അമ്മയനുഭവങ്ങൾ: 44

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്” (ലൂക്കാ 1:49).

ഞാൻ ഇപ്പോൾ അജപാലന ശുശ്രൂഷ നിർവ്വഹിക്കുന്ന രണ്ട് മിഷൻ ഇടവകകളോടും ചേർന്ന് ബഹുമാനപ്പെട്ട സിസ്റ്റർമാർക്ക് രണ്ട് സ്കൂളുകളുണ്ട്. 35 കുടുംബങ്ങളുള്ള മിഷൻ ഇടവക ദൈവാലയത്തോട് ചേർന്ന് ബഹുമാനപ്പെട്ട FCC സിസ്റ്റർമാർക്ക് ഒരു സ്പെഷ്യൽ സ്കൂളും. 10 കുടുംബങ്ങളുള്ള മിഷൻ ഇടവകയോട് ചേർന്ന് ബഹുമാനപ്പെട്ട SABS സിസ്റ്റർമാർക്ക് പ്ലസ് ടു വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളും. രണ്ട് സ്കൂളുകളിലും സ്കൂൾ വാർഷികം കുഞ്ഞുങ്ങളുടെ വൈവിധ്യങ്ങളാലും കലാവിരുന്നുകളാലും സമ്പന്നമാണ്.

പ്ലസ് ടു വരെയുള്ള സ്കൂളിൽ എല്ലാ വർഷവും സ്കൂൾ വാർഷികം കെങ്കേമമായിട്ടാണ് നടത്തുക. ഞാൻ വികാരിയായി ചുമതലയേറ്റ ആദ്യ വർഷമുള്ള വാർഷികത്തിന് ഞാനും ഒരു വിശിഷ്ടാതിഥിയായിരുന്നു. സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും കുഞ്ഞുങ്ങളെ വിവിധ കലാപരിപാടികൾക്കായി മാസങ്ങളോളം ചിട്ടയായും ക്രമമായും ഒരുക്കുന്നുണ്ടായിരുന്നു.

എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആ സുദിനത്തിൽ രാവിലെ മുതൽ കാലാവസ്ഥയിൽ സാരമായ വ്യതിയാനം പ്രകടമായിരുന്നു. മഴ പെയ്യരുതേയെന്ന് എല്ലാവരും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. വൈകുന്നേരം 5 മണിയോടെ വിദ്യാർത്ഥികളുടെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികൾ സ്റ്റേജിലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ തന്നെ ചെറിയ മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി. ഒരു കാരണവശാലും മഴ പെയ്യില്ല; പരിശുദ്ധ മാതാവിനോട് പ്രാർത്ഥിക്കുന്നുണ്ടെന്ന ഉറപ്പ് സിസ്റ്റർമാർക്ക് ഞാൻ കൊടുത്തിരുന്നതിനാൽ മഴ പെയ്യാൻ തുടങ്ങിയപ്പോൾ ദൈന്യതയോടെയും നിസ്സഹായതയോടെയും അവർ എന്റെ നേരെ നോക്കി. ഞാൻ, രാവിലെ മുതൽ തുടങ്ങിയ എന്റെ ജപമാല പ്രാർത്ഥന ഒന്നുകൂടെ ശക്തിപ്പെടുത്തി. നിർഭാഗ്യവശാൽ മഴ ശക്തി പ്രാപിക്കാൻ തുടങ്ങി.

മറ്റൊരു കാര്യം സ്കൂളിന്റെ ഗ്രൗണ്ടിൽ ഓപ്പൺ സ്റ്റേജാണ് വാർഷികാഘോഷത്തിനായി ക്രമീകരിച്ചിരുന്നത്. മഴ നനഞ്ഞു എല്ലാം ആകെ നാശമായി. കുട പിടിച്ചുകൊണ്ട് വിശിഷ്ടാതിഥികൾ നിലവിളക്ക് കത്തിച്ചുവെങ്കിലും മഴ തോരാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥ.

ഞാൻ പരിശുദ്ധ അമ്മയോട് ചോദിച്ചു: “എന്റെ അമ്മ എന്നെ ഉപേക്ഷിച്ചോ? എന്തേ എന്റെ പ്രാർത്ഥനകൾക്ക് അമ്മ പ്രത്യുത്തരം നല്കുന്നില്ല? എപ്പോഴും എന്റെ കൂടെ നിന്ന് എന്നെ സഹായിക്കുന്ന അമ്മ ഇന്ന് എന്നിൽ നിന്നും അകന്നു നിൽക്കുവാണോ? പരിശുദ്ധ അമ്മയിൽ പൂർണ്ണമായ വിശ്വാസം ഉള്ളതുകൊണ്ടല്ലേ ഇന്ന് മഴ പെയ്യില്ല എന്ന്‌ എന്റെ ശുശ്രൂഷ പൗരോഹിത്യം സാക്ഷിയാക്കി ഞാൻ അവർക്ക് ഉറപ്പു കൊടുത്തത്? എന്നിട്ട് ഇപ്പോൾ പരിശുദ്ധ അമ്മ എന്നെ തെല്ലു നേരത്തേക്കെങ്കിലും ഉപേക്ഷിച്ചുകൊണ്ട് എന്നെ പരീക്ഷിക്കുവാണോ?” ആരും കാണാതെ ഞാൻ ജപമാലയിൽ മുറുകെ പിടിച്ചു കണ്ണുനീർ വാർത്തു. എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു എന്റെ ഹൃദയവേദന.

കുറച്ചു നേരത്തേക്കു ശേഷം മഴ പൂർണ്ണമായും മാറി. എല്ലാ കലാപരിപാടികളും ഭംഗിയായി കലാശിച്ചു. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു. 3 മണിക്കൂറിലേറെ നീണ്ടുനിന്ന ആ കലാപരിപാടികൾ തീരുന്നതു വരെ ഞാൻ ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് മാനസ്സികമായി ക്ലേശിച്ച യാതനകളും ആകുലതകളും വിശ്വാസപരീക്ഷണങ്ങളും നേരിട്ട ഒരു അനുഭവമായിരുന്നു അത്. എന്റെ വിശ്വാസജീവിതത്തെ ശരിക്കും പിടിച്ചുകുലുക്കിയ, ദൃഢപ്പെടുത്തിയ പരിശുദ്ധ അമ്മയുടെ ശക്തമായ ഒരു ഇടപെടൽ.

“എന്റെ അമ്മേ, എന്റെ ആശ്രയമേ…”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.