അമ്മയനുഭവങ്ങൾ: 47

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” (മത്തായി 11: 28-30).

2020 ഒക്ടോബർ മാസം പരിശുദ്ധ കന്യകാമാതാവിന്റെ വലിയൊരു ഇടപെടൽ എന്റെ ജീവിതത്തിൽ ഞാൻ ദർശിച്ചു. കൊറോണ വൈറസിന്റെ വ്യാപനം കാരണം ഒരുപാട് കഷ്ടതകളിലൂടെ പല കുടുംബങ്ങളും കടന്നുപോയ ഒരു വർഷം. പട്ടിണിയും പരിവട്ടവുമായി ജനങ്ങൾ നട്ടം തിരിഞ്ഞപ്പോൾ അതിന്റെ ദൂരവ്യാപകമായ ഫലങ്ങൾ എന്റെ രണ്ട് ഇടവകകളിലും പ്രതിഫലിച്ചു. ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്‌മയും അവരുടെ ജീവിതത്തിൽ ഇടിത്തീ പോലെ വന്നുപതിച്ച നാളുകളായിരുന്നു അത്. തീർത്തും ദരിദ്രരായ അവർ സഹായം തേടി വികാരിയാച്ചന്റെ അടുത്തെത്തി. പലരോടും സഹായം തേടിയും കടം മേടിച്ചും എന്നാലാവുന്ന വിധം എല്ലാ വീടുകളിലും സമയാസമയം ഭക്ഷണം കഴിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു.

ദിവസങ്ങൾ കടന്നുപോയപ്പോൾ ഞാൻ പൈസ കടം വാങ്ങിയവരൊക്കെ തിരികെ ചോദിച്ചു തുടങ്ങി. പ്രതീക്ഷയോടെ പല വാതിലുകളിലും ഞാൻ മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. പൈസ തിരികെ കൊടുക്കാമെന്നു പറഞ്ഞ നാളുകൾ അടുത്തടുത്തു വന്നപ്പോൾ എന്റെ മനഃസമാധാനം നഷ്ടമായി, ഉറക്കമില്ലാതായി, ആകുലതയും ഉത്കണ്ഠയും മാത്രം എന്റെ സന്തതസഹചാരികളായി മാറി. രൂപതയിൽ നിന്നും എന്തെങ്കിലും കടം വാങ്ങാമെന്ന് തീരുമാനിച്ചപ്പോൾ അവിടെയും കടുത്ത സാമ്പത്തിക ഞെരുക്കമാണെന്ന് അറിഞ്ഞു.

ആകെ നിരാശയിലകപ്പെട്ട് സകല പ്രതീക്ഷകളും അസ്തമിച്ച നാളുകൾ. ഞാൻ സ്ഥിരം വിളിച്ചു സംസാരിക്കുന്ന ഒരു സുഹൃത്തുണ്ടെനിക്ക്. കുറേ ദിവസമായി എന്റെ കാര്യമൊന്നും അറിയാൻ സാധിക്കാത്തതിനാൽ പല പ്രാവശ്യം എന്നെ അദ്ദേഹം വിളിച്ചുകൊണ്ടേയിരുന്നു. ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നതിനാൽ ഫോൺ എടുത്തില്ല. അവസാനം ശല്യം സഹിക്കാനാവാതെ ഫോൺ എടുത്തു. എന്റെ സാമ്പത്തികമുട്ടുകൾ സുഹൃത്തിനോട് ഞാൻ പറഞ്ഞില്ല. കാരണം ഒരുപാട് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു സുഹൃത്താണത്.

പല ആവർത്തി തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നോട് പങ്കുവച്ച് പ്രാർത്ഥനാസഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്നതിനാൽ ഞാൻ എന്തെങ്കിലുമൊക്കെ പറഞ്ഞു ഒഴിവാക്കാൻ നോക്കി. പക്ഷേ എനിക്ക് എന്തോ വലിയ അപകടം പിണഞ്ഞിട്ടുണ്ടെന്നു മനസിലാക്കിയ സുഹൃത്ത് ഒരുപാട് നിർബന്ധിച്ചു ചോദിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു.

ഉടനെ വന്നു പ്രതീക്ഷയുടെ ഒരു ചോദ്യം. അച്ചന് എത്ര കാശാണ് വേണ്ടത്? ഞാൻ പറഞ്ഞു: “നിങ്ങളുടെ അവസ്ഥ എനിക്കറിയാം. ഈ അവസ്ഥയിൽ നിങ്ങൾ എങ്ങനെയാണ് എന്നെ സഹായിക്കുക?” അപ്പോൾ സുഹൃത്ത് പറഞ്ഞു: “ഇപ്പോൾ എന്റെ കൈയ്യിൽ കാശുണ്ട്. അച്ചന് എത്ര കാശു വേണമെന്ന് പറഞ്ഞാൽ ഞാൻ അയച്ചുതരാം.” ഒരു നിമിഷനേരത്തേക്ക് എനിക്ക് എന്റെ കണ്ണുനീരിനെ നിയന്ത്രിക്കാനായില്ല. ഞാൻ ഉറക്കെ കരഞ്ഞു.

എന്റെ അക്കൗണ്ടിൽ പിറ്റേ ദിവസം തന്നെ കാശിട്ടുകൊണ്ട് ആ സുഹൃത്ത് പറഞ്ഞു: “അച്ചൻ ഈ കാശ് പതിയെ തിരിച്ചുതന്നാൽ മതി. ഇപ്പോൾ ഉടനെ ആവശ്യമൊന്നുമില്ല.”

ഇന്നും ആ കാശ് എന്നോട് തിരിച്ചു ചോദിച്ചിട്ടില്ല. അക്ഷരാർത്ഥത്തിൽ ഞാൻ ദൈവികപരിപാലനയും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും അനുഭവിച്ചറിഞ്ഞ ഒരു രാത്രിയായിരുന്നു അത്.

അമിത പ്രതീക്ഷയോടെ നാം മുട്ടുന്ന പല വാതിലുകളും നമുക്കു നേരെ കൊട്ടിയടയ്ക്കപ്പെടുമ്പോഴും നാം ഒരു പ്രതീക്ഷയും വയ്ക്കാത്ത ചില വാതിലുകൾ ദൈവം നമുക്ക് മുൻപിൽ തുറന്നിടും. ജീവിതയാത്രയിൽ എത്രയോ നല്ല മനുഷ്യരെ ദൈവം നമുക്ക് സഹായകരായി നല്കുന്നു. നാം അമിതവിശ്വാസത്തോടെ കെട്ടിപ്പൊക്കിയ സകല പ്രതീക്ഷകളും അസ്തമിക്കുമ്പോൾ മാത്രമേ ദൈവമാകുന്ന ഏക പ്രതീക്ഷ നമുക്ക് മുൻപിൽ നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ചില മനുഷ്യരിലൂടെ അവതരിക്കുകയുള്ളൂ.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.