മെഡിക്കൽ ഓക്സിജൻ അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണം: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

മെഡിക്കൽ ഓക്സിജന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണമെന്നും രാജ്യത്തെ ആശുപത്രികളിലും ആരോഗ്യപരിപാലനകേന്ദ്രങ്ങളിലും മരണവുമായി മല്ലടിക്കുന്നവരുടെ ജീവൻ നിലനിർത്താൻ അത് അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്നും സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡൻറും കേരള ഇന്റർചർച്ചു കൌൺസിൽ ചെയർമാനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു.

കോവിഡ് 19 ന്റെ വ്യാപനത്തോടെ മെഡിക്കൽ ഓക്സിജന്റെ വലിയ അഭാവമുള്ളതിനാൽ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം അപകടത്തിലാണ്. അതിനാൽ ഈ ഘട്ടത്തിൽ മെഡിക്കൽ ഓക്സിജനു ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയെപ്പോലെ പ്രാധാന്യം നൽകണം. വിവിധ വാണിജ്യ ഏജൻസികൾക്ക് ലാഭകച്ചവടത്തിനായി വിട്ടുകൊടുക്കാവുന്ന ഒരു വിൽപ്പനചരക്കായി മെഡിക്കൽ ഓക്സിജനെ സർക്കാർ കാണരുത്. അമിതവില കാരണം ഓപ്പൺ മാർക്കറ്റിൽ നിന്ന് മെഡിക്കൽ ഓക്സിജൻ വാങ്ങാൻ കഴിയാത്ത ധാരാളം ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. നമ്മുടെ രാജ്യത്തെ ഈ നിർണായക പ്രതിസന്ധി ഘട്ടത്തിൽ മെഡിക്കൽ ഓക്സിജന്റെ ലഭ്യത ഒരു അടിസ്ഥാന ആവശ്യമായി കണക്കാക്കി ആവശ്യമുള്ള എല്ലാ ആളുകൾക്കും സൗജന്യമായി ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു കർദ്ദിനാൾ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, ആവശ്യക്കാർക്കു ഓക്സിജൻ ലഭ്യമാക്കുന്നതിനു തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തി സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണം. ജനങ്ങളുടെ അടിയന്തര ആവശ്യം പരിഗണിച്ചു ആവശ്യമെങ്കിൽ വിദേശത്ത് നിന്ന് ചാർട്ടേഡ് ഫ്ളൈറ്റുകൾ വഴി ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം.രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ ഈ ആരോഗ്യപ്രതിസന്ധിയിൽ സർക്കാരുകളോട് ചേർന്നു സഭാസംവിധാനങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും സാധ്യമായ മേഖലകളിലെല്ലാം സഹകരിച്ചു പ്രവർത്തിക്കാൻ ഇനിയും സന്നദ്ധമാണെന്നും കർദ്ദിനാൾ മാർ ആലഞ്ചേരി പ്രസ്താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.