വൈദ്യശാസ്ത്രം മരണം വിധിച്ചു; മാതാവ് സൗഖ്യം നല്‍കി – മലയാളി കന്യാസ്ത്രീയുടെ സാക്ഷ്യം

    സിസ്റ്ററിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം. വീണ്ടും സ്കാൻ ചെയ്ത റിപ്പോര്‍ട്ടുമായി വന്ന ആ സിസ്റ്ററിനെ നോക്കി ഡോക്ടര്‍ പറഞ്ഞു ‘സിസ്റ്ററിന്റെ ദൈവം വലിയവനാ’. ക്യാന്‍സര്‍ രോഗം ബാധിച്ച്, മരണത്തെ മുന്നില്‍ക്കണ്ട ഒരു സന്യാസിനിയിലെ അത്ഭുത രോഗശാന്തിയാണ് അക്രൈസ്തവനായ ആ ഡോക്ടര്‍ക്ക് ക്രിസ്തുവിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചത്. ആ അത്ഭുത രോഗശാന്തിക്ക് ഉടമയാണ് സിസ്റ്റര്‍ ആലീസ്. സലേഷ്യന്‍ മിഷനറി സഭംഗമായ സി. ആലീസിന്റെ ജീവിതത്തിലൂടെ ഒന്ന് കടന്നുപോകാം…

    പരീക്ഷങ്ങളിലൂടെ കടന്നുപോയ നിമിഷങ്ങള്‍ 

    സലേഷ്യന്‍ മിഷനറി സന്യാസ സമൂഹത്തിലെ അംഗമായ സി. ആലീസ് റായ്പ്പൂര്‍ പ്രോവിന്‌സിലാണ് സേവനം ചെയ്തുകൊണ്ടിരുന്നത്. പ്രാര്‍ത്ഥനയും സേവനങ്ങളുമായി കടന്നുപോയ ജീവിതം. ഡല്‍ഹിയിലെ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഓവറിയില്‍ ക്യാന്‍സര്‍ കണ്ടെത്തുന്നത്. അത് കണ്ടെത്തുമ്പോഴേയ്ക്ക് കുടലിലും ഗര്‍ഭാശയത്തിലും കരളിലും ഒക്കെ പടര്‍ന്ന്, കാന്‍സര്‍ നാലാം സ്റ്റേജില്‍ എത്തിയിരുന്നു.

    വേദനയുടെ നിമിഷങ്ങള്‍. ആരോടും പരിഭവം പറയാതെ പ്രാര്‍ത്ഥിച്ചു. സഹിക്കാനുള്ള ശക്തിക്കായി യാചിച്ചു കടന്നുപോയ നിമിഷങ്ങളായിരുന്നു അത്. അതിനിടയില്‍ ഒരു ഓപ്പറേഷനും കീമോയും നടന്നു. എന്നാലും പ്രത്യേകിച്ച് ഒന്നും പറയുവാന്‍ വൈദ്യശാസ്ത്രത്തിനും കഴിഞ്ഞില്ല. ആദ്യമൊക്കെ തന്റെ അവസ്ഥയെക്കുറിച്ച് ഒന്നുംതന്നെ മറ്റു സിസ്റ്റര്‍മാര്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ അവരുടെ മുഖത്തുനിന്നും താന്‍ സീരിയസ് ആയ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കുവാന്‍ കഴിഞ്ഞു.

    നല്ല മരണത്തിനായി ഒരുക്കം 

    അങ്ങനെ തിരികെ റായ്പൂരിലെ പ്രൊവിഷ്യല്‍ ഹൗസിലേയ്ക്ക് എത്തി. യാത്ര ട്രെയിനില്‍. ആരോഗ്യം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ് റായ്പൂരില്‍ സിസ്റ്റര്‍ എത്തുന്നത്. അവിടെ എത്തിയശേഷവും ചികിത്സ തുടര്‍ന്നു. അപ്പോഴൊക്കെയും ജീവിതത്തിലേയ്ക്ക് ഒരു മടക്കം എന്നതിനെ സംബന്ധിച്ച് യാതൊരു പ്രതീക്ഷകളും നല്‍കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ആരോഗ്യം ഒന്നിനൊന്നു  ക്ഷയിച്ചു. ഭക്ഷണം കഴിക്കാതെയായി. ഐ.വി. ഫ്‌ലൂയിഡ് മാത്രമായി.

    അതുവരെ സഹിക്കാനുള്ള ശക്തിക്കായി പ്രാര്‍ഥിച്ചിരുന്ന സിസ്റ്റര്‍, ദൈവമേ മരണമാണ് നീ എനിക്ക് വിധിച്ചിരിക്കുന്നതെങ്കില്‍ അത് ഈ മാസം തന്നെ, നല്ല മരണം എനിക്ക് തരണം. അല്ലെങ്കില്‍ എന്നെ സുഖപ്പെടുത്തണം എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു തുടങ്ങി. ഒപ്പം മരണത്തിനായുള്ള ഒരുക്കങ്ങളും. കേരളത്തില്‍ നിന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി. കാണണം എന്ന് ആഗ്രഹമുള്ള സിസ്റ്റര്‍മാരെ വരുത്തി. അതൊക്കെ ഒരു അവസാന കൂടിക്കാഴ്ച എന്ന മട്ടിലായിരുന്നു സിസ്റ്ററിന്റെ സംസാരവും. അതിനിടയില്‍ ആരോഗ്യം വീണ്ടും മോശമായി തുടങ്ങിയിരുന്നു.

    ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടല്‍ 

    മരണത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ടു കഴിയുന്ന സിസ്റ്ററിനു പ്രത്യാശ പകര്‍ന്നു ധാരാളം ആളുകള്‍ പ്രാര്‍ത്ഥനാസഹായം നേര്‍ന്നു. സിസ്‌റററാകട്ടെ, ഒന്നുകില്‍ നീ എന്നെ വിളിക്കണം അല്ലെങ്കില്‍ എന്നെ സൗഖ്യപ്പെടുത്തണം എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. സിസ്റ്ററിന്റെ കണക്കുകൂട്ടല്‍ വച്ച് പ്രാര്‍ത്ഥന ആരംഭിച്ചിട്ട് ഒരു മാസം തികയാന്‍ ഒരു ദിവസം കൂടി അവശേഷിക്കുന്നു. തന്റെ ആരോഗ്യത്തിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അപ്പോള്‍ മരണം തന്നെയാകും ദൈവം തനിക്ക് വിധിച്ചിരിക്കുക. സിസ്റ്റര്‍ മരണനേരത്ത് തന്റെ ഒപ്പം ആയിരിക്കാന്‍ എന്ന് ദൈവത്തോട് പ്രാര്‍ത്ഥന തുടങ്ങി.

    അങ്ങനെ ഇരിക്കുമ്പോഴാണ് സിസ്റ്ററിന്റെ കമ്മ്യൂണിറ്റി സുപ്പീരിയര്‍ സി. ആനി വിളിക്കുന്നത്. സി. ആനി ലൂര്‍ദ്ദില്‍ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്തു പോയെന്നും സി. ആലീസിനായി വിശുദ്ധ ബര്‍ണഡീറ്റ പ്രാര്‍ഥിച്ചിരുന്ന സ്ഥലത്തു ചെന്ന് പ്രാര്‍ത്ഥിച്ചതായും പറഞ്ഞു. ഒപ്പം ഒരു കാര്യം കൂടി വെളിപ്പെടുത്തി.’ മാതാവ് പറഞ്ഞു സിസ്റ്റര്‍ ഇന്ന് സുഖപ്പെടും. അനേകം നാള്‍ ഇനിയും സിസ്റ്റര്‍ ജീവിക്കും എന്ന്.’ ഫോണ്‍ വെച്ച സിസ്റ്ററിനു പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്നാല്‍ അന്ന് രാത്രി, മാസങ്ങള്‍ക്കുശേഷം സി. ആലീസ് സമാധാനമായി ഉറങ്ങി.

    പിറ്റേന്ന് രാവിലെ എഴുന്നേറ്റ സിസ്റ്റര്‍ ആദ്യം ആവശ്യപ്പെട്ടത് കുടിക്കാന്‍ വെള്ളം ആയിരുന്നു. ഒരു കരിക്കിന്റെ വെള്ളം മുഴുവന്‍ ഒറ്റയടിക്കു കുടിച്ചു. പിന്നെ പറഞ്ഞു ‘എനിക്ക് വിശക്കുന്നു ഏത്തയ്ക്ക വേണം.’ ഏത്തയ്ക്കയും വളരെ വേഗം കഴിച്ചു തീര്‍ന്ന സിസ്റ്ററിനെ അവര്‍ അതിശയത്തോടെ നോക്കി. കാരണം, മാസങ്ങളായി സിസ്റ്റര്‍ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തിരുന്നില്ല. ട്രിപ്പ് ഇടാന്‍ വന്നവരോട് അത് ഇടേണ്ട, എനിക്ക് ആശ്വാസം ഉണ്ടെന്നു പറഞ്ഞു മാറ്റിവയ്പ്പിച്ചു.

    ‘സിസ്റ്ററിന്റെ ദൈവം വലിയവനാ’  

    സിസ്റ്ററിലെ മാറ്റങ്ങള്‍ കണ്ടപ്പോള്‍ ആദ്യം എല്ലാവരും കരുതി വൈകാതെ തന്നെ മരിക്കും. അതിനു മുന്നോടിയാണ് ഈ മാറ്റങ്ങള്‍ എന്ന്. എന്നാല്‍ ദിവസംതോറും സിസ്റ്ററിന്റെ നില കൂടുതല്‍ മെച്ചപ്പെട്ടുവന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വീണ്ടും പരിശോധിച്ചപ്പോള്‍ കാന്‍സറായി കണ്ട മുഴകള്‍ നന്നേ വലിപ്പം കുറഞ്ഞതായി കണ്ടു. ഡോക്ടറിന് സംശയം. ഒരിക്കല്‍ക്കൂടി നടത്തിയ ടെസ്റ്റില്‍ ആ മുഴകള്‍ ഒക്കെ അപ്രത്യക്ഷമായിരുന്നു.

    ആ സിസ്റ്ററിനു മുന്നില്‍ കൈകള്‍ കൂപ്പി അക്രൈസ്തവനായ ആ ഡോക്ടര്‍ പറഞ്ഞു ‘സിസ്റ്ററെ, സിസ്റ്ററിന്റെ ദൈവം, ക്രിസ്തു വലിയവനാ.’ ആ അത്ഭുത രോഗശാന്തിക്കു ശേഷം അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നു. എഴുപത്തിയൊന്നുകാരിയായ സിസ്റ്റര്‍ ഇന്ന് പഴയതിലും ചുറുചുറുക്കോടെ ഓടിനടക്കുകയാണ്. പരിശുദ്ധ കന്യകാമറിയത്തിലൂടെ ദൈവം ചെയ്ത അത്ഭുതത്തിനു നന്ദി പറഞ്ഞുകൊണ്ട്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.