അമ്മയനുഭവങ്ങൾ: 52

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു.”

ഞാൻ ഇപ്പോൾ അജപാലനശുശ്രൂഷ നിർവ്വഹിക്കുന്ന രണ്ട് മിഷൻ ഇടവകകളിൽ ഒന്ന് (35 കുടുംബങ്ങൾ) പരിശുദ്ധ ലൂർദ്ദ് മാതാവിന്റെ നാമധേയത്തിലുള്ളതാണ്. 20 വർഷത്തിലേറെ പഴക്കമുള്ള ആ ഇടവകയോട് ചേർന്ന് ലൂർദ്ദ് മാതാവിന്റെ ഒരു കുരിശടി നിർമ്മിക്കണമെന്ന ചിന്ത തുടക്കം മുതലേ ദൈവജനത്തിന്റെ സ്വപ്നമായിരുന്നു.

ഞാൻ ശുശ്രൂഷ ഏറ്റെടുത്ത ആദ്യനാൾ മുതൽ അവിടെ കുരിശടി നിർമ്മിക്കണമെന്ന പ്രേരണ എന്റെ ഉള്ളിലും പരിശുദ്ധ മാതാവ് നൽകിക്കൊണ്ടിരുന്നു. നല്ലൊരു കുരിശടി നിർമ്മിക്കാൻ 7 മുതൽ 8 ലക്ഷം രൂപ വരെ ചിലവ് പ്രതീക്ഷിക്കാം. അത്രയും ഭീമമായ തുക പാവപ്പെട്ടവരായ ഇടവകക്കാർ കൂട്ടിയാൽ കൂടില്ല. രണ്ട് ഇടവകകളിലെയും ബഹുമാനപ്പെട്ട സിസ്റ്റർമാരുടെയും ദൈവജനത്തിന്റെയും സുഹൃത്തുക്കളുടെയും നല്ല മനസ്സിനുടമകളായ നാനാജാതി മതസ്ഥരുടെയും സഹകരണത്തിലൂടെ മാതാവിനായി ഒരു കുരിശടി നിർമ്മിച്ച് കൂദാശ ചെയ്യപ്പെട്ടു.

കുരിശടി നിർമ്മാണം ആരംഭിച്ച പ്രാരംഭഘട്ടത്തിൽ തന്നെ ഒരുപാട് അത്ഭുതങ്ങൾ അവിടെയുണ്ടായി. അതിൽ രണ്ടെണ്ണം ഞാൻ ഇവിടെ വിവരിക്കാം.

1. കുരിശടിയുടെ കോൺക്രീറ്റ് ജോലികൾ ചെയ്തത് ഒരു പെന്തക്കോസ്ത് സഭാവിശ്വാസിയാണ്. അദ്ദേഹം തന്റെ ജീവിതത്തിലെ പല അനുഭവങ്ങളും ജോലിയുടെ ഇടയിൽ എന്നോട് പങ്കുവയ്ക്കുമായിരുന്നു.

ഒരിക്കൽ, ജോലി ചെയ്തു പൂർത്തിയാക്കിയ ഒരു സ്ഥലത്തു നിന്നും ഏകദേശം ഒരു ലക്ഷത്തോളം രൂപ കിട്ടാനുണ്ട്. പല പ്രാവശ്യം കാശിനു പോയെങ്കിലും ഓരോ ഒഴികഴിവ് പറഞ്ഞു ആ കെട്ടിട ഉടമസ്ഥൻ അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ഇനി ആ പൈസ തിരികെ കിട്ടില്ലെന്നോർത്തു വിഷമിച്ച അദ്ദേഹത്തോട് ഞാൻ പറഞ്ഞു പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിച്ചാൽ തീർച്ചയായും പൈസ തിരികെ കിട്ടുമെന്ന്.

ആ വ്യക്തിക്കു വേണ്ടി അന്നുമുതൽ ഞാൻ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. എല്ലാ ജോലികളും പൂർത്തിയാക്കി പോകാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഫോൺ ശബ്‌ദിച്ചു. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരു ലക്ഷം രൂപയും അദ്ദേഹത്തിന് തിരികെ ലഭിച്ചു. നന്ദിയോടും സന്തോഷത്തോടും കൂടെ അയാൾ മടങ്ങി.

2. ഇടവകയിൽ തന്നെയുള്ള ഒരു കുടുംബം അവരുടെ ഒരു വസ്തു വിൽക്കാനായി പല വർഷങ്ങളായി ഒരുപാട് ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഒരു ദിവസം അവരുടെ വിഷമങ്ങൾ ബഹുമാനപ്പെട്ട സിസ്റ്റർമാരോട് പങ്കുവച്ചപ്പോൾ വസ്തു ഉടനെ വിൽക്കുകയാണെങ്കിൽ നിർമ്മാണം പുരോഗമിക്കുന്ന ഈ കുരിശടിക്ക് ഒരു തുക നല്കുമെന്ന് നേർച്ച നേർന്നു പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ആ വീട്ടിലെ അപ്പനും മകനും വിശ്വാസത്തോടെ പ്രാർത്ഥിച്ചു. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അവരുടെ സ്ഥലം കച്ചവടമായി. പതിനായിരം രൂപ അവർ കുരിശടി നിർമ്മാണത്തിനായി നല്കി.

ഇന്നും എല്ലാ ദിവസവും കണ്ണുനീരോടെ ആ കുരിശടിയിൽ വന്നിരുന്നു ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ഒരുപാട് പേരെ ഞാൻ കാണാറുണ്ട്. എല്ലാ ദിവസവും ഏതെങ്കിലുമൊരു നേരം ഞാനും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യം നിറഞ്ഞുനിൽക്കുന്ന ആ കുരിശടിയിൽ പോകാറുണ്ട്.

“പരിശുദ്ധ ജപമാലയുടെ രാജ്ഞി, അമ്മയുടെ മുമ്പിൽ കണ്ണുനീരോടെ കടന്നുവരുന്ന ഓരോ മക്കളെയും പരിശുദ്ധ അമ്മ കാത്തുപരിപാലിക്കണേ, ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.