1981 മേയ് 13; ശ്രദ്ധേയമായ ഒരു ദിനം അനുസ്മരിക്കുമ്പോള്‍

വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ വച്ച് വധശ്രമം ഉണ്ടായ ദിനമായിരുന്നു 1981 മേയ് 13. ഇന്ന് അതിന്റെ നാല്‍പതാം വാര്‍ഷികം. വിദ്ധ്വേഷത്തെ സ്‌നേഹം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തോല്‍പ്പിക്കാമെന്ന് തെളിയിച്ചതിന്റെ വാര്‍ഷികം കൂടിയാണിത്.

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രസിദ്ധമാണ്. തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും കന്യകാമാതാവ് ഒപ്പമുണ്ടെന്നു വിശ്വസിച്ചിരുന്ന പാപ്പാ, 1981 മേയ് 13-ന് അലി അഗ്കാ തന്റെ നേരെ ഉതിര്‍ത്ത വെടിയുണ്ട ആന്തരാവയവങ്ങള്‍ക്കൊന്നും ഹാനി വരുത്താതെ ഗതി തിരിച്ചുവിട്ടത് പരിശുദ്ധ അമ്മയാണെന്നു കരുതി. നീണ്ട ആശുപത്രിവാസത്തിനിടയ്ക്ക് തന്നെ വധിക്കുവാന്‍ ശ്രമിച്ച ആള്‍ക്ക് അദ്ദേഹം മാപ്പ് നല്‍കി. നന്ദിസൂചകമായി അടുത്ത വര്‍ഷം ഫാത്തിമാ മാതാവിന്റെ തിരുനാള്‍ ദിനമായ മേയ് 13-ന് പോര്‍ച്ചുഗലിലെ ഫാത്തിമായിലെത്തി മാതൃസമര്‍പ്പണവും നടത്തി. പിന്നീട് പല തവണ അദ്ദേഹം ഫാത്തിമ സന്ദര്‍ശിച്ചു. മാതാവിനെ ദര്‍ശിച്ച മൂന്ന് കുട്ടികളില്‍ അവശേഷിച്ച ഏക കുട്ടിയായിരുന്ന സി. ലൂസിയയെ അദ്ദേഹം കാണുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. വധശ്രമത്തിന്റെ 19-ാം വാര്‍ഷികമായിരുന്ന 2000 മേയ് 13-ന് തന്റെ ശരീരത്തില്‍ നിന്ന് ലഭിച്ച വെടിയുണ്ടകള്‍ അദ്ദേഹം ഫാത്തിമ മാതാവിന് സമര്‍പ്പിച്ചു.

ധീരമായ ഇത്തരം നടപടികളിലൂടെ വിശുദ്ധന്‍ തനിക്ക് ലഭിച്ചിട്ടുള്ള അജപാലന വരദാനങ്ങളെ കൂടുതല്‍ അനുഗ്രഹദായകമാക്കി. ആധുനികസമൂഹത്തിന് മുന്നോട്ടു പോകുന്നതിനും ഇത്തരത്തിലുള്ള സാഹോദര്യമനോഭാവം കൂടിയേ തീരൂ എന്നാണ് വിശുദ്ധന്‍ തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.