അമ്മയനുഭവങ്ങൾ: 54

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“വീണ്ടും ഞാൻ നിങ്ങളോട് പറയുന്നു: ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാൽ, രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും” (മത്തായി 18:19-20).

ഞാൻ ഇപ്പോൾ അജപാലനശുശ്രൂഷ നിർവ്വഹിക്കുന്ന 35 കുടുംബങ്ങളുള്ള മിഷൻ ഇടവകയിൽ നിന്നുമൊരാൾ മാലി ദ്വീപിൽ ജോലി ചെയ്യുന്നുണ്ട്. 2019 -ൽ താൻ ജോലി ചെയ്യുന്ന റിസോർട്ടിൽ നിന്നും കൂടുതൽ ശമ്പളം ലഭിക്കുന്ന മറ്റൊരു റിസോർട്ടിലോട്ട് മാറാൻ അദ്ദേഹം ശ്രമമാരംഭിച്ചു. തന്റെ രാജിക്കത്ത് നല്കിയെങ്കിലും അവർ അത് സ്വീകരിക്കുകയോ ആ ചേട്ടനെ പോകാൻ അനുവദിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന്റെ ഡോക്യൂമെന്റുകൾ പിടിച്ചുവച്ചിരുന്നു. മൂന്നു മാസത്തോളം ശമ്പളമോ, ആഹാരമോ ഇല്ലാതെ വളരെയേറെ കഷ്ടപ്പെട്ടു. ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം നാട്ടിൽ നിന്നും പണം അയച്ചുകൊടുത്താണ് ആ ചേട്ടന്റെ ചിലവുകൾ മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നത്.

ആ ചേട്ടന്റെ ഭാര്യയും കുഞ്ഞുങ്ങളും കണ്ണുനീരോടെ ദൈവാലയത്തിൽ വന്നിരുന്ന് പ്രാർത്ഥിക്കുമായിരുന്നു. എല്ലാ ബുധനാഴ്ചയുമുള്ള ജപമാല പ്രദക്ഷണത്തിൽ അദ്ദേഹത്തിന്റെ പേര്‌ പറഞ്ഞു ഞങ്ങൾ പ്രാർത്ഥിക്കുമായിരുന്നു. എന്റെ അനുദിനമുള്ള വിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യ ആരാധനയിലും വ്യക്തിപരമായ പ്രാർത്ഥനയിലും ആ ചേട്ടനു വേണ്ടി മനസ്സുരുകി ഞാനും പ്രാർത്ഥിക്കുമായിരുന്നു. ഇടവകയിലെ എല്ലാ ദൈവജനവും ഏകമനസ്സോടെ ആ കുടുംബത്തിന്റെ കണ്ണുനീരിൽ പങ്കുകാരായി പ്രാർത്ഥന തുടർന്നുപോന്നു.

അങ്ങനെ മൂന്ന് മാസങ്ങൾ കടന്നുപോയി. ഒക്ടോബർ മാസം പരിശുദ്ധ കന്യകാമാതാവിനും പരിശുദ്ധ ജപമാലയ്ക്കുമായി പ്രത്യേകം സമർപ്പിക്കപ്പെട്ട മാസമായതിനാൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ഓരോ വീടുകളിലും കൊണ്ടുപോയി ഒരു ദിവസം ഒരു വീട്ടിൽ വച്ച് എന്ന രീതിയിൽ പ്രാർത്ഥിക്കാൻ തുടങ്ങി. ഏറ്റവും ആദ്യം പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം കൊണ്ടുപോയത് ജോലി സംബന്ധമായ ബുദ്ധിമുട്ട് അലട്ടിയിരുന്ന ആ ചേട്ടന്റെ കുടുംബത്തിലാണ്. പിറ്റേദിവസം തന്നെ അദ്ദേഹത്തിന്റെ രാജിക്കത്ത് സ്വീകരിക്കപ്പെട്ടു. എല്ലാ ഡോക്യൂമെൻസും ആ ചേട്ടന് തിരികെ കിട്ടി. പുതിയ റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചു. ഇന്നും ഉയർന്ന ശമ്പളത്തോടെ അവിടെ ജോലി തുടരുന്നു. കൊറോണ വൈറസിന്റെ വ്യാപനം കാരണം പലർക്കും ജോലി നഷ്ടമായെങ്കിലും ആ ചേട്ടൻ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിന്റെ ശക്തിയാൽ ഇന്നും ജോലിയിൽ തുടരുന്നു.

പരിശുദ്ധ കന്യകാമറിയത്തെ നോക്കി മക്കളായ നാം കണ്ണുനീരോടെ നിലവിളിക്കുമ്പോൾ എങ്ങനെയാണ്‌ പരിശുദ്ധ അമ്മ മാതാവിന് അത് കേൾക്കാതിരിക്കാനാവുക? “നമ്മുടെ അപേക്ഷകളെ ഒരിക്കലും ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മയുടെ പ്രാർത്ഥനാസഹായവും മാദ്ധ്യസ്ഥവും നമ്മുടെ ജീവിതത്തിലെ കൂരിരുൾപാതയിൽ എന്നും നമുക്ക് പ്രകാശവും കരുത്തുമായി ഭവിക്കട്ടെ, ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.