അച്ചുവും കിച്ചുവും

അച്ചുവും കിച്ചുവും ഒരുമിച്ച് പറന്നുതുടങ്ങിയ രണ്ടു പക്ഷികളായിരുന്നു. എന്നും അവരുടെ യാത്രകള്‍ ഒന്നിച്ചായിരുന്നു. രാവിലെ തീറ്റതേടി പറന്നകലും, നേരം മങ്ങിതുടങ്ങുമ്പോള്‍ കൂട്ടില്‍ പറന്നെത്തും. അന്നും അവര്‍ പതിവു പോലെ പുലര്‍ക്കാലത്തിലെ തന്നെ എണീറ്റ് തങ്ങളുടെ യാത്ര തുടങ്ങി.

മലയോരങ്ങളും, മലഞ്ചെരുവുകളും താണ്ടി അവര്‍ കനകപുരിയിലെത്തി. തിരക്കേറിയ വഴികള്‍, എങ്ങും ഉച്ചഭാഷിണികളുടെ മുഴക്കങ്ങള്‍. തിരുനാളുകളും ഉത്സവങ്ങളുമായി ആളുകളെല്ലാം ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്നു. വഴി നീളെ പരസ്യക്കാരുടെയും കച്ചവടക്കാരുടെയും ബഹളങ്ങള്‍. ബഹളങ്ങളൊന്നുമറിയാതെ തിടുക്കത്തിലും സാവധാനത്തിലുമായി നടന്നകലുന്നവരെയും അവിടെ കാണാം. കാഴ്ചകള്‍ കണ്ട് അച്ചുവും കിച്ചുവും ഇത്തിരി നേരം ആ കെട്ടിടത്തിന്‍റെ മുകളില്‍ ഇരുന്നു.

പെട്ടെന്നാണ് അതവരുടെ ശ്രദ്ധയില്‍പ്പെട്ടത്. കൈയില്‍ മാരകായുധങ്ങളുമായി രണ്ടുമൂന്നു ചെറുപ്പക്കാര്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു നീങ്ങുന്നു. അവര്‍ മുന്നില്‍ ആരെയോ ലക്ഷ്യം വച്ചാണ് പോകുന്നത്. നോട്ടം എത്തിതീരുന്നതിനുമുമ്പേ അവര്‍ ആയുധം പ്രയോഗിച്ച് ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു. വിറകുവെട്ടുന്ന ലാഘവത്തോടെ അവര്‍ ആ മനുഷ്യനെ വെട്ടിമുറിവേല്പിച്ചിട്ട് കടന്നുകളഞ്ഞു. ആള്‍ക്കൂട്ടങ്ങള്‍ ബഹളിപിടിച്ച പോത്തിനെ പോലെ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. അയാളില്‍ ശേഷിച്ചിരുന്ന ജീവന്‍ ആള്‍ക്കൂട്ടത്തിന്‍റെ ചവിട്ടില്‍ പോയിമറഞ്ഞു.

രക്തത്തില്‍ കുളിച്ച ആ മൃതശരീരത്തിന്‍റെ അടുത്തിരുന്ന് കരയുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ അച്ചുവിന്‍റെയും കിച്ചുവിന്‍റെയും കണ്ണുനിറഞ്ഞു. ഒന്നും ചെയ്യാന്‍ കഴിയാതെ പോയ തങ്ങളുടെ നിസ്സഹായതയേ ഓര്‍ത്തു പരിതപിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ഓടിക്കൂടിയ പോലീസ് പിന്നെ മൃതശരീരത്തെയും കുട്ടിയെയും വണ്ടിയില്‍ കയറ്റി എങ്ങോട്ടോ തിടുക്കത്തില്‍പോയി. ആളുകളൊക്കെ പറയുന്നുണ്ട്, അവര്‍ പക വീട്ടിയതാണ്, അവന് ഇതു തന്നെവരണം എന്ന് ചിലരും ഇത് അല്പം കൂടിപോയി എന്നു മറ്റു ചിലരും. വാടകഗുണ്ടയായി അനേകരെ മുറിപ്പെടുത്തിയിട്ടുള്ള ആളാണത്രേ കൊല്ലപ്പെട്ടത്.

‘നന്മയുടെ ശേഷിപ്പുകള്‍ എല്ലാവരിലും അവശേഷിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് മനുഷ്യനില്‍ ഈ തീരാത്ത പകയും ശത്രുതയും ബാക്കിനില്ക്കുക’ ഇടറിയ സ്വരത്തില്‍ അച്ചു കിച്ചുവിനോടു ചോദിച്ചു.

മനുഷ്യന്‍റെ ചിന്തകള്‍ക്കു ചിറകുമുളച്ചിരുന്നെങ്കില്‍ അവരും പറന്നുയരുമായിരുന്നു. ഉന്നതങ്ങളിലേക്കു ചിന്തകള്‍ പറന്നുയരുമ്പോഴേ പകയുടെയും ശത്രുതയുടെയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിക്കൂ. കാരണം മനുഷ്യരും നമ്മെപ്പോലെ തന്നെ ഉന്നതങ്ങളിലേക്കു യാത്ര ചെയ്യുന്നു. നമ്മള്‍ ചിറകുകള്‍കൊണ്ട് പറക്കുമ്പോള്‍ അവര്‍ ചിന്തകള്‍കൊണ്ടും മനസ്സുകൊണ്ടും ഉന്നതത്തിലേക്കു പറക്കുന്നു. യാത്ര പോകുന്ന ഇടവും, യാത്രയുടെ ദൈര്‍ഘ്യവും അറിയില്ലാതെ പലരും യാത്ര അവസാനിപ്പിക്കുന്നു, യാത്രയില്‍ വഴിമുട്ടി നില്ക്കുന്നു, യാത്രയില്‍ തടസ്സമാകുന്നു. സായാഹ്നങ്ങളില്‍ നമ്മളൊരുമിച്ച് പറന്നകലുമ്പോള്‍ നാം പാടാറില്ലേ,

ഈ ചിറകുകള്‍ക്കെന്നും ബലമേകണേ
ഉയരങ്ങള്‍ താണ്ടാന്‍ കൂട്ടിലെത്താന്‍
വഴിയില്‍ തളര്‍ന്നു ഞാന്‍ താണിടുമ്പോ-
നിന്‍റെ കരതാര് നീട്ടണേ തമ്പുരാനേ.’

കിച്ചു ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു. ‘ദൈവം മനുഷ്യനില്‍ മരിച്ചാല്‍, മനുഷ്യനും മനുഷ്യനില്‍ മരിക്കുമല്ലേ’ പിന്നെ ഇരുവരും പറന്നുയര്‍ന്നു ആള്‍ക്കൂട്ടങ്ങളും ബഹളങ്ങളുമില്ലാത്ത ഗ്രാമങ്ങള്‍ തേടി.

മാക്കിച്ചൻ (ഫാ. അനീഷ് മാക്കിയിൽ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.