യഥാര്‍ത്ഥ ഗുരു

ആര്‍ക്കും ഭയംകൂടാതെ കയറിയിറങ്ങി പോകാവുന്ന ഒരു വഴിയമ്പലം, അതായിരുന്നു അയാളുടെ മനസ്സ്. ഏതൊരു യാത്രക്കാരനും തന്‍റെ ഭാണ്ഡങ്ങള്‍ ഇവിടെ ഇറക്കിവയ്ക്കാം, പാദുകങ്ങള്‍ ഇവിടെ ഉപേക്ഷിക്കാം, തിരിവെളിച്ചം കൈയിലേന്താം, തീര്‍ത്ഥാടകന്‍റെ തിരുവാഭരണങ്ങള്‍ അണിയാം. ഒരു തണല്‍ മരത്തിന്‍റെ ഛായയും, മരുഭൂമിയിലെ മുള്‍ച്ചെടിയും ആയിരുന്നുവത്രേ അയാളുടെ മനസ്സ്. ഒന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാകാം അയാളുടെ മനസ്സ് അങ്ങനെയായത്.

അല്ലെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുമ്പോഴാണ് അതു മനസ്സില്‍ തങ്ങുക. ഒന്നും സ്വന്തമാക്കാനാഗ്രഹിക്കാതെ ആരെയും സ്വന്തമാക്കാതെ എല്ലാവര്‍ക്കും സ്വന്തമായി തീര്‍ന്ന ജീവിതമെന്ന് അയാളുടെ ജീവിതത്തെക്കുറിച്ച് കാലം കുറിച്ചുവച്ചുവത്രേ. കാലങ്ങള്‍ക്കൊടുവില്‍ ‘യഥാര്‍ത്ഥ ഗുരു’ എന്ന നാമവും പേറി അയാള്‍ ഓര്‍മ്മയില്‍ മറഞ്ഞുവത്രേ.

ദിവ്യതയുടെ ഗന്ധമാണ് പലപ്പോഴും മനുഷ്യന്‍റെ അന്വേഷണങ്ങളുടെ അവസാനം. ഒന്നും സ്വന്തമാക്കാനാഗ്രഹിക്കാത്തവന്‍റെ സ്വന്തമായി തീരുവാനാണത്രേ മനുഷ്യന്‍റെ അവസാനത്തെ ആഗ്രഹം. കാരണം സ്വന്തമായ് കരുതിയത് പലതും വഴിയാത്രയില്‍ അന്യമായപ്പോള്‍ അവശേഷിച്ചത് സ്വന്തം ജീവിതം മാത്രമായിരുന്നു. പലതും, പലരെയും സ്വന്തമാക്കാം ജീവിതമെന്ന ഇത്തിരി ദൂരത്തോളം. പക്ഷേ, അവിടെയും പലവുരു മനസ്സില്‍ വേര്‍പാടിന്‍റെ നൊമ്പരങ്ങള്‍ പേറണം എന്നതും കാലം കാട്ടിത്തരുന്ന സത്യംതന്നെ. അവിടെയാണ് പലരും പരാജയപ്പെടുന്നത്, യഥാര്‍ത്ഥ ഗുരുവിനെ തേടുന്നത്.

വഴിയാത്രയില്‍ അറിഞ്ഞും അറിയാതെയും പലതും, പലരും സ്വന്തമാകും. പക്ഷേ, പലതും പലരെയും ഉപേക്ഷിക്കണം യാത്രതുടരാന്‍. അങ്ങനെ എത്രയോ പേര്‍ അയാളുടെ അടുത്തെത്തി, സ്വന്തമായി പലതും, പലരെയും ഉപേക്ഷിക്കാനുള്ള മനക്കരുത്തിനായി. അടുത്തെത്തിയവരൊക്കെ യഥാര്‍ത്ഥ ഗുരുവിനെ കണ്ടെത്തി. നിനക്ക് സ്വന്തമായുള്ളത് ഈശ്വരന്‍ മാത്രം എന്ന ഗുരുമൊഴിയും അയാളില്‍നിന്നു കേട്ട് ദിവ്യതയുടെ പുലരിവെളിച്ചം ഏറ്റുവാങ്ങി പലരും ഏറെ ദൂരങ്ങള്‍ നടന്നുവെന്ന് കാലം സാക്ഷിക്കുന്നുവത്രേ.

മാക്കിച്ചൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.