അമ്മയനുഭവങ്ങൾ: 53

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന് തുറന്നുകിട്ടുകയും ചെയ്യുന്നു” (മത്തായി 7:7-8).

എന്റെ 35 കുടുംബങ്ങളുള്ള മിഷൻ ഇടവകയിൽ BSc നഴ്സിംഗ് കഴിഞ്ഞ ഒരു യുവതിയുണ്ടായിരുന്നു. വിദേശത്തു പോയി ജോലി ചെയ്യുക എന്നത് ആ മകളുടെ നീണ്ടകാല സ്വപ്നമായിരുന്നു. ബാംഗ്ലൂരിലുള്ള ഒരു സ്വകാര്യ ആശുപതിയിൽ ജോലി ചെയ്യുമ്പോൾ തന്നെ വിദേശത്തു പോകാനുള്ള പരിശ്രമങ്ങൾ അവൾ നിർബാധം തുടർന്നുകൊണ്ടേയിരുന്നു. നിർഭാഗ്യവശാൽ എല്ലാ പരിശ്രമങ്ങളിലും പരാജയപ്പെട്ട ആ മകൾ നിരാശയുടെ പിടിയിലമർന്നു. ജീവിതത്തിൽ ഇനി യാതൊരു പ്രതീക്ഷയും ഇല്ലായെന്ന ചിന്തയോടെ അവൾ അവളിലേക്കു തന്നെ ഒതുങ്ങിക്കൂടാൻ തുടങ്ങി. അവധിക്കു വരുമ്പോൾ ഞായറാഴ്ച്ച ഇടവക ദൈവാലയത്തിൽ വന്നു പതിവായി വിശുദ്ധ കുർബാനയിൽ സജീവമായി പങ്കെടുക്കുമായിരുന്ന അവൾ പതിയെപ്പതിയെ ദൈവാലയത്തിൽ വരാതായി. ഇനി ബാംഗ്ലൂർ ഉള്ള ജോലിക്കും പോകുന്നില്ലെന്ന ഉറച്ച തീരുമാനത്തോടെ അവൾ വീട്ടിൽ തന്നെ തുടർന്നു. ബൈബിൾ വായിക്കാനോ, ജപമാല ചൊല്ലാനോ, കുടുംബപ്രാർത്ഥനയിൽ പങ്കുചേരുവാനോ യാതൊരു താല്പര്യവുമില്ലാത്ത അവസ്ഥ. ദൈവത്തിൽ നിന്നും ദൈവവിശ്വാസത്തിൽ നിന്നും പൂർണ്ണമായും അകലാൻ തുടങ്ങി.

ഞാൻ ഒരിക്കൽ ആ മകളോട് സംസാരിച്ചു. അവളുടെ ഉത്കണ്ഠയും നിരാശയും ജോലി ലഭിക്കാത്തതിലുള്ള ആകുലതയും തുറന്നുപറഞ്ഞപ്പോൾ ക്ഷമയോടെ കേട്ട ശേഷം പരിശുദ്ധ അമ്മ മാതാവ് എന്റെ ഉള്ളിൽ തോന്നിച്ച ഒരു ചിന്ത ഞാൻ ആ മകളോട് പങ്കുവച്ചു. 9 ആഴ്ചകൾ ഞായറും, ബുധനും, വെള്ളിയും മുടങ്ങാതെ ദൈവാലയത്തിൽ വന്ന് വിശുദ്ധ കുർബാനയിൽ പങ്കുചേരാൻ ഞാൻ ആ മകളോട് അഭ്യർത്ഥിച്ചു. ബുധനാഴ്ചകളിൽ വിശുദ്ധ കുർബാനയെ തുടർന്നുള്ള ജപമാല പ്രദക്ഷിണത്തിലും, വെള്ളിയാഴ്ച്ചകളിൽ വിശുദ്ധ ബലിയെ തുടർന്നുള്ള ദിവ്യകാരുണ്യ ആരാധനയിലും മുടങ്ങാതെ പങ്കുചേരാൻ ഞാൻ ആ യുവതിയെ പ്രേരിപ്പിച്ചു.

പരിശുദ്ധ അമ്മ മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച് ഞാൻ ആ മകൾക്കു വേണ്ടി തീക്ഷ്ണമായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. എന്റെ വാക്കുകൾക്ക് വില നൽകിക്കൊണ്ട് അവൾ ദൈവാലയത്തിൽ മുടങ്ങാതെ വരാൻ തുടങ്ങി. 4 ആഴ്ചകൾ പിന്നിട്ടപ്പോൾ തന്നെ ജോലിക്കു വേണ്ടിയുള്ള അവളുടെ കാത്തിരിപ്പ് അവസാനിച്ചു. സൗദി അറേബ്യയിൽ അവൾക്ക് ജോലി ലഭിച്ചു.

തന്റെ ജീവിതത്തിലുണ്ടായ ദൈവത്തിന്റെ ശക്തമായ ഇടപെടൽ എല്ലാ ദൈവജനത്തിന്റെയും മുൻപിൽ സാക്ഷ്യപ്പെടുത്താൻ ഒരു ഞായറാഴ്ച്ച ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാൽ ഒരു ഞായറാഴ്ച്ച വിശുദ്ധ കുർബാനയ്‌ക്കു ശേഷം അതിനുള്ള അവസരം ആ മകൾക്ക് നൽകി. കണ്ണുനീരോടെ അവൾ തന്റെ ദൈവാനുഭവം പങ്കുവച്ചപ്പോൾ നിരാശയിൽ കഴിഞ്ഞിരുന്ന പലരിലും പ്രതീക്ഷയുടെ പുൽനാമ്പുകൾ പ്രദാനം ചെയ്യുന്ന ഒരു അവസരമായി അത് മാറി.

പരിശുദ്ധ അമ്മ വഴി നാം ദൈവത്തിന് സമർപ്പിക്കുന്ന യാചനകളും പ്രാർത്ഥനകളും പൂർണ്ണതയിൽ എത്താൻ കാലതാമസം നേരിടില്ല. അമ്മയുടെ പ്രാർത്ഥനകൾക്കു നേരെ ചെവി അടയ്ക്കാൻ ദൈവത്തിനാകില്ല. ദൈവഹിതത്തിന് പരിപൂർണ്ണമായും കീഴ്‌വഴങ്ങിയ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നിരന്തരം നമുക്ക് തേടാം.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,
ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.