അമ്മയനുഭവങ്ങൾ: 43

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്” (പുറ. 15:26).

ഒരു ദിവസം രാത്രി 11 മണിയോട് അടുത്തപ്പോൾ എന്റെ ഫോണിൽ ഒരു സുഹൃത്തിന്റെ ഒരുപാട് മിസ്സ്ഡ് കോളുകൾ കണ്ടു. സാധാരണ, പകൽ മാത്രമാണ് ആ സുഹൃത്ത് എന്നെ വിളിക്കുക. എന്റെ ഫോൺ മുറിയിൽ സൈലന്റ് മോഡിലായിരുന്നു. ആ സമയം എന്റെ സുഹൃത്തായ ഒരു വൈദികനുമായി പുറത്തിരുന്ന് സംസാരിക്കുകയായിരുന്നു ഞാൻ. ഒരുപാട് പ്രാവശ്യം എന്നെ വിളിച്ചിട്ട് കിട്ടാത്തതു മൂലം ആ സുഹൃത്ത് വളരെയേറെ വിഷമത്തിലായിരുന്നു.

തിരികെ വിളിച്ചപ്പോൾ ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഏങ്ങിയേങ്ങിയുള്ള കരച്ചിൽ കേൾക്കാൻ തുടങ്ങി. കാര്യം തിരക്കിയപ്പോൾ അവരുടെ ഏഴ് വയസ്സുള്ള ഏക മകൻ ഷട്ടിൽ കളിച്ചപ്പോൾ ഷട്ടിൽ കോക്ക് വലത്തേ കണ്ണിൽ പതിച്ചു. തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കണ്ണുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ശരിയായ ചികിത്സയൊന്നും അവിടുന്ന് ലഭിച്ചില്ല. ഒരു വിദഗ്ധ കണ്ണ് ഡോക്ടറെ കാണാൻ പറഞ്ഞു തിരിച്ചയച്ചു.

കുഞ്ഞു കണ്ണ് തുറക്കുന്നില്ല. കണ്ണിനു ചുറ്റും നല്ല നീരുണ്ട്. നല്ല കരച്ചിലാണ്. അടുത്ത ദിവസം രാവിലെ തന്നെ കണ്ണാശുപത്രയിൽ പോകുന്നുണ്ട്. കുഞ്ഞിന്റെ കണ്ണിന് യാതൊരു പരിക്കും സംഭവിക്കാതിരിക്കാൻ അച്ചൻ പ്രത്യേകം പ്രാർത്ഥിക്കണം.

അവരെ ഒരുവിധം ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തിതിനു ശേഷം പെട്ടെന്നു തന്നെ പരിശുദ്ധ സക്രാരിയുടെ മുൻപിലേക്ക് ഓടി. അവിടെ പോയിരുന്ന് കണ്ണുനീരോടെ ആ കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ചു. മണിക്കൂറുകൾ കടന്നുപോയപ്പോൾ പരിശുദ്ധ അമ്മ എന്റെ ഉള്ളിൽ ഇപ്രകാരം മന്ത്രിക്കുന്നതായി എനിക്കനുഭവപ്പെട്ടു: “ആ കുഞ്ഞിന്റെ കണ്ണിന് യാതൊരു കുഴപ്പവുമില്ല. ആശുപത്രിയിൽ പോയി പരിശോധിക്കുമ്പോൾ അവർക്കത് നേരിട്ട് ബോദ്ധ്യമായിക്കൊള്ളും.”

പരിശുദ്ധ കന്യകാമാതാവിന് നന്ദി പറഞ്ഞുകൊണ്ട് ഞാൻ വിശ്രമിക്കാനായി പോയി. പിറ്റേ ദിവസമുള്ള വിശുദ്ധ കുർബാനയിൽ ആ കുഞ്ഞിനു വേണ്ടി ഞാൻ കണ്ണുനീരോടെ പ്രാർത്ഥിച്ചു. രാവിലെ ആശുപത്രിയിൽ പോയി പലതരത്തിലുള്ള പരിശോധനകൾക്കു ശേഷം ഉച്ചയോടെ വീണ്ടും എന്റെ സുഹൃത്ത് എന്നെ വിളിച്ചു. ദൈവം അത്ഭുതകരമായി കുഞ്ഞിനെ സംരക്ഷിച്ചുവെന്നും കണ്ണിന് യാതൊരു കുഴപ്പവുമില്ലെന്നും സന്തോഷത്തോടെ പറഞ്ഞപ്പോൾ ദൈവത്തിന് ഞാൻ ഒരുപാട് നന്ദി പറഞ്ഞു. വീണ്ടും പരിശുദ്ധ സക്രാരിയുടെ മുൻപിൽ പോയി കണ്ണുനീരോടെ എന്റെ പൊന്നുതമ്പുരാന് നന്ദി പറഞ്ഞു.

ജീവിതത്തിൽ എല്ലാം തകർന്നുതരിപ്പണമായി നിൽക്കുന്ന ചില നേരങ്ങളിൽ, ആർക്കും നമ്മെ സഹായിക്കാനാവില്ലെന്ന് നാം മനസ്സിൽ ഉരുവിടുമ്പോഴും പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യവും സംരക്ഷണവും നമ്മെ ധൈര്യപ്പെടുത്തും. പരിശുദ്ധ അമ്മയുടെ കരങ്ങൾ വഴിയായി ദൈവസന്നിധിയിൽ അർപ്പിക്കുന്ന അർത്ഥനകൾക്ക് ഉത്തരം ഉറപ്പാണ്. നമുക്കും പരിശുദ്ധ അമ്മയോട് ചേർന്നു നിൽക്കാം. അമ്മയുടെ സംരക്ഷണത്തിന്റെ തണലിൽ എന്നും നമുക്ക് അഭയം തേടാം.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പൊങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.