മെയ് 31: ലോക പുകയില വിരുദ്ധദിനം – പുകച്ചു തള്ളരുത്; ജീവനും ജീവിതവും 

അഡ്വ. ചാര്‍ളി പോള്‍

‘ആത്മഹത്യ ചെയ്യാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് സിഗരറ്റ്’ എന്ന കുര്‍ട്ട് വൊനെഗട്ടിന്റെ വാക്കുകളിലുണ്ട് പുകവലിയുടെ ഭീകരത. ലോകാരോഗ്യ സംഘടനയുടെ കണക്കുസരിച്ച് വര്‍ഷംതോറും പുകവലി മൂലം മരിക്കുന്നവരുടെ എണ്ണം ഏകദേശം എട്ട് ദശലക്ഷമാണ്. അതായത് ഓരോ സെക്കന്റിലും ഭൂമുഖത്ത് ശരാശരി ഒരാള്‍ വീതം പുകവലി മൂലം മരിക്കുന്നു. ഇന്ത്യയില്‍ ഓരോ വര്‍ഷവും 89 ലക്ഷം പേര്‍ പുകയില മൂലം മരിക്കുന്നുണ്ട്. ആകെ ഉണ്ടാകുന്ന കാന്‍സറിന്റെ 40 ശതമാനവും പുകയില മൂലമാണെന്ന് കണക്കാക്കപ്പെടുന്നു. ദിവസേന 2200 പേര്‍ ഇന്ത്യയില്‍ പൂകയിലജന്യമായ രോഗങ്ങള്‍ മൂലം മരിക്കുന്നുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം 25,000 പേര്‍ക്ക് പുതുതായി കാന്‍സര്‍ ബാധയുണ്ടാകുന്നു. കേരളത്തില്‍ ഇപ്പോള്‍ ശ്വാസകോശ രോഗികള്‍ 12 ലക്ഷമുണ്ട്. തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികളില്‍ 51 % പുരുഷന്മാരും 18 % സ്ത്രീകളും പുകവലി മൂലം കാന്‍സര്‍ ബാധിച്ചവരാണ്. 87 % ശ്വാസകോശ അര്‍ബുദങ്ങള്‍ക്കും കാരണം പുകവലിയാണ്.

ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും പുകവലി നേരിട്ടും അല്ലാതെയും ബാധിക്കുന്നു. ചുമയില്‍ ആരംഭിച്ച് തൊണ്ടയിലെ അസ്വസ്ഥതക്കൊപ്പം വായ്‌നാറ്റത്തിനും വസ്ത്രങ്ങളിലെ ദുര്‍ഗന്ധത്തിനും പല്ലിന്റെ നിറവ്യത്യാസത്തിനും ഇത് കാരണമാകുന്നു. കാലക്രമേണ ശ്വാസകോശ രോഗങ്ങള്‍, ഹൃദ്‌രോഗം, അള്‍സര്‍, ബ്രൊങ്കൈറ്റിസ്, ന്യൂമോണിയ, സ്‌ട്രോക്ക് പലതരത്തിലുള്ള അര്‍ബുദങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ഗുരുതരമായ അവസ്ഥകളുണ്ടാകും. പുകവലിക്കുന്നവരെപ്പോലെ പുകവലിക്കാര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും രോഗബാധക്കുള്ള സാധ്യതയുണ്ട്. വലിക്കുന്ന ആളുകളുടെ അടുത്തിരിക്കുന്നവര്‍ അവരറിയാതെ വിഷപ്പുക ശ്വസിക്കാനിടവരുന്നു. ഇപ്രകാരുമള്ള പുകവലിയെ നിഷ്‌ക്രിയധൂമപാനം (Passive smoking) എന്ന് വിളിക്കുന്നു. പുകവലിക്കുന്നവര്‍ പുറത്തേക്ക് ഊതിവിടുന്ന പുകയില്‍ 4000-ലധികം രാസപദാര്‍ത്ഥങ്ങളുണ്ട്. ഇതില്‍ 40 എണ്ണം കാന്‍സര്‍ ഉണ്ടാകുന്നവയാണ്.

കൊച്ചുകുട്ടികളുള്ള വീട്ടിലെ പുകവലി കുഞ്ഞുങ്ങളില്‍ വിട്ടുമാറാത്ത ചുമ, വലിവ്, ന്യൂമോണിയ, ജലദോഷം, ടോണ്‍സിലൈറ്റസ്, ചെവിവേദന, വയറുവേദന എന്നിവയുണ്ടാക്കും. വേണ്ടത്ര പ്രാണവായു തലച്ചോറിന് ലഭിക്കാതെ വരുന്നതുകൊണ്ട് ബുദ്ധിമാന്ദ്യം പോലും സംഭവിക്കാനിടയുണ്ട്. പുകവലിക്കുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 200 ഗ്രാം മുതല്‍ 250 ഗ്രാം വരെ തൂക്കം കുറവായി കാണപ്പെടുന്നു. പുകവലി പ്രത്യുല്പാദനക്ഷമത കുറക്കുന്നു. പുരുഷവന്ധ്യത സൃഷ്ടിക്കുന്നു. പുരുഷന്മാരില്‍ പുകവലി ബീജങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പുകവലിക്കുന്നത് ശിശുക്കളുടെ അകാലജനനത്തിനും കാരണമാകാം. ഗര്‍ഭസ്ഥശിശുവിന് ശ്വസനസംബന്ധമായ രോഗങ്ങളും കാന്‍സറും ഉണ്ടാകാനിടയുണ്ട്.

സ്ഥിരമായി പുകവലിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാള്‍ 3040 % കൂടുതലാണ്. വൃക്കരോഗം, കാലുകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടല്‍, അന്ധത, നാഡിക്ഷതം എന്നിവയും ഉണ്ടാകും. പുകയിലയുടെ ഉപയോഗം വിഷാദം, സ്‌കിസോഫ്രീനിയ എന്നീ മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പുകവലി ഉപയോഗം തിമിരത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. കണ്ണുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് റെറ്റിനയുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയും നേത്ര കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഇന്റര്‍നാഷണല്‍ എജന്‍സി ഫോര്‍ ദി  പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്‌നെസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുന്നവര്‍ക്ക് പ്രമേഹം ബാധിച്ചാല്‍ അത് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. പുകവലിക്കുന്നവര്‍ക്ക് എല്ലുകള്‍ക്ക് ബലം കുറയുന്ന ഓസ്റ്റിയോ പോറോസിസ് രോഗം പിടിപെടാനുള്ള സാധ്യതയുമുണ്ട്.

ഓരോ തവണയും നിങ്ങള്‍ ഒരു സിഗരറ്റ് കത്തിക്കുമ്പോള്‍ നിങ്ങളുടെ ആയുസിന്റെ ചെറിയ പങ്ക് എരിഞ്ഞുതീരുകയാണ്. പുകയില വിരുദ്ധദിനം പുകവലി നിര്‍ത്താനുള്ള ദിനം കൂടിയാണ്. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അത് സാധ്യമാണ്. നിക്കോട്ടിന്‍ തെറാപ്പി, മരുന്നുകള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയും പുകവലി നിര്‍ത്താനാകും. പുകവലി നിര്‍ത്തുമ്പോള്‍ ജീവിതത്തെ തിരികെ പിടിക്കുകയാണ്. കാന്‍സര്‍, ഹൃദയസ്തംഭനം, സ്‌ട്രോക്ക് തുടങ്ങിയവ വരാനുള്ള സാധ്യത കുറക്കുന്നു, ആയുസ്സ് നീട്ടിക്കിട്ടുന്നു, മെച്ചപ്പെട്ട രീതിയില്‍ ശ്വസിക്കാന്‍ കഴിയുന്നു, ഭക്ഷണത്തിന് രുചി കിട്ടുന്നു, ശരീരദുര്‍ഗന്ധം മാറിക്കിട്ടുന്നു. ചുരുക്കത്തില്‍ ഒരു പുതുജീവിതമാണ് ലഭിക്കുക. പുകവലി നിറുത്താം; പുതിയ മനുഷ്യനാകാം.

അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.