ഹാസ്യനടന്മാരുടെ മദ്ധ്യസ്ഥൻ

ഹാസ്യനടന്മാരുടെ മദ്ധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധനാണ് വി. ലോറൻസ്. മൂന്നാം നൂറ്റാണ്ടിൽ ഏഴ് ഡീക്കന്മാർ റോമിൽ സിക്സ്റ്റസ് രണ്ടാമൻ മാർപ്പാപ്പയെ സേവിച്ചിരുന്നു. അതിലൊരാളായിരുന്നു ലോറൻസ്. മതപീഡന നാളുകളുടെ കാലത്ത് സഭയെ ഉറപ്പോടെ വിശ്വാസത്തിൽ നിർത്തുവാൻ ഇവർ കഠിനമായി പരിശ്രമിച്ചിരുന്നു. ഈ സമയം സഭയ്ക്ക് വലിയ സമ്പത്തും സ്വത്തുക്കളും ഉണ്ടെന്നായിരുന്നു റോമൻ സാമ്രാജ്യത്തിലെ എല്ലാവരും കരുതിയിരുന്നത്.

ഒരിക്കൽ റോമാ സാമ്രാജ്യത്തിലെ അധികാരികള്‍ സഭയുടെ സ്വത്തുക്കൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഇടത്തെക്കുറിച്ച് അറിയുവാൻ ലോറൻസിനെ ചോദ്യം ചെയ്തു. ഈ ദരിദ്രരിൽ ഓരോരുത്തരിലും വലിയ സമ്പത്ത് കാണിച്ചുതരുവാൻ എനിക്ക് കഴിയും എന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. സഭയുടെ സമ്പത്തിലെ മുത്തുകളും പവിഴങ്ങളും, വിധവകളും സമർപ്പിത കന്യകമാരും ആണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ബുദ്ധിപരമായ പ്രതികരണം അധികാരികളിൽ കടുത്ത വിധ്വേഷം ഉളവാക്കി. അവർ ലോറൻസിനെ കാരാഗൃഹത്തിലടച്ചു.

അവിടെ ലോറൻസിനെ കാത്തിരുന്നത് കടുത്ത പീഡനങ്ങളായിരുന്നു. കാരാഗൃഹത്തിൽ, റോമൻ ദേവന്മാരെ ആരാധിക്കുവാൻ അദ്ദേഹത്തെ അധികാരികൾ നിർബന്ധിച്ചു. എന്നാൽ, സത്യദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തേയും ആരാധിക്കില്ലെന്നു ലോറൻസ് ഉറക്കെ പ്രഖ്യാപിച്ചു. ലോറൻസിന്റെ മറുപടിയിൽ രോഷാകുലരായ റോമൻ ഭരണാധികാരികൾ അദ്ദേഹത്തെ കൊല്ലാൻ വിധിച്ചു. വധശിക്ഷ തീരുമാനിച്ചു. ആരാച്ചാർ ലോറൻസിനെ ഇരുമ്പു കൊണ്ട് നിർമ്മിച്ച ഒരു ഗ്രില്ലിൽ കിടത്തി. അതിനടിയിൽ ആളിക്കത്തുന്ന കരികൾ കൂട്ടി. ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ പൊള്ളി ഉരുകുമ്പോഴും ദൈവികമായ ഒരു വലിയ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. വേദനകൾക്കിടയിലും നിറഞ്ഞ ചിരിയോടെ, തന്നെ ചുട്ടുകൊല്ലാനായി നിയോഗിക്കപ്പെട്ട മനുഷ്യനോട് പറഞ്ഞു: “എന്റെ ഒരു ഭാഗം മുഴുവൻ വെന്തു കഴിഞ്ഞു. ഇനി തിരിച്ചിട്ടു എന്നെ കഴിക്കുക.”

ഈ ഹാസ്യപ്രതികരണം അദ്ദേഹത്തിന്റെ ആരാച്ചാരെ പ്രകോപിപ്പിച്ചു. അവർ ചൂട് വർദ്ധിപ്പിക്കുകയും ലോറൻസിനെ ചുട്ടുകൊല്ലുകയും ചെയ്തു. വേദനയുടെയും പീഡനങ്ങളുടെയും നടുവിലും വലിയ ഒരു ആനന്ദം കണ്ടെത്തുവാനും സന്തോഷത്തോടെ അതിനെ സ്വീകരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞത് സ്വർഗ്ഗം തനിക്കായി കാത്തിരിക്കുകയാണ് എന്ന ഉറച്ച ബോധ്യം  ഉണ്ടായിരുന്നതു കൊണ്ടാണ്.

ക്രിസ്തീയവിശ്വാസത്തിനു വേണ്ടി മരിക്കുന്നത് തന്റെ നിത്യമായ പ്രതിഫലത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ അവസാന വാക്കുകൾ “നന്ദി ദൈവമേ. കാരണം, എന്നെ  വാതിലിലൂടെ കടന്നുപോകുവാൻ അവിടുന്ന് അനുവദിച്ചല്ലോ” എന്നതായിരുന്നു.

മരണത്തെ നർമ്മം നിറഞ്ഞ മുഖത്തോടെ സ്വീകരിക്കുകയും ക്രിസ്തുവിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത അദ്ദേഹത്തെ വിശുദ്ധപദവിയിലേയ്ക്കും ഹാസ്യതാരങ്ങളുടെ സംരക്ഷകനായും ഉയർത്തി.