പെസഹാവ്യാഴം

ഓർമ്മയാകുവാൻ വേണ്ടി ഓർമ്മയായവന്റെ ഓർമ്മദിനം. നിത്യം ജീവിക്കുവാൻ വേണ്ടി കുർബാനയായവന്റെ അനുസ്മരണദിനം. രണ്ടുകാര്യങ്ങൾ ആണ് പെസഹായ്ക്ക് ഈശോ ചെയ്തത്. ഒന്ന്: ശിഷ്യന്മാരുടെ കാലുകൾ കഴുകി. രണ്ട്: വിശുദ്ധ കുർബാന സ്ഥാപിച്ചു. ഒന്ന് വിനയത്തിന്റെ മഹത്തായ മാതൃക. രണ്ടാമത്തേത് ശൂന്യമാക്കപ്പെടലിന്റെ ഉത്തമ ഉദാഹരണം. രണ്ടിന്റെയും അടിസ്ഥാനം ഒന്ന് മാത്രം. സ്നേഹം. “ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു” (യോഹ. 13:1).

സ്നേഹം ഉണ്ടെങ്കിലേ അപരന്റെ മുൻപിൽ താഴാൻ സാധിക്കൂ. അപരനുവേണ്ടി അലിഞ്ഞില്ലാതായി ശൂന്യനാവാൻ കഴിയൂ. അധർമ്മവും അനീതിയും ശത്രുതയും നിറഞ്ഞ ലോകത്തിനു സ്നേഹത്തിന്റെ പുതിയ അർത്ഥതലങ്ങൾ നൽകുകയായിരുന്നു ഈശോ. മൂന്നുവർഷം ഊണിലും ഉറക്കത്തിലും ഒപ്പംകൂട്ടി സ്വന്തമായി കരുതി സ്നേഹിച്ചവൻ, സ്നേഹത്തിന്റെ ഉദാത്തപ്രകടനമായ ചുംബനംകൊണ്ട് ഒറ്റികൊടുക്കാനെത്തിയപ്പോൾ അവിടുന്ന് നിരാശനായില്ല. പകരം ‘സ്നേഹിതാ’ എന്നുവിളിച്ചു സ്വീകരിച്ചു. കൂടുതൽ സ്നേഹം കൊടുത്തു വളർത്തി എല്ലാവരെയും നയിക്കാൻ ഉത്തരവാദിത്വവും താക്കോൽക്കൂട്ടവും കൊടുത്തവൻ തള്ളിപ്പറഞ്ഞപ്പോൾ (അതും ഒന്നല്ല മൂന്നുതവണ) അവിടുന്ന് വിഷമിച്ചില്ല. പിന്നീട് വിളിച്ച് അവന്റെ സ്നേഹം സത്യമാണോ എന്ന് മൂന്നുവട്ടം ചോദിച്ചുറപ്പിച്ചു. മരിച്ചോ എന്ന് ഉറപ്പ് വരുത്താൻ ചങ്കിൽ കുത്തിയവനെ അതേ ചങ്കിലെ ചോര കൊണ്ട് സുഖപ്പെടുത്തി.

അധർമ്മം മൂലം, സ്വാർത്ഥതാല്പര്യങ്ങൾ മൂലം തണുത്തുറഞ്ഞുപോയ സ്നേഹങ്ങൾക്ക് കാൽവരിയിലെ തന്റെ ചുടുചോര കൊണ്ട് അവിടുന്ന് പുതുജീവൻ നൽകുകയായിരുന്നു. പരിശോധിക്കണം നമ്മുടെയൊക്കെ സ്നേഹത്തിൽ മറഞ്ഞിരിക്കുന്ന സ്വാർത്ഥതയുടെയും കപടതയുടെയും ആഴം. ആരുടെയൊക്കെയോ സ്വന്തമായി മാറാനുള്ള വെപ്രാളത്തിൽ സ്നേഹം വെറും പ്രകടനങ്ങളും പ്രഹസനങ്ങളും ആകുമ്പോൾ, കൊടുക്കുന്ന സ്നേഹം തിരിച്ചുകിട്ടുന്നില്ല എന്ന് കണക്കുകൾ പറഞ്ഞു സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ നോക്കാം കുരിശിലേയ്ക്കും കുർബാനയിലേയ്ക്കും. സ്നേഹിക്കുന്നതിലും സ്നേഹിക്കപ്പെടുന്നതിലും കുരിശോളം സ്നേഹിച്ചവനെ, കുർബാനയോളം ചെറുതായവനെ മാതൃകയാക്കാം. ആരുടേയും സ്വന്തമാകാതെ എല്ലാവരെയും സ്വന്തമാക്കിയവൻ പകർന്നുനൽകിയ സ്നേഹത്തിന്റെ വലിയ പാഠം ജീവിതവഴികളിൽ സ്നേഹത്തിന്റെ വേദികളിൽ പ്രാവർത്തികമാക്കാം. കുരിശോളം സ്നേഹിക്കാനായി കുർബാനയോളം ചെറുതാകാം.

പ്രാർത്ഥന

എന്നോട് കൂടെ നിത്യം വസിക്കുവാൻ വിശുദ്ധ കുർബാനയായ ഈശോയെ, നിന്നെ ഞാൻ സ്നേഹിക്കുന്നു. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃകയും വിശുദ്ധ കുർബാനയോളം ചെറുതായി സ്നേഹത്തിന്റെ വലിപ്പവും അങ്ങ് കാണിച്ചുതന്നു. എളിമയിലും വിനയത്തിലും ജീവിക്കുവാനും അങ്ങ് കാണിച്ചുതന്ന സ്നേഹത്തിന്റെ വലിയ മാതൃക ജീവിതത്തിൽ അനുകരിച്ചുകൊണ്ട് പരാതികളും പരിധികളും ഇല്ലാതെ എല്ലാവരെയും സ്നേഹിക്കുവാനും എന്നെ അനുഗ്രഹിക്കണമേ.
ആമ്മേൻ.

വചനം

ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും (യോഹന്നാന്‍.13:35).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

പെസഹാതിരുനാൾ ആശംസകൾ …