അമ്മയനുഭവങ്ങൾ: 02

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

വൈദികപരിശീലനം ആരംഭിച്ചതു മുതലാണ് ജപമാലയുടെ അർത്ഥവും ആഴവും അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചത്. പരിശുദ്ധ അമ്മയുടെ ശക്തമായ സാന്നിദ്ധ്യവും തുണയും എനിക്ക് അനുഭവമായി മാറിയതും സെമിനാരി പ്രവേശനം മുതലാണ്. ഇന്നും ഏത് പ്രതിസന്ധിയിലും ഒരു മനുഷ്യരുടെ അടുക്കലേക്കും ഓടുന്നതിനു മുൻപ് ആദ്യം ഓടിയെത്തുന്നത് പരിശുദ്ധ അമ്മയുടെ കരമാകുന്ന ജപമാല ചേർത്തുപിടിച്ചു കൊണ്ട് പരിശുദ്ധ സക്രാരിയുടെ മുമ്പിലേക്കാണ്.

പരിശുദ്ധ സക്രാരിയോട് എന്നെ ഏറ്റവും കൂടുതലായി അടുപ്പിച്ചുനിർത്തുന്നത് എന്റെ കന്യകാമാതാവ് തന്നെയാണ്. അമ്മയോളം യേശുവിനെ അടുത്തറിഞ്ഞ ആരാണ് ഈ ലോകത്തുള്ളത് ? ഒന്നുമില്ലാതിരുന്ന എന്നെ, കുറവുകളുടെ ഒരു കൂടാരം മാത്രമായിരുന്ന എന്നെ ഇന്ന് ഞാൻ ജീവിക്കുന്ന പൗരോഹിത്യത്തിലേക്ക് കൈപിടിച്ചുയർത്തിയത് പരിശുദ്ധ മാതാവാണ്.

വൈദികനാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങിയ നാളുകളിൽ ഒരുപാട് പേർ എന്നെ നിരുത്സാഹപ്പെടുത്തി. അതിൽ എന്റെ സ്വന്തം അമ്മയും വൈദികരും സന്യസ്തരും ബന്ധുമിത്രാദികളും സുഹൃത്തുക്കളും ഉണ്ട്. അവർ നിരുത്സാഹപ്പെടുത്താൻ കാരണം പൗരോഹിത്യജീവിതത്തിലെ വെല്ലുവിളികളും സഹനങ്ങളും ഏറ്റെടുക്കാനുള്ള ശക്തിയോ ബലമോ ഞാൻ ആർജ്ജിച്ചിട്ടില്ല എന്ന തിരിച്ചറിവാണ്. അതു മാത്രമല്ല, വൈദികപരിശീലനം പൂർത്തിയാക്കാൻ മാത്രമുള്ള സാമ്പത്തികമോ, കഴിവോ, പ്രാപ്തിയോ, ബുദ്ധിയോ എനിക്കുണ്ടോ എന്നവർ സംശയിച്ചു.

അവരെയും കുറ്റം പറയാനാവില്ല. കാരണം ഞാൻ പഠനത്തിൽ അത്രയേറെ പിന്നോക്കമായിരുന്നു. പിന്നെ എടുത്തുപറയത്തക്ക യാതൊരു കഴിവും എനിക്കില്ലായിരുന്നു. എന്റെ മുൻപിൽ വെല്ലുവിളികൾ ഉയർത്തിയവർ തന്നെയാണ്, എനിക്ക് തടസ്സം നിന്നവർ തന്നെയാണ് ശരിക്കും എന്റെ പൗരോഹിത്യജീവിതത്തിലെ ശക്തിയെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.

പരിശുദ്ധ അമ്മയോട് ജപമാല ചൊല്ലി, ഭക്തിയോടെ ഓരോ വിശുദ്ധ കുർബാനയിലൂം ഞാൻ, എന്നെ ഒരു വിശുദ്ധനായ വൈദികനാക്കണേ എന്ന്‌ പ്രാർത്ഥിക്കാൻ തുടങ്ങി. ആരൊക്കെ എതിർത്താലും ഈ ലോകം മുഴുവൻ തടസ്സപ്പെടുത്തിയാലും എനിക്ക് ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരണം. അങ്ങനെ അവസാനം എന്റെ അമ്മയുടെ വാക്കുകൾ ധിക്കരിച്ചുകൊണ്ട് ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം സെമിനാരിയിൽ ചേരാൻ തീരുമാനിച്ചു. സെമിനാരിയിൽ ചേരുന്നതിന്റെ തലേദിവസം വികാരിയച്ചന്റെ അടുക്കൽ എഴുത്തിനു വേണ്ടി ഞാനും അമ്മയും ചെന്നപ്പോൾ: “നീ പഠിക്കാനല്ലേ സെമിനാരിയിൽ ചേരുന്നത് ? അച്ചനാകാനല്ലല്ലോ? “വീട്ടിൽ നിന്നും പഠിപ്പിക്കാൻ നിവൃത്തി ഇല്ലാത്തതുകൊണ്ട് കഴിയുന്നിടത്തോളം പഠിച്ച് തിരിച്ചുവരാനുള്ള പദ്ധതിയല്ലേ നിന്റേത്?” എന്ന് ചോദിക്കുകയുണ്ടായി.

എന്റെ കൂടെ വികാരിയച്ചനെ കാണാൻ വന്ന അമ്മ കരഞ്ഞുകൊണ്ട് ആ മുറിയുടെ പടിയിറങ്ങുമ്പോൾ എന്നോട് പറഞ്ഞു: “ഇതുകൊണ്ടാണ് നിന്നോട് അച്ചനാകാൻ പോകേണ്ട എന്ന്‌ പറഞ്ഞത്. നമ്മുടെ ഇടവകയിൽ നിന്നും ഒരുപാട് പേർ പോയെങ്കിലും ആരും വൈദികരായില്ല. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് തിരിച്ചുപോന്നു. അതുകൊണ്ട് ഒന്നുകൂടെ നല്ലവണ്ണം ആലോചിച്ചശേഷം മാത്രം ഒരു തീരുമാനം എടുക്കുക.”

ഞാൻ അമ്മയോട് പറഞ്ഞു: “എനിക്ക് വൈദികനാകണം വേറൊന്നും എനിക്ക് കേൾക്കേണ്ട.”

എന്റെ സഹപാഠികൾ വളരെയേറെ സന്തോഷത്തോടെ സെമിനാരിയിൽ എത്തിച്ചേർന്നപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുമായാണ് എന്റെ രംഗപ്രവേശം. ആർക്കും എന്റെ ദൈവവിളിയിൽ വിശ്വാസം പോരല്ലോ എന്ന ചിന്ത എന്നെ കൂടുതൽ വേദനിപ്പിച്ചു. ആ ദുർഘടനേരത്തും എന്നെ ബലപ്പെടുത്തിയത് ഞാൻ നെഞ്ചോട് ചേർത്തുപിടിച്ച എന്റെ ജപമാലയും പരിശുദ്ധ അമ്മയുമാണ്.

അന്ന് ജപമാല ചൊല്ലി ഞാൻ പ്രാർത്ഥിച്ചപ്പോൾ എന്റെ ഉള്ളിൽ കന്യകാമാതാവ് തന്ന ചിന്ത ഇതാണ്: “ആരൊക്കെ നിന്നിലെ ദൈവവിളിയെ സംശയിച്ചാലും നീ ഒരു വൈദികനായി അഭിഷിക്തനാകും; നിനക്ക് തുണയായി ഞാനുണ്ടാകും. നിന്റെ ജീവിതയാത്രയിൽ ഉടനീളം.” അന്ന് അതിന്റെ അർത്ഥമൊന്നും മനസിലായില്ലെങ്കിലും ഇന്ന് എന്റെ പൗരോഹിത്യജീവിതത്തിലെ ഓരോ നിമിഷവും അമ്മയുടെ വാക്കുകളുടെ ആഴവും പരപ്പും ഞാൻ തിരിച്ചറിയുന്നു.

“എന്റെ അമ്മേ, എന്റെ സർവ്വസ്വവുമേ… ഞാൻ പൂർണ്ണമായും നിന്റേതാണ്.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.