മണികിലുക്കം

ഒരു മണികിലുക്കം കേട്ടാണ് കുഞ്ഞിപ്രാവ് ഉണര്‍ന്നത്. പൂജാനടകള്‍ തുറന്ന് പൂജാരി അകത്തെത്തി. പൂജ തുടങ്ങിയതിന്‍റെ മണികിലുക്കമാണ് കുഞ്ഞിപ്രാവ് കേട്ടത്. എന്നും ഇതുതന്നെയാണ് പതിവ്.

പൂജാരിയുടെ മണികിലുക്കമാണ് കുഞ്ഞിപ്രാവിന്‍റെ ഉണര്‍ത്തുനാദം. ഉറക്കമുണര്‍ന്ന കുഞ്ഞിപ്രാവും പൂജാരിയോടൊത്തിരുന്ന് മിഴിപൂട്ടി കുറേ നേരം പ്രാര്‍ത്ഥിക്കും. പിന്നെ പുലര്‍ക്കാലത്തിലെ ഉണര്‍ന്ന് പൂജയ്ക്കായി എത്തുന്നവരെയൊക്കെ നോക്കിയിരിക്കും. പൂജ കഴിഞ്ഞ് പൂജാ നടകളടച്ച് പൂജാരി യാത്രയാകുമ്പോള്‍ കുഞ്ഞിപ്രാവും തന്‍റെ കുഞ്ഞിചിറകുകള്‍ വീശി പുറത്തേക്കിറങ്ങും. പിന്നെ പൂജാരിയുടെ വക ഒരു തലോടല്‍. തനിക്കായ് കരുതിവച്ചിരിക്കുന്ന കുപ്പിയില്‍നിന്നും കുറെ ധാന്യമണികള്‍ അയാള്‍ എടുത്തിട്ടു തരും. അതു മുഴുവനും തിന്നു തീരുവോളം അയാള്‍ നോക്കി നില്ക്കും.

പിന്നെ ഒരു ചൂളമടിച്ച് ഒരിക്കല്‍കൂടി തന്നെ കൈയിലെടുത്തു തലോടി റ്റാറ്റ പറഞ്ഞ് അയാള്‍ വീണ്ടും നടന്നുനീങ്ങും. ഏറെദൂരങ്ങളൊന്നും പറക്കാനാവാത്തതു കാരണം തന്‍റെ കുഞ്ഞിചിറകുകളടിച്ച് കുഞ്ഞിപ്രാവ് ആ ആരാധനാലയത്തിന്‍റെ ചുറ്റും കറങ്ങും. എന്നുമുള്ള പതിവാണിതും.
അങ്ങനെ ഒരുനാള്‍ പൂജക്കെത്തിയ ഒരാള്‍ കുഞ്ഞിപ്രാവിനെ കണ്ടിഷ്ടപ്പെട്ടു. എങ്ങനെയെങ്കിലും കുഞ്ഞിപ്രാവിനെ സ്വന്തമാക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു. തന്‍റെ ആഗ്രഹം പൂജാരിയെ അറിയി ക്കാതെ അയാള്‍ കുഞ്ഞിക്കിളിയുടെ ദിനചര്യകള്‍ ചോദിച്ചറിഞ്ഞു. അങ്ങനെ ഒരുനാള്‍ പൂജാരിയെത്തുംമുമ്പേ, പൂജാനടകള്‍ തുറന്ന് അയാള്‍ മണികിലുക്കി. കുഞ്ഞിപ്രാവ് പതിവുപോലെ ഉണര്‍ന്നു. ഏറെ താമസിയാതെ അയാള്‍ പൂജാനടകള്‍ അടച്ച് പുറത്തിറങ്ങി. എന്താണ് സംഭവിച്ചത്, പ്രാര്‍ത്ഥനയ്ക്കിടയില്‍ താന്‍ ഉറങ്ങിപോയോ? കുഞ്ഞിപ്രാവ് തന്നോടുതന്നെ ചോദിച്ചു.

എന്തായാലും പൂജാരിയുടെ അടുത്തേക്കു ചെല്ലാം. കുഞ്ഞിപ്രാവ് തന്‍റെ കുഞ്ഞിളം ചിറകുകള്‍ വിരിച്ച് പുറത്തേക്കു പറന്നെത്തി. നേരം അത്രയങ്ങു വെളുത്തിട്ടില്ല. രാത്രി കൂടുതലായിരിക്കും അതുകൊണ്ടാവാം, കുഞ്ഞിപ്രാവ് തന്നോടുതന്നെ പറഞ്ഞു. പതിവുപോലെ കുഞ്ഞിപ്രാവ് പൂജാരിയെന്നു കരുതി അയാളുടെ തോളത്ത് പറന്നിരുന്നു. കുഞ്ഞിപ്രാവിനെ തന്‍റെ കൈക്കുള്ളിലാക്കി അയാള്‍ ഒന്ന് തലോടി പിന്നെ മുറുക്കെ പിടിച്ചു. കുഞ്ഞിപ്രാവ് അപ്പോഴാണ് തിരിച്ചറിഞ്ഞത് അതു പൂജാരിയല്ല മറ്റാരൊ ആണെന്ന സത്യം. കൊത്തിനോവിച്ച് പറന്നാലോ, കുഞ്ഞിപ്രാവ് ഓര്‍ത്തു. പക്ഷേ, എത്രദൂരം തനിക്ക് പറക്കാനാകും, അല്പദൂരങ്ങള്‍ ക്കുള്ളില്‍ ചിറകടിച്ച് നിലംപതിക്കും. കണ്ണുകള്‍ നിറഞ്ഞൊഴുകി. നേരം വെളുത്തുതുടങ്ങി. പൂജാരി പതിവുപോലെ പൂജാനടകള്‍ തുറന്ന് അകത്തെത്തി. പൂജ തുടങ്ങിയതിന്‍റെ മണികിലുക്കം കുഞ്ഞിപ്രാവ് കേട്ടു. പതിവുപോലെ മിഴികള്‍പൂട്ടി കുഞ്ഞിപ്രാവ് തന്‍റെ കണ്ണീരടക്കി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്തെന്നില്ലാത്ത ഒരു ദിവ്യതയുടെ അനുഭവം കുഞ്ഞിപ്രാവിന് അനുഭവപ്പെട്ടു.

എല്ലാം ഒരു സ്വപ്നമെന്നപോലെ കുഞ്ഞിപ്രാവിനു തോന്നി. അയാളുടെ കൈകള്‍ സാവധാനം അയയുന്നതായി കുഞ്ഞിപ്രാവിന് അനുഭവപ്പെട്ടു. അയാളുടെ കൈകളില്‍നിന്ന് ഉതിര്‍ന്ന് കുഞ്ഞിപ്രാവ് പറന്നുയര്‍ന്നു. അയാള്‍ തന്‍റെ വിഫലമായ ശ്രമത്തെയോര്‍ത്ത് പരിതപിച്ച് നടന്നകന്നു. കുഞ്ഞിപ്രാവ് അന്നാദ്യമായാണ് തന്‍റെ ചിറകുകള്‍ക്ക് ഇത്രയും ശക്തിയുണ്ട് എന്ന് തിരിച്ചറിഞ്ഞത്. പറന്നുപറന്നവള്‍ ആരാധനാലയത്തിന്‍റെ മുറ്റത്തെത്തി. അപ്പോഴേക്കും പൂജാരി പൂജാനടകളടച്ച് മുറ്റത്തെത്തിയിരുന്നു. പതിവുപോലെ പൂജാരി കുപ്പിയില്‍ സൂക്ഷിച്ച ധാന്യമണികള്‍ ഇട്ടുകൊടുത്തു. എല്ലാം തിന്നു വയറ് നിറച്ചു. സംഭവിച്ചതൊന്നും അറിയാതെ പൂജാരി കുഞ്ഞിപ്രാവിനെ തന്‍റെ കൈയിലെടുത്ത് തലോടി. നഷ്ടപ്പെട്ടെന്ന് വിചാരിച്ച ജീവന്‍ വീണ്ടുകിട്ടിയതിന്‍റെ സന്തോഷത്തോടെ അവള്‍ ആ ആരാധനാലയത്തിന് ചുറ്റും പറന്നുനടന്നു.

മാക്കിച്ചൻ (ഫാ. അനീഷ് മാക്കിയിൽ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.