തിരുഹൃദയമാകാൻ ഹൃദയം നന്ദിയുള്ളതാകട്ടെ!

ഈശോയുടേത് നന്ദിയുള്ള ഹൃദയമായിരുന്നു. വെറും ഹൃദയം തിരുഹൃദയം ആകുവാൻ ‘നന്ദി’ എന്നൊരു ഘടകം കൂടി ആവശ്യമാണ്. ധാരാളം അനുഗ്രഹങ്ങൾക്കിടയിൽ പലപ്പോഴും ഓർത്തെടുക്കാൻ കഴിയാതെ പോകുന്ന ഒരു സദ്ഗുണമാണ് നന്ദിയുള്ളവരാകുക, അല്ലെങ്കിൽ നന്ദി കാണിക്കുക എന്നത്. വി. മത്തായിയുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം ഇരുപത്തിയഞ്ചാം തിരുവചനം വായനക്കാരന് സമ്മാനിക്കുന്നത് തന്റെ പ്രിയപ്പെട്ട പിതാവിന് വലിയ ആദരവോടെ നന്ദി പറയുന്ന ഈശോയുടെ മനോഹരമായ ഒരു ചിത്രമാണ്. “പിതാവേ നിനക്കു ഞാൻ നന്ദി പറയുന്നു.” വളരെ മനോഹരമായ ഒരു പ്രാർത്ഥന കൂടിയാണിത്. അവിടുത്തെ ഹൃദയം സദാസമയവും തന്റെ പ്രിയ അപ്പന് നന്ദി പറയുന്ന തിരക്കിലായിരുന്നു.

സുവിശേഷത്തിൽ പലയിടങ്ങളിലും ശിഷ്യരോടു കൂടെയും അല്ലാതെയുമൊക്കെ ഈശോ സ്നേഹനിധിയായ പിതാവിന് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ടു തന്നെ അവിടുത്തെ എല്ലാ പ്രവൃത്തികളിലും ദൈവാംശം നിറഞ്ഞുനിന്നു. ഇപ്രകാരം നന്ദി പ്രകാശിപ്പിക്കുന്ന പുത്രന്റെ മക്കളായ നമുക്ക് എങ്ങനെ നന്ദി പറയാതിരിക്കാൻ കഴിയും? ഇത്തരത്തിലൊരു നന്ദിപ്രകാശനമാണ് അവന്റെ ഹൃദയം ആഗ്രഹിക്കുന്നതും. നന്ദി പറഞ്ഞുകൊണ്ടിരിക്കുക. അങ്ങനെ കൂടുതൽ അനുഗ്രഹങ്ങൾ സ്വീകരിക്കുക. അതിലൂടെ നിരന്തരം ഈശോയുടെ ഹൃദയത്തിനു മഹത്വം നൽകുക.

ഈശോക്ക് നന്ദിയർപ്പിച്ചു കൊണ്ടുള്ളതാകട്ടെ നമ്മുടെ ഒരു ദിവസത്തിന്റെ തുടക്കം. ഒരു രാത്രി കൂടി പൊതിഞ്ഞുപിടിച്ച്, പിറ്റേന്ന് കുറെ അനുഗ്രഹങ്ങളും കരുതിവച്ച് കാത്തിരിക്കുന്ന ആ അമ്മഹൃദയത്തോട് എത്രയധികം നന്ദിയുണ്ടാകണം ഓരോ ആത്മാവിനും! ദൈവമേ, എന്നും മറക്കാതെ നന്ദിപറയുവാൻ എന്നെ നീ ഓർമ്മിപ്പിക്കണമേ. അങ്ങനെ നിന്റെ ഹൃദയത്തോട് ചേർന്ന ഹൃദയം എനിക്കും ഉണ്ടാകട്ടെ.

സി. ആൻസി ആൻ്റണി പയ്യപ്പിള്ളി DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.