
സ്പെയിനിലെ കോൺവെന്റിന്റെ വാതിലിൽ സ്ഥാപിച്ചിരുന്ന കുരിശുകൾ ബലമായി നീക്കം ചെയ്തു മേയർ. തെക്കൻ സ്പെയിനിലെ അൻഡാലുഷ്യ മേഖലയിലെ കോർഡോബ രൂപതയിലെ അഗ്യുലാർ ഡി ലാ ഫ്രോണ്ടേര പട്ടണത്തിലാണ് സംഭവം നടന്നത്. നീക്കം ചെയ്ത കുരിശ് പിന്നീട് മാലിന്യകൂമ്പാരത്തിൽ നിന്നാണ് കണ്ടെടുത്തത്. ക്രിസ്തീയ വിരുദ്ധതയുടെ മറ്റൊരു മുഖമായി ആണ് ഈ സംഭവത്തെ വിശ്വാസികൾ ചൂണ്ടിക്കാണിക്കുന്നത്.
ഡിസ്കാൾഡ് കാർമെലൈറ്റുകളുടെ ആശ്രമത്തോട് ചേർന്നുള്ള ദൈവാലയത്തിന്റെ പ്രവേശന കവാടത്തിലാണ് കുരിശ് സ്ഥിതിചെയ്തിരുന്നത്. 1939 മുതൽ ഈ കുരിശ് ഈ വാതിലിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. 1983 -ൽ ദേശീയ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ച കോൺവെന്റിന്റെ മുന്നിൽ നിന്നും കമ്യൂണിസ്റ്റ് അനുകൂല പാർട്ടിയായ ഇസ്ക്വീർഡ യൂണിഡയിലെ അംഗമായ പട്ടണ മേയർ കാർമെൻ ഫ്ലോറസ് ബുധനാഴ്ച കുരിശ് നീക്കം ചെയ്യുകയായിരുന്നു.
സംഭവം തങ്ങളെ വളരെയേറെ വേദനിപ്പിച്ചു എന്ന് ഡിസ്കാൾഡ് കാർമെലൈറ്റുകളുടെ മദർ സുപ്പീരിയർ അറിയിച്ചു. ഈ ദൈവനിന്ദ പരമായ പ്രവർത്തിയിൽ ഞങ്ങൾ ആകുലരാണ്. എല്ലാ ദിവസവും ദൈവം നമ്മെ സന്തോഷവും സ്നേഹവും കൊണ്ട് നിറയ്ക്കുമ്പോൾ തിരിച്ചു നന്ദികേട് കാണിച്ചതിന്റെ തെളിവാണ് ഇത് എന്ന് സന്യാസിനിമാർ ചൂണ്ടിക്കാട്ടി.