അമ്മയനുഭവങ്ങൾ: 48

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“കർത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാൻ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരെ വിധി പ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കും; കർത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതി നടത്തലുമാണിത്” (ഏശയ്യാ 54:17).

ഒരിക്കൽ ഇംഗ്ലണ്ടിലുള്ള എന്റെ ഒരു സുഹൃത്തിന്റെ വാഹനം അപകടത്തിൽപെട്ടു. വളരെ ശ്രദ്ധയോടെ റോഡ് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുമ്പോൾ ഒരു സിഗ്നലിന്റെയടുത്തു വച്ച് പ്രായമായ ഒരു അമ്മ പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചു. വാഹനം സാവധാനം ഓടിച്ചിരുന്നതിനാൽ ചെറിയ പരിക്കേ ആ അമ്മച്ചിക്കുണ്ടായുള്ളൂ. എങ്കിലും ആ സംഭവം കേസായി കോടതിയിലെത്തി. ആ രാജ്യത്തെ നിയമമനുസരിച്ച് സാധാരണ ഗതിയിൽ റോഡ് മുറിച്ചുകടക്കുന്ന വ്യക്തിക്കാണ് പ്രഥമ പരിഗണന ലഭിക്കാറുള്ളത്. കോടതിയിലെത്തുന്ന ഭൂരിഭാഗം കേസുകളും കാൽനടയാത്രക്കാർക്ക് അനുകൂലമായാണ് വിധി വരുക.

എന്റെ സുഹൃത്ത് എന്നെ വിളിച്ച് തന്റെ ദുരവസ്ഥ പറഞ്ഞു. പ്രത്യേകമായി പ്രാർത്ഥിക്കാമെന്ന ഉറപ്പും കേസിൽ അനുകൂലമായ വിധിയുണ്ടാകുമെന്നും പറഞ്ഞു ആശ്വസിപ്പിച്ചപ്പോൾ ആ രാജ്യത്തെ നിയമത്തെപ്പറ്റി നല്ല അവബോധമുള്ള എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു: “കേസിൽ എന്തായാലും തോൽക്കും എന്നുറപ്പാണ്. നഷ്ടപരിഹാര തുക ഭീമമാകാതിരിക്കാൻ അച്ചൻ പ്രാർത്ഥിച്ചാൽ മതി” എന്നു പറഞ്ഞു വളരെ വേദനയോടെ ഫോൺ കട്ട് ചെയ്തു.

കോടതി വിധി വരുന്നതിനു മുമ്പു തന്നെയുള്ള എന്റെ സുഹൃത്തിന്റെ പരാജയസമ്മതം എന്നെ ഒരുപാട് അലട്ടി. പരിശുദ്ധ അമ്മയുടെ മുൻപിൽ ഞാൻ പൂർണ്ണമായും ശരണം പ്രാപിച്ചു. വിശുദ്ധ കുർബാനയർപ്പണത്തിലും ദിവ്യകാരുണ്യ ആരാധനയിലും എന്റെ വ്യക്തിപരമായ പ്രാർത്ഥനകളിലും എന്റെ സുഹൃത്തിന്റെ നിരപരാധിത്വം കോടതി മുമ്പാകെ തെളിയണെയെന്ന് ഞാൻ പ്രാർത്ഥിച്ചു. കേസിന്റെ വിസ്താരസമയം തന്റെ ഭാഗത്താണ് തെറ്റെന്ന് ആ അമ്മച്ചി സമ്മതിച്ചതിനാൽ എന്റെ സുഹൃത്തിനെ കോടതി വെറുതെ വിട്ടു; നഷ്ടപരിഹാരമൊന്നും കൊടുക്കേണ്ടതായും വന്നില്ല.

പരിശുദ്ധ കന്യകാമാതാവ് നമ്മുടെ കൂടെയുണ്ടെങ്കിൽ ഏത് പ്രതികൂലസാഹചര്യങ്ങളെയും അതിജീവിക്കാനുള്ള ശക്തിയും ഓജസ്സും കരുത്തും നമുക്ക് ലഭിക്കും. നമുക്ക് നീതി നടത്തിത്തരാനായി പരിശുദ്ധ അമ്മ തന്റെ തിരുക്കുമാരനോട് നിരന്തരം മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കും.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.