‌ലേഹമില്‍ താമസിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്.

കൂടാതെ, പ്രവാചകനായ മിക്കായുടെ പ്രവചനം ബെത്‌ലേഹമിന്റെ തിരഞ്ഞെടുപ്പിനെ ശക്തിപ്പെടുത്തുന്നുണ്ട്: ”ബെത്‌ലേഹം – എഫ്രാത്താ, യൂദാ ഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ നിന്നില്‍ നിന്ന് എനിക്കായി പുറപ്പെടും; അവന്‍ പണ്ടേ യുഗങ്ങള്‍ക്കു മുമ്പേ ഉള്ളവനാണ്” (മിക്കാ 5:2).

തന്റെ പുത്രന്റെ ജനനത്തിനായി തിരഞ്ഞെടുത്ത ബെത്ലേഹം നഗരത്തിന്റെ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ഭാഗമുള്ള ചക്രവര്‍ത്തിയാണ് അഗസ്റ്റസ് സീസര്‍. ബെത്‌ലേഹമിലേക്കുള്ള മറിയത്തിന്റേയും യൗസേപ്പിന്റെയും യാത്രയുടെ ചൂണ്ടുപലകയാണ് അഗസ്റ്റസ് സീസര്‍. ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന അഗസ്റ്റസ് സീസറിന്റെ കല്പനപ്രകാരമാണ് ജോസഫും മറിയവും ദാവീദിന്റെ പട്ടണമായ ബെത്‌ലേഹമില്‍ പേരെഴുതിക്കുവാന്‍ എത്തുന്നതും അവിടെവച്ച് രക്ഷകന്‍ പിറക്കുന്നതും.

പക്ഷേ, പിറന്നുവീണ രക്ഷകനെ ഒരു നോക്ക് കാണുവാനോ അവന്റെ ജനനത്തില്‍ ആഹ്ലാദിക്കുവാനോ ബെത്‌ലേഹം നിവാസികള്‍ക്കായില്ല. തങ്ങളറിയാതെ തങ്ങളുടെ പട്ടണത്തിലെവിടെയോ ലോകരക്ഷകന്‍ ജനിച്ചിരിക്കുന്നു എന്ന സദ്‌വാര്‍ത്ത ചോര മണക്കുന്ന വേദനയുടെ രാത്രിയിലാണ് ബത്‌ലേഹം നിവാസികള്‍ തിരിച്ചറിയുന്നത്. തിരുക്കുടുംബം ഈജിപ്തിലേയ്ക്ക് പലായനം ചെയ്ത രാത്രിയില്‍ ബെത്‌ലേഹം പട്ടണത്തില്‍, ഹേറോദോസ് രാജാവിന്റെ പടയാളികള്‍ രണ്ടു വയസ്സിനു താഴെയുള്ള സകല കുഞ്ഞുങ്ങളെയും വധിച്ചുകളഞ്ഞു. പഴയകാല യുദ്ധങ്ങള്‍ എപ്പോഴും വെട്ടിപ്പിടിക്കുവാനും സിംഹാസനം ഉറപ്പിക്കുവാനുമായിരുന്നുവെങ്കില്‍ ഹേറോദോസ് രാജാവ്, തന്റെ സിംഹാസനത്തിന് ഒരു പ്രതിയോഗി വളരാതിരിക്കാനായിരുന്നു പിറന്നുവീണ ശിശുക്കളുടെ കഴുത്തറുത്തത്.

സമാധാനസ്ഥാപകന്റെ ജനനം ബെത്‌ലേഹം നിവാസികള്‍ക്ക് സമ്മാനിച്ചത് മാനുഷികദൃഷ്ടിയില്‍ അസമാധാനത്തിന്റെ വേദനയുള്ള രാത്രിയായിരുന്നു. ബെത്‌ലേഹമിന്റെ ദുഃഖം ജെറെമിയ പ്രവാചകന്റെ വാക്കുകളിലൂടെ സുവിശേഷകനായ മത്തായി രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ”റാമായില്‍ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ച് കരയുന്നു. അവളെ സ്വാന്തനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍ അവള്‍ക്ക് സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു” (മത്തായി 2:18).

പ്രാര്‍ത്ഥിക്കുന്നവരുടെ ജീവിതത്തിലെ സഹനങ്ങള്‍ കണ്ട് ഇതെന്ത് വൈരുദ്ധ്യം എന്ന് ആശ്ചര്യപ്പെടുന്നവര്‍ക്കുള്ള ഉത്തരമാണ് ബെത്‌ലേഹം. കാലാന്തരങ്ങളായി ദൈവികപദ്ധതിപ്രകാരം ഒരുക്കപ്പെട്ടു കൊണ്ടുവന്ന ബെത്‌ലേഹം പട്ടണം തന്റെ തിരഞ്ഞെടുപ്പിന്റെ പൂര്‍ത്തീകരണത്തില്‍ വിവരിക്കാനാകാത്ത വേദനയാല്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ഇത്തരം സന്ദര്‍ഭത്തില്‍ നാമറിയാതെ നമ്മിലുയരുന്ന ഒരു ചോദ്യമുണ്ട്: തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിതത്തില്‍ ദുരിതങ്ങള്‍/ സഹനങ്ങള്‍ അനിവാര്യമാണോ എന്ന്? സഹനങ്ങള്‍ അനിവാര്യമായിരിക്കും എന്നതിനേക്കാള്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ സഹനങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടവരല്ല എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്.…

ഭൗതീകസമ്പത്തും ആഡംബരജീവിതവും ജീവിതവിജയങ്ങളായി കണക്കാക്കുന്ന ആധുനികലോകത്തിന്റെ കാഴ്ചപ്പാടില്‍ സഹനങ്ങളും ദുരിതങ്ങളും ഇന്നും തിന്മയുടെ സമ്മാനങ്ങളായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഒരു ക്രൈസ്തവന്റെ ജീവിതലക്ഷ്യം ജീവിതസൗകര്യങ്ങളല്ല, പകരം ദൈവാഭിമുഖദര്‍ശനമാണ്. ലോകത്തില്‍ ആയിരുന്ന വര്‍ഷങ്ങളുടെ കണക്കെടുത്തല്ല അവിടുന്ന് തിരുമുഖദര്‍ശനത്തിന് നമ്മെ യോഗ്യരാക്കുന്നത്. പകരം ഒരുവന്റെ പ്രവൃത്തിയുടെ മാറ്റ് ഉരച്ചുനോക്കിയാണ് അവിടുന്ന് സമ്മാനത്തിനായി നമ്മെ ക്ഷണിക്കുന്നത്.

ഇന്ന് ബെത്‌ലേഹം ഓര്‍ക്കപ്പെടുന്നതും വാഴ്ത്തപ്പെടുന്നതും രണ്ട് കാരണങ്ങള്‍ കൊണ്ടാണ്; ലോകരക്ഷകന്റെ പിറന്ന നാട് എന്ന നിലയിലും അവനുവേണ്ടി ആദ്യത്തെ രക്തസാക്ഷികളായിത്തീര്‍ന്ന പിഞ്ചുകുഞ്ഞുങ്ങളുടെ പേരിലും. ആദ്യത്തെ കാരണത്തിന്റെ പ്രഭയില്‍ ചിലപ്പോഴൊക്കെ രണ്ടാമത്തേത് മങ്ങാറുണ്ട് പലപ്പോഴും.

നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി യേശുക്രിസ്തു കുരിശില്‍ മരിച്ചുവെങ്കില്‍ അവന്റെ ജീവനു വേണ്ടിയാണ് ബെത്‌ലേഹമിലെ പിഞ്ചുകുഞ്ഞുങ്ങള്‍ വധിക്കപ്പെട്ടത്. രക്തസാക്ഷികളായ പിഞ്ചുകുഞ്ഞുങ്ങള്‍ ബെത്‌ലേഹമിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുകയാണ്. ദൈവിക രക്ഷാകരപദ്ധതിയിലെ ഭാഗമായിത്തീരുകയാണ് ആ പിഞ്ചുകുഞ്ഞുങ്ങളും. ജീവന്‍ സമൃദ്ധമായി നല്‍കാന്‍ വന്നവനുവേണ്ടി ജീവിതം ആരംഭിച്ചവര്‍ നല്‍കിയ ഒരു സ്‌നേഹബലിയായിരുന്നു അത്.

നാമെല്ലാം പിതാവായ ദൈവത്തിന്റെ തുടരുന്ന രക്ഷാകരപദ്ധതിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ്. അതുകൊണ്ടു തന്നെ അവനായി നേടുന്ന നേട്ടങ്ങളില്‍ അഹങ്കരിക്കുകയോ അവനായി ഏറ്റെടുക്കുന്ന സഹനങ്ങളില്‍ വിലപിക്കുകയോ അരുത്. പകരം, ദൈവികപദ്ധതിയുടെ തെരെഞ്ഞെടുക്കപ്പെട്ട ഭാഗമാണ് നമ്മളെന്നും സംഭവിക്കുന്നതെല്ലാം ദൈവഹിത പ്രകാരമാണെന്നും വിശ്വസിച്ച് പ്രതീക്ഷയോടെ ജീവിതം തുടരുക.

ഫാ. മേജോ മരോട്ടിക്കല്‍

പ്രാര്‍ത്ഥന:

ദൈവമേ, അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ട പട്ടണമായി ബെത്‌ലഹേമിനെ അങ്ങ് ഉയര്‍ത്തിയല്ലോ. രക്ഷകന്റെ ജനനത്താല്‍ സന്തോഷഭരിതമെങ്കിലും കുഞ്ഞിപ്പൈതങ്ങളുടെ രക്തത്താല്‍ സങ്കടപൂരിതവുമാണ് എന്നും ബെത്‌ലഹേം. അങ്ങേ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിതത്തിലും ഇതുപോലുള്ള വൈരുദ്ധ്യങ്ങള്‍ ഉണ്ടല്ലോ. ഒരുവശത്ത് സന്തോഷവും മറുവശത്ത് സഹനവും. രണ്ടും തിരഞ്ഞെടുക്കപ്പെട്ടവരുടെ അവകാശവും ആവശ്യവുമാണെന്ന ബോധ്യം എന്റെ ഹൃദയത്തിലും ഉറപ്പിക്കേണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.