അമ്മയനുഭവങ്ങൾ: 07

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

മൈനർ സെമിനാരിയിലെ അവസാന വർഷത്തേക്ക് പ്രവേശിച്ചപ്പോൾ പഠനത്തിൽ കാര്യമായ പുരോഗതി ഞാൻ നേടിയിരുന്നു. എന്നാൽ അതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ മേജർ സെമിനാരിയിലെ ഫിലോസഫിയും തിയോളജിയും. സീനിയർ ബ്രദറുമാർ ഫിലോസഫി പഠനത്തിന്റെ വിഷമങ്ങൾ പങ്കുവച്ചപ്പോൾ എന്റെ ഉള്ള് ആളിപ്പുകയുകയായിരുന്നു. ഇനി ആ കടമ്പ എങ്ങനെ കടക്കുമെന്നായി പിന്നെയുള്ള ചിന്ത മുഴുവൻ.

മേജർ സെമിനാരിയിലേക്കുള്ള ഇംഗ്ലീഷ് എൻട്രൻസ് പരീക്ഷ നടത്തപ്പെട്ടു. കോട്ടയം, ആലുവ, കുന്നോത്ത് എന്നീ സെമിനാരികളിലേക്കുള്ള പരീക്ഷയായിരുന്നു നടത്തപ്പെട്ടത്. കോട്ടയത്തെയും ആലുവയിലെയും പരീക്ഷ എനിക്ക് വളരെ എളുപ്പമായിരുന്നു. കുന്നോത്തുള്ളത് നല്ല പ്രയാസമായിരുന്നു. എന്നാൽ റിസൾട്ട് വന്നപ്പോൾ ഞാൻ ഒരുപാട് പ്രതീക്ഷ വച്ചിരുന്ന ആലുവയിലും കോട്ടയത്തും ഞാൻ എട്ടുനിലയിൽ പൊട്ടി. ജയിക്കില്ലെന്ന് ഉറപ്പിച്ചിരുന്ന കുന്നോത്ത്‌ ജയിച്ചു.

ഓരോ പരീക്ഷകൾക്കും മുൻപും പിൻപും കൊന്ത ചൊല്ലി പ്രാർത്ഥിച്ചിരുന്നു. എന്റെ ഇടതു കൈക്കുള്ളിൽ ജപമാല മുറുകെ പിടിച്ചുകൊണ്ടാണ് ഞാൻ എല്ലാ പരീക്ഷകളെയും നേരിട്ടത്. അപ്രതീക്ഷിതമായി ഏറ്റ പരാജയം ഒരുപാട് വിഷമിപ്പിച്ചുവെങ്കിലും ദൈവഹിതത്തിന് സ്വയം വിട്ടുകൊടുത്തു.

ഞങ്ങൾ 8 പേരാണ് മേജർ സെമിനാരികളിലേക്ക് പോകാനായി തിരഞ്ഞെടുക്കപ്പെട്ടത്. ഞനൊഴികെയുള്ള 7 പേരും എല്ലാ എൻട്രൻസും ജയിച്ചിരുന്നു. ഞങ്ങളെ കാണാനെത്തിയ മെത്രാനച്ചൻ എന്നെ നോക്കി പരിഹാസരൂപേണ പറഞ്ഞു: “നിന്നൊയോർത്തു മാത്രമാണ് എനിക്ക് പേടി. എന്നെ നാണം കെടുത്തിയേക്കരുത്; എങ്ങനെയെങ്കിലും എല്ലാ വിഷയവും ജയിച്ചോണം. കുന്നോത്ത്‌ സെമിനാരിയിലുള്ള അച്ചന്മാരുടെ മുഖത്തേക്ക് നോക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് എന്നെ കൊണ്ടുചെന്ന് എത്തിക്കരുത്.” ഇതും പറഞ്ഞു പിതാവ് ഉറക്കെ ചിരിച്ചു; കൂടെ എന്റെ സഹപാഠികളും. ഞാൻ എല്ലാവരുടെയും മുൻപിൽ നല്ലവണ്ണം വിയർത്തു കുളിച്ച് ഒരു പരിഹാസപാത്രമായി അങ്ങനെ നിന്നു.

അന്ന് വൈകുന്നേരമുള്ള എന്റെ വ്യക്തിപരമായുള്ള ജപമാല പ്രാർത്ഥനയിൽ ഞാൻ ഒരുപാട് നേരം പള്ളിയിൽ പോയിരുന്ന് കരഞ്ഞു. എങ്ങനേലും എന്നെ എല്ലാ വിഷയവും ജയിപ്പിക്കാൻ വേണ്ടി പരിശുദ്ധ അമ്മയോട് ത്യാഗങ്ങൾ ചെയ്ത് ഞാൻ എന്റെ ജപമാലകൾ തുടർന്നുപോന്നു. അങ്ങനെ മേജർ സെമിനാരി പഠനം ആരംഭിച്ചു. ഓരോ ദിവസവും നോട്ട് ബുക്ക് തുറക്കുമ്പോൾ പിതാവിന്റെ വാക്കുകൾ എന്നെ കുത്തിമുറിപ്പെടുത്തിക്കൊണ്ടിരുന്നു. അന്നന്ന് പഠിപ്പിക്കുന്ന പാഠങ്ങൾ അന്നന്നു തന്നെ പഠിക്കാൻ ഞാൻ കഠിനപരിശ്രമം നടത്തിക്കൊണ്ടിരുന്നു. അങ്ങനെ പഠനത്തിൽ ഏറ്റവും പിന്നോക്കക്കാരനായിരുന്ന ഞാൻ നിരന്തര പരിശ്രമത്തിലൂടെ മറ്റുള്ളവരുടെയൊപ്പം എത്താൻ തുടങ്ങി. എന്റെ പഠനത്തിലുള്ള പുരോഗതി എന്റെ മെത്രാനച്ചനെ തെല്ലൊന്നുമല്ല അതിശയപ്പെടുത്തിയത്. അങ്ങനെ നല്ല മാർക്കോടെ ഞാൻ ഫിലോസഫി ഒന്നാം വർഷം പൂർത്തിയാക്കി.

പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കാൻ എനിക്ക് ഒരുപാട് സമയം കുന്നോത്ത്‌ സെമിനാരിയിൽ കിട്ടുമായിരുന്നു. എല്ലാ ദിവസവും രാത്രി പ്രാർത്ഥനയ്‌ക്കു ശേഷം അവിടെ പരിശുദ്ധ സക്രാരി തുറന്നുവയ്ക്കുമായിരുന്നു; രാത്രി 9.30 മുതൽ 10.10 വരെ. ഞാൻ എല്ലാ ദിവസവും മുടങ്ങാതെ ആ ആരാധനയിൽ പങ്കുചേരുമായിരുന്നു. എന്റെ ബുദ്ധിയെ പ്രകാശിപ്പിച്ചത് ദിവ്യകാരുണ്യമായിരുന്നു. “പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.