ഒറ്റയ്ക്കൊരാള്‍

[avatar user=”Makkichan” size=”120″ align=”right” /]

അവന്‍റെ എല്ലാ സങ്കടങ്ങള്‍ക്കും കാരണം ഒറ്റയ്ക്കാണ് എന്ന തോന്നല്‍ ആയിരുന്നു. ജീവിതത്തില്‍ എല്ലാവരും ഒറ്റയാക്കപ്പെടുന്ന അനുഭവങ്ങള്‍ ഉണ്ടാകുമെന്നത് സ്വാഭാവികമായ ജീവിതനിയമമാണ്. പലപ്പോഴും തനിച്ചാകുമ്പോഴാണത്രേ ഒരുവന്‍റെ തനിമ ആവിഷ്കരണം ചെയ്യുക.

പല വഴികളില്‍ പലരും സഹയാത്രികരായി കൂടെയെത്തുമെങ്കിലും കുറേ ദൂരങ്ങള്‍ക്കൊടുവില്‍ തനിച്ചാകും എന്നതും ആരോ കുറിച്ചിട്ട ജീവിതനിയമം തന്നെ. യാത്രികന്‍റെ പരിവേഷങ്ങളണിഞ്ഞ് അയാള്‍ ഏറെ ദൂരങ്ങള്‍ സഞ്ചരിച്ചിട്ടുണ്ട്. സഞ്ചരിച്ച ദൂരങ്ങളത്രയും അയാളുടെ ഓര്‍മ്മകളുടെ കൂടാരത്തില്‍ മറഞ്ഞിരിപ്പുണ്ട്.

യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയവരും, കൂടെ നടന്നവരും, യാത്ര പറഞ്ഞവരും എല്ലാം ഓര്‍മ്മകളുടെ കൂടാരത്തില്‍ മറഞ്ഞിരിക്കുന്നുവത്രേ. എങ്കിലും ഇടയ്ക്കൊക്കെ മനസ്സില്‍ തനിച്ചാണെന്ന തോന്നല്‍. എല്ലാ സൗഹൃദങ്ങളും അയാളില്‍ വികാരങ്ങളുടെ ഒരു ലോകം തീര്‍ത്തിരുന്നു. ബന്ധങ്ങള്‍ പലതും മനസ്സിന്‍റെ ബന്ധനങ്ങളായി അവശേഷിച്ചുവെന്നതും സത്യംതന്നെ. സന്തോഷങ്ങളേക്കാള്‍ സങ്കടങ്ങളാണ് പലപ്പോഴും അയാള്‍ക്ക് ബന്ധങ്ങള്‍ സമ്മാനിച്ചത്. എല്ലാ ബന്ധങ്ങള്‍ക്കും ഇത്തിരി ദൂരം. പിന്നെ തനിച്ചാണെന്ന തോന്നല്‍. വലിയ സൗഹൃദം പങ്കിട്ട് കുറേ ദൂരങ്ങള്‍ കൂടെ നടന്നു. പിന്നെ അയാള്‍ മനസ്സിലാക്കി സൗഹൃദങ്ങള്‍ ഒക്കെ പുതുമ തേടുന്നുവെന്ന്. വീണ്ടും അയാള്‍ തന്‍റെ ലോകത്തില്‍ ഒറ്റയ്ക്കാണ് എന്ന തോന്നല്‍. പിന്നെ സങ്കടങ്ങളായി ജീവിതത്തിന്‍റെ സന്തതസഹചാരി.
അങ്ങനെയിരിക്കെ ഒരുനാള്‍ അയാള്‍ ഒരു ഗുരുവിനെ കണ്ടുമുട്ടി. അയാള്‍ തന്‍റെ സങ്കടം ഗുരുവിനെ അറിയിച്ചു. മിഴികള്‍ പൂട്ടി ഗുരു ഇങ്ങനെ പറഞ്ഞു: അങ്ങകലെയൊരു പുണ്യതീര്‍ത്ഥമുണ്ട് അവിടെ പോയി നീ കുളിക്കുക. മനുഷ്യന്‍റെ സങ്കടങ്ങളൊക്കെ കഴുകി കളയുന്ന പുണ്യതീര്‍ത്ഥമാണത്.

ഗുരുമൊഴികള്‍ നിറവേറ്റുവാന്‍ അയാള്‍ നടന്നു തുടങ്ങി. ഒടുവില്‍ ആ പുണ്യതീര്‍ത്ഥത്തിനരികിലെത്തി. പല പടവുകളുള്ള തീര്‍ത്ഥം. ഒരുനിമിഷം അയാള്‍ തന്‍റെ കണ്ണുകളടച്ച് ഗുരുമൊഴികള്‍ ഓര്‍ത്തു. പിന്നെ അയാള്‍ കണ്ണു തുറന്ന് തീര്‍ത്ഥത്തിലേക്കു നോക്കി. വെള്ളത്തില്‍ തന്‍റെ നിഴലുകള്‍. ഇവിടെയും താന്‍ ഒറ്റയ്ക്കാണ്, അയാള്‍ ഓര്‍ത്തു.

അയാള്‍ തന്‍റെ സങ്കടങ്ങളുമായി ഓരോ പടവുകള്‍ തീര്‍ത്ഥത്തിലേക്കിറങ്ങി. കഴുത്തൊപ്പം വെള്ളമായി. ഇവിടെതന്നെ നില്കാമെന്നു വിചാരിച്ചു നില്ക്കുമ്പോള്‍ പെട്ടെന്ന് അയാളുടെ കാലുകള്‍ ആ പടവില്‍നിന്ന് വഴുതി. നീന്തല്‍ അറിയില്ലാത്ത അയാള്‍ക്ക് ആകെ മരണവെപ്രാളമായി. തന്‍റെ സങ്കടങ്ങളെല്ലാം ഇവിടെ തീര്‍ന്നു. മരണം അതാണ് ജീവിതത്തിലെ അവസാനത്തെ ഒറ്റപ്പെടല്‍.

പെട്ടെന്നാണ് അയാളുടെ നിലവിളികേട്ട് ആ കുളക്കരയിലേക്ക് ആരോ ഓടിയെത്തിയത്. ഓടിയെത്തിയ ആള്‍ ജലത്തിലേക്ക് എടുത്തുചാടി മുങ്ങി താഴുന്ന അയാളുടെ മുടിയില്‍ പിടിച്ചു മെല്ലെ ഉയര്‍ത്തി. അവശനായ അയാള്‍ പിന്നെ പടവുകള്‍ ഓരോന്നായ് ചവിട്ടി മുകളിലെത്തി. ഈശ്വരനാണ് നിങ്ങളെ ഇപ്പോള്‍ ഇവിടെ എത്തിച്ചത്, അയാള്‍ പറഞ്ഞു. തീര്‍ച്ചയായും എന്ന് മറുപടി പറഞ്ഞ് ആ മനുഷ്യന്‍ നടന്നുനീങ്ങി.

ആ പുണ്യതീര്‍ത്ഥത്തിന്‍റെ കരയിലിരുന്ന് അയാള്‍ തിരിച്ചറിഞ്ഞു താന്‍ ജീവിതത്തില്‍ തനിച്ചല്ല എന്ന സത്യം. ഒടുവിലയാള്‍ ആ തീര്‍ത്ഥത്തിനരികില്‍ ഒരു കുറുപ്പടി എഴുതിവച്ചിട്ട് തന്‍റെ യാത്ര തുടര്‍ന്നു. ആ കുറുപ്പടി ഇങ്ങനെയായിരുന്നു: ഈശ്വരനെന്ന സത്യത്തെ തിരിച്ചറിയുവോളം ഒരുവന്‍ തനിച്ചാണ്, അവന്‍റെ സങ്കടങ്ങളെ താലോലിച്ച് അവന്‍ യാത്ര തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.