അമ്മയനുഭവങ്ങൾ: 46

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും” (ഫിലിപ്പി. 4:13).

കഴിഞ്ഞ വർഷം (2020) 10 കുടുംബങ്ങളുള്ള, വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള ദൈവാലയത്തിൽ നടന്ന ഇടവക തിരുനാൾ ദൈവാനുഗ്രഹത്തിന്റെയും പരിശുദ്ധ ജപമാലയുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ നിരന്തര മാദ്ധ്യസ്ഥത്തിന്റെയും സാന്നിധ്യത്തിന്റെയും സംരക്ഷണത്തിന്റെയും നേർക്കാഴ്ചയിരുന്നു.

കൊറോണ വൈറസിന്റെ വ്യാപനം തീവ്രമായ വർഷമായതിനാൽ തിരുനാൾ വേണ്ടായെന്ന അഭിപ്രായവുമുണ്ടായിരുന്നു. എന്നാൽ പരിശുദ്ധ അമ്മയിൽ പൂർണ്ണമായും ആശ്രയം വച്ച് തിരുനാൾ ആഘോഷിക്കാൻ തന്നെ തീരുമാനിച്ചു. തീർത്തും ലളിതമായിരുന്നു തിരുനാൾ ആഘോഷം.

ഞായറാഴ്ച്ച ആഘോഷമായ കുർബാനയും അതേ തുടർന്ന് സ്‌നേഹവിരുന്നും. കൊറോണ വ്യാപനം ഉള്ളതിനാൽ അധികം ഭക്ഷണമൊന്നും കരുതിയില്ല. ഞായറാഴ്ച്ചത്തെ കുർബാനയ്ക്കായി ദൈവാലയത്തിൽ വന്ന ആൾക്കാരെ കണ്ട് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. 150 -നും മുകളിൽ ആളുകൾ. സാധാരണ ഇതിനു മുൻപ് ഒരിക്കലും വരാത്തത്ര ദൈവജനം ആ തിരുനാളിന്റെ ഭാഗമായി. ഭക്ഷണം എല്ലാവർക്കും കൃത്യമായി തികഞ്ഞു.

എന്റെ ഉള്ളിൽ ആകുലതയും ഉത്കണ്ഠയും വളരാൻ തുടങ്ങി. ഇത്രയും പേർ ഈ കൊറോണ വ്യാപനസമയത്ത് ഒരുമിച്ചുകൂടിയതിന്റെ ഫലമായി ഇതിൽ ഒരാൾക്ക് കൊറോണ ബാധിച്ചാലും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും എനിക്ക് ഒഴിഞ്ഞുമാറാനാകില്ല. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ചു ജപമാല ചൊല്ലി പ്രാർത്ഥിച്ചപ്പോൾ ഒരു ചിന്ത എന്റെയുള്ളിൽ പരിശുദ്ധ അമ്മ തോന്നിച്ചു.

എല്ലാവരും ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് ആരാധിക്കാൻ തുടങ്ങി. ഉച്ച കഴിഞ്ഞു 2.30 മുതൽ 5.30 വരെ പ്രസ്തുത ആരാധന തുടർന്നുകൊണ്ടേയിരുന്നു. വൈകുന്നേരം 6 മണിക്ക് സൺ‌ഡേ സ്കൂൾ കുട്ടികളുടെയും വിവിധ ഭക്തസംഘടനകളുടെയും കലാവിരുന്ന് അരങ്ങേറി. എന്നെ അത്യന്തം അത്ഭുതപ്പെടുത്തിക്കൊണ്ട് 10 കുടുംബങ്ങൾ മാത്രമുള്ള മിഷൻ ഇടവകയിൽ നിന്നും 35 -ലേറെ വിവിധ കലാപരിപാടികൾ കുഞ്ഞുങ്ങളും യുവജനങ്ങളും മാതാപിതാക്കളും ചേർന്ന് അവതരിപ്പിച്ചു. പരിശുദ്ധ അമ്മയുടെ വലിയ സാന്നിദ്ധ്യവും തുണയും അനുഭവിച്ചറിഞ്ഞ ഒരു തിരുനാളിന് അങ്ങനെ ഭാഗഭാക്കാകാൻ എനിക്കും സാധിച്ചു.

“കൃപയുടെ നിറകുടമായ പരിശുദ്ധ അമ്മ മാതാവേ, ഞങ്ങളുടെ ജീവിതപാതയിൽ എന്നും കൂട്ടായി അമ്മയുണ്ടാകണമേ, ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.