അമ്മയനുഭവങ്ങൾ: 45

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“അവിടുത്തെ വലതുകരം അവരെ രക്ഷിക്കും. അവിടുത്തെ ഭുജം അവരെ കാത്തുകൊള്ളും” (ജ്ഞാനം 5:16).

ഒരിക്കൽ, വിദേശത്തുള്ള എന്റെ ഒരു സുഹൃത്ത് വലിയൊരു ഓൺലൈൻ ബാങ്കിങ് തട്ടിപ്പിന് ഇരയായി. അവർ സ്വരുക്കൂട്ടി വച്ചിരുന്ന ഏകദേശം രണ്ട് ലക്ഷത്തോളം രൂപ അവർക്ക് നഷ്ടമായി. കുടുംബത്തിലാകെ പ്രശ്നം. ഭാര്യയും ഭർത്താവും പരസ്പരം പഴിചാരാനും വഴക്കടിക്കാനും തുടങ്ങി. ഒരു ദിവസം വളരെയേറെ വേദനയോടെ എന്റെ സുഹൃത്ത് ഇക്കാര്യങ്ങളൊക്കെ എന്നോട് പങ്കുവച്ചു.

പൈസ തിരികെ കിട്ടും വിഷമിക്കേണ്ട പ്രാർത്ഥിക്കാമെന്നു പറഞ്ഞു ആശ്വസിപ്പിച്ചപ്പോൾ എന്റെ സുഹൃത്ത് തെല്ല് ദേഷ്യത്തോടെ എന്നോട് പറഞ്ഞു: “അച്ചന് ഓൺലൈൻ തട്ടിപ്പുകാരെക്കുറിച്ച് അറിയാന്മേലാഞ്ഞിട്ടാണ്. അവരുടെ കൈയ്യിൽ എത്തിപ്പെടുന്ന കാശ് ഒരിക്കലും നമുക്ക് തിരികെ കിട്ടില്ല.” വേദനയോടും നിരാശയോടുംകൂടെ കുറേ ചോദ്യശരങ്ങളും എന്റെ സുഹൃത്ത് എന്റെ നേരെ തൊടുത്തുവിട്ടു.

“ഞങ്ങൾ ആരെയും ദ്രോഹിച്ചിട്ടില്ല. എന്നിട്ടും എന്തേ ദൈവം ഞങ്ങളോടു മാത്രം ഇങ്ങനെ ക്രൂരമായി പെരുമാറുന്നു? ഒന്നിനു പിറകെ ഒന്നായി എപ്പോഴും ഞങ്ങളുടെ ജീവിതത്തിൽ മാത്രം പ്രശ്നങ്ങളും പ്രതിസന്ധികളുമാണല്ലോ? ജീവിതം തന്നെ മടുത്തു” – അദ്ദേഹം നിരാശനായി.

സുഹൃത്ത് ഫോൺ വച്ചുകഴിഞ്ഞപ്പോൾ ഞാൻ നേരെ പരിശുദ്ധ സക്രാരിയുടെ മുൻപിൽ പോയിരുന്ന് അവർക്കു വേണ്ടി ഒരു മുഴുവൻ ജപമാല ചൊല്ലി കണ്ണുനീരോടെ പ്രാർത്ഥിച്ചു. ഈ കാര്യം ഒരു കുഞ്ഞിന്റെ പിടിവാശിയോടെ ഞാൻ ഈശോയോട് ആവശ്യപ്പെട്ടു. ആ പൈസ മുഴുവനായി അവർക്ക് തിരികെ കിട്ടണം.

അവർ ബാങ്കിൽ ഒരു പരാതി എഴുതിക്കൊടുത്തു. ഒരുപക്ഷേ, ചെറിയ ഒരു തുകയെങ്കിലും തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ. കൂടെയുള്ള പലരും അവരെ നിരന്തരം നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു. ഇനി ആ കാശിന്റെ കാര്യം മറന്നോളാൻ ഉപേദശിച്ചു. അങ്ങനെ ദിവസങ്ങളും ആഴ്ച്ചകളും കടന്നുപോയിക്കൊണ്ടിരുന്നു. എന്റെ വിശുദ്ധ കുർബാനയർപ്പണത്തിലും പരിശുദ്ധ ജപമാലയിലും വ്യക്തിപരമായ പ്രാർത്ഥനയിലും അവരുടെ സാമ്പത്തിക പരാധീനത ഞാൻ ദൈവത്തിന് സമർപ്പിച്ചുകൊണ്ടിരുന്നു.

ഏകദേശം ഒരു മാസത്തിനു ശേഷം അവർക്ക് നഷ്‌ടമായ മുഴുവൻ പൈസയും ബാങ്കിന്റെ ഇടപെടൽ വഴിയായി തിരികെ ലഭിച്ചു. ഇതു കേട്ട എല്ലാവർക്കും അവിശ്വസനീയമായ വർത്തയായിരുന്നു അത്. അവർ എന്നെ വിളിച്ച് ഒരുപാട് നന്ദി പറഞ്ഞു. ഞാൻ സ്നേഹപൂർവ്വം എന്റെ സുഹൃത്തിനെ ഓർമ്മിപ്പിച്ചു, നന്ദി പറയേണ്ടത് പരിശുദ്ധ അമ്മയ്ക്കാണ്. അമ്മയുടെ നിരന്തര മാദ്ധ്യസ്ഥമാണ് ഫലം കണ്ടത്. ആ കുടുംബം മുഴുവനായി പരിശുദ്ധ അമ്മയ്ക്കും ദൈവത്തിനും നന്ദി പറഞ്ഞു.

പരിശുദ്ധ അമ്മയോട് നാം ചേർന്നുനിന്നാൽ ഒരിക്കലും അമ്മ നമ്മെ ഉപേക്ഷിക്കില്ല. ജീവിതത്തിൽ സകല പ്രതീക്ഷകളും അസ്തമിക്കുമ്പോൾ, എല്ലാ വാതിലുകളും നമുക്ക് മുൻപിൽ അടയ്ക്കപ്പെടുമ്പോൾ, ചുറ്റും കൂരിരുട്ട് വ്യാപാരിക്കുമ്പോൾ, ജീവിതയാത്രയിൽ ഒറ്റയ്ക്കായി പോയല്ലോയെന്നോർത്തു പരിതപിക്കുമ്പോൾ ഏതവസ്ഥയിലും നമ്മെ കാത്തുപരിപാലിക്കാൻ ഒരു അമ്മ നമുക്കുണ്ടെന്ന കാര്യം നമുക്ക് വിസ്മരിക്കാതിരിക്കാം. പരിശുദ്ധ അമ്മയെ നമ്മുടെ സ്വന്തം അമ്മയായി സ്വഭവനത്തിൽ, ഹൃദയത്തിൽ സ്വീകരിക്കാം. അമ്മയുടെ മക്കളെ അമ്മ ഒരിക്കലും കൈവിടില്ല.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.