ആന്‍ട്രീന

ജീവിതത്തിന്‍റെ വില തേടി അയാള്‍ ഏറെദൂരങ്ങള്‍ നടന്നു. ഒരു രൂപപോലും വിലയില്ലാത്ത ജീവിതങ്ങള്‍ തൊട്ട് കോടികള്‍ വില കല്പിക്കുന്ന ജീവിതങ്ങളെ അയാള്‍ തന്‍റെ യാത്രയില്‍ കണ്ടുമുട്ടി. എല്ലാവരും മനുഷ്യരെങ്കിലും ജീവിതങ്ങള്‍ക്കു വില വിത്യാസം ഉണ്ടെന്ന് അയാള്‍ തന്‍റെ മനസ്സില്‍ കുറിച്ചിട്ടു. ഒന്നാംതരം, രണ്ടാംതരം, മൂന്നാംതരം എന്ന് ചന്തയില്‍ സാധനങ്ങള്‍ തരംതിരിക്കുംപോലെ മനുഷ്യരെയും മനുഷ്യര്‍ തരംതിരിക്കുന്നുവെന്നതായിരുന്നു അയാള്‍ തന്‍റെ യാത്രയില്‍ കണ്ടെത്തിയ സത്യം.
തന്‍റെ യാത്രയ്ക്കിടയിലെ ഒരു സംഭവം പെട്ടെന്ന് അയാളുടെ ഓര്‍മ്മയിലെത്തി.

തിരക്കേറിയ ഒരു നഗരത്തിലൂടെയായിരുന്നു അന്നയാളുടെ യാത്ര. ആരും ആരെയും കാണുന്നില്ല, എല്ലാവര്‍ക്കും തിരക്ക്, ദൂരങ്ങളേറെ സഞ്ചരിക്കണം, ഏറ്റം വേഗത്തില്‍ സഞ്ചരിക്കണം, ഏറ്റം സുഖകരമായി സഞ്ചരിക്കണം, അതാണത്രേ തിരക്കുകള്‍ക്കിടയിലും മനുഷ്യന്‍ കാത്തുസൂക്ഷിക്കുന്ന ജീവിതനിയമം. കാത്തുനില്പും കരുതലും പല കണ്ണുകളിലും നഷ്ടമായി. അക്ഷമരാകുന്ന മുഖഭാവങ്ങളാണേറയും. ആഡംബരങ്ങളും പ്രൗഡിയും മാത്രം പ്രതിഫലിപ്പിക്കുന്ന പുറം മോടികളണിഞ്ഞു നില്ക്കുന്ന നഗരം. തിരക്കുകള്‍ക്കിടയിലും ഉള്ളിന്‍റെ നന്മകള്‍ നിലാവെളിച്ചം പോലെ ചില ജീവിതങ്ങളില്‍ മിന്നിമറയുന്നു.

ആന്‍ട്രീന എന്ന എട്ടു വയസ്സുകാരി തന്‍റെ ഡാഡിയുമൊത്ത് ഷോപ്പിംഗിനായി എത്തിയതാണ്. വണ്ടി പാര്‍ക്കിംഗ് സ്ഥലത്തേക്ക് മാറ്റിയിട്ടത് ആന്‍ട്രീനയും പപ്പയും വണ്ടിയില്‍നിന്നും ഇറങ്ങി. മുഷിഞ്ഞ് കീറലുകള്‍ തുന്നിച്ചേര്‍ത്ത വസ്ത്രമണിഞ്ഞ് ഒരു പെണ്‍ കുട്ടി അവരുടെ അടുത്തേക്കെത്തി. ചേട്ടാ, വല്ലതും തരണേ, വിശക്കുന്നു, ആ പെണ്‍കുട്ടി പറഞ്ഞു. അത് കേട്ടിട്ടോ കേള്‍ക്കാഞ്ഞിട്ടോ അയാള്‍ തന്‍റെ മകള്‍ ആന്‍ട്രീനയുടെ കൈയില്‍ പിടിച്ച് വേഗം റോഡു മുറിച്ചു കടകളായ കടകള്‍ തോറും കയറിയിറങ്ങാന്‍ തുടങ്ങി. ആ പെണ്‍കുട്ടി അവിടെ തന്നെ ഇരുന്നു.

ഷോപ്പിംഗ് കഴിഞ്ഞ് കൈനിറയെ കവറുകളുമായി ആന്‍ട്രീനയും ഡാഡിയും തിരിച്ചെത്തി. അപ്പോഴും ആ പെണ്‍കുട്ടി അയാളുടെ വരവും കാത്തെന്നോണം അവിടെതന്നെ ഇരിപ്പുണ്ട്. അവള്‍ തന്‍റെ പതിവു ചോദ്യം ആവര്‍ത്തിക്കാന്‍ മറന്നില്ല. ആന്‍ട്രീന ഒരു നിമിഷം ഒന്നു നിന്നു. സ്നേഹിക്കാന്‍ മറ്റൊരാളില്ലാത്ത, പങ്കുവയ്ക്കാന്‍ ഒരു കൂടെപിറപ്പില്ലാത്ത തന്‍റെ ഉള്ളില്‍ പങ്കുവയ്ക്കാന്‍ ഒരു മോഹം ഉദിക്കുന്നതായി ആന്‍ട്രീനയ്ക്കു തോന്നി. അവളുടെ മുഖത്തെ സങ്കടത്തിന് തന്‍റെ സ്നേഹം കൊണ്ട് സന്തോഷം പകരാന്‍ അവള്‍ ആഗ്രഹിച്ചു. അപ്പോഴേക്കും ഡാഡി ആന്‍ട്രീനയുടെ കൈയില്‍നിന്നും കവറുകള്‍ വാങ്ങി വണ്ടിയുടെ പുറകിലെ സീറ്റിലിട്ടിട്ട് മുമ്പിലെ വാതില്‍ തുറന്ന് അവളെ കാറിന്‍റെ അകത്താക്കി വാതിലടച്ചു. കുഞ്ഞുമനസ്സിന്‍റെ നന്മകള്‍ ഒക്കെ നുള്ളിക്കളയുന്ന ചില ഡാഡിമാരും മമ്മിമാരും ഒക്കെയുണ്ടത്രേ. കാരണം തങ്ങള്‍ ക്കൊക്കെ എന്തോ വലിയ നിലയും വിലയുമുണ്ടെന്നാണത്രേ അവരുടെ ധാരണ.

അയാള്‍ തന്‍റെ മകളെയുമായി കാറില്‍ വേഗത്തിലോടിമറയുമ്പോള്‍ ഇടയ്ക്കെപ്പോഴോ ഒന്നശ്രദ്ധമായി. ഒരു നിമിഷത്തെ അലക്ഷ്യതയില്‍ ആ അപകടം സംഭവിച്ചു. പരിക്കുകളോടെ ആന്‍ട്രീനയും ഡാഡിയും രക്ഷപ്പെട്ടു. എങ്കിലും വണ്ടി ഇനി പാട്ടവിലക്ക് വിറ്റാല്‍ മതിയെന്ന് കണ്ടവരൊക്കെ പറഞ്ഞു. നിലവിളികള്‍ക്കു പിന്നാലെ എന്നും പരക്കം പായുന്ന തെരുവിലെ ആ ബാലിക അവിടെ ഓടിയെത്തി. തനിക്കൊന്നും തന്നില്ലെങ്കിലും സാഹോദര്യത്തിന്‍റെ ഒരു നോട്ടം സമ്മാനിച്ച ആന്‍ട്രീന രക്തത്തില്‍ കുളിച്ചുനില്ക്കുന്ന കാഴ്ച. അവള്‍ തന്‍റെ കീറലുകള്‍ തുന്നിച്ചേര്‍ത്ത കുപ്പായം വീണ്ടും കീറി അവളുടെ മുറിവുകള്‍ തുടച്ചു. പിന്നിലൂടെയെത്തിയ ഒരു വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്കയച്ചു. നഗരത്തിന്‍റെ നടുവിലുള്ള കുരിശുപള്ളിയില്‍ മാതാവിന്‍റെ തിരുസ്വരൂപത്തിന്‍റെ മുമ്പില്‍ തന്‍റെ കൈയിലെ നാണയത്തുട്ടുകള്‍ കൊടുത്തുവാങ്ങിയ മെഴുകുതിരികള്‍ കത്തിച്ച് കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. സന്തോഷങ്ങളിലും സങ്കടങ്ങളിലും കണ്ണുനിറയുമ്പോള്‍ അവള്‍ ചെയ്യാറുള്ള ഒരു പതിവാണത്രേ അത്.

വീണ്ടും ഒരുനാള്‍ വൈകുന്നേരം മറ്റുള്ളവരുടെ ദാനത്തിനായി അവള്‍ കൈനീട്ടുന്നതിനിടയില്‍ ആന്‍ട്രീനായെ കണ്ടുമുട്ടി. അവളുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു. ആന്‍ട്രീനയുടെയും മിഴികള്‍ നിറയുന്നതായി അവള്‍ കണ്ടു, ആന്‍ട്രീന വണ്ടിയില്‍നിന്നിറങ്ങി അവളുടെ കണ്ണുനീര്‍ തുടച്ച് അവളെ കെട്ടിപ്പിടിച്ചു. ഷോപ്പിംഗ് കഴിഞ്ഞെത്തിയ ആന്‍ട്രീന പുതുവസ്ത്രങ്ങള്‍ അവള്‍ക്കു സമ്മാനിച്ചു. അപ്പോഴേക്കും ഡാഡിയും കാറിന്‍റെ വാതില്‍ തുറന്ന് അടുത്തെത്തി. മോളെ, നീ സ്കൂളില്‍ പോയി പഠിക്കണം. ഡാഡിയാണ് പറഞ്ഞത്. പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒക്കെ ഞാന്‍ തയ്യാറാക്കി കൊള്ളാം. നാളെ രാവിലെ പത്തുമണിക്ക് സെന്‍റ് തോമസ് സ്കൂളില്‍ എത്തുക, അയാള്‍ കൂട്ടിച്ചേര്‍ത്തു. അയാള്‍ തന്‍റെ മനസ്സില്‍ ഇങ്ങനെ വിധിച്ചു: ഈ രാത്രിയില്‍ അവള്‍ ഉറങ്ങില്ല. വഴിയരികില്‍ തീര്‍ത്ത തന്‍റെ കൂരയ്ക്കുള്ളിലൂടെ ആകാശജാലത്തില്‍ വിരിഞ്ഞ നക്ഷത്രങ്ങളെയും നോക്കി അവള്‍ തന്‍റെ സ്വപ്നലോകത്തിലൂടെ സഞ്ചരിക്കും, തീര്‍ച്ച.

തിരക്കുകള്‍ക്കിടയിലും സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്വപ്നങ്ങളേകുവാന്‍ മനുഷ്യര്‍ ചിലപ്പോഴൊക്കെ തയ്യാറാകുന്നത് ജീവിതത്തിന്‍റെ വില തിരിച്ചറിയുമ്പോഴായിരിക്കാം, അയാള്‍ മനസ്സില്‍ കുറിച്ചിട്ടു. ജീവിതത്തിന്‍റെ വില ഒരുവന്‍റെ ജീവിതം കൊണ്ട് മാത്രം വീട്ടാനാകുന്ന കടമാണെന്ന് അയാള്‍ക്കു മനസ്സിലായി. മനുഷ്യന്‍ മനുഷ്യനു കല്പിക്കുന്ന വിലയല്ല മറിച്ച് ദൈവം മനുഷ്യന് കൊടുക്കുന്ന വിലയാണത്രേ അത്.

ആ രാത്രിയില്‍ അവള്‍ ഉറങ്ങിയില്ല, തന്‍റെ സ്വപ്നലോകത്തിലൂടെ അവള്‍ സഞ്ചരിച്ചു. ആന്‍ട്രീനയും ആ രാത്രിയില്‍ ഉറങ്ങിയില്ല, ഒരു ആത്മമിത്രത്തെ കണ്ടുമുട്ടിയതിന്‍റെ ആനന്ദം അവളുടെ മനസ്സിലും ഉണര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.