അമ്മയനുഭവങ്ങൾ: 42

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“പർവ്വതങ്ങളിലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു; എനിക്ക് സഹായം എവിടെ നിന്നു വരും? എനിക്ക് സഹായം കർത്താവിൽ നിന്ന് വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്. നിന്റെ കാൽ വഴുതാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല. ഇസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല. കർത്താവാണ് നിന്റെ കാവൽക്കാരൻ; നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലതുഭാഗത്തുണ്ട്. പകൽ സൂര്യനോ, രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല. സകല തിന്മകളിലും നിന്ന് കർത്താവ് നിന്നെ കാത്തുകൊള്ളും; അവിടുന്ന് നിന്റെ ജീവൻ സംരക്ഷിക്കും. കർത്താവ് നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും” (സങ്കീ. 121).

ഏകദേശം ഒരു വർഷം മുൻപ് കണ്ണിലെ കൃഷ്ണമണി പോലെ ദൈവം എന്നെ സംരക്ഷിച്ച ഒരു അനുഭവമുണ്ടായി. ഞാൻ താമസിക്കുന്ന ഇടവകയിൽ നിന്നും ഒരു യാത്ര പോകാനായി ഞാൻ എന്റെ വാഹനത്തിനടുത്തേക്ക് ചെന്നു. ഞാൻ താമസിക്കുന്ന പള്ളിമുറിയോട് ചേർന്ന് വാഹനം നിർത്തിയിടാൻ സൗകര്യം കുറവായതിനാൽ അടുത്തുള്ള കോൺവെന്റിന്റെ മുറ്റത്താണ് സാധാരണ വാഹനം പാർക്ക് ചെയ്യുക. പതിവു പോലെ കോൺവെന്റിന്റെ ഗേറ്റ് തുറന്ന ശേഷം ഞാൻ വാഹനത്തിൽ കയറി വാഹനം സ്റ്റാർട്ട് ചെയ്ത സമയം ഗേറ്റിനോട് ചേർന്നുനിന്നിരുന്ന റബ്ബർ മരത്തിന്റെ വലിയൊരു ചില്ല ഘോരശബ്ദത്തോടെ നിലംപതിച്ചു.

ഞാൻ ഗേറ്റിൽ നിന്നും എന്റെ വാഹനത്തിനടുത്തേക്ക് എത്താൻ ഒരു മിനിറ്റ് വൈകിയിരുന്നെങ്കിൽ ആ മരക്കൊമ്പിനടിയിൽപെട്ട് ഞാൻ ദാരുണം മരിച്ചേനെ. ആ മരച്ചില്ല നിലത്തു പതിക്കാൻ രണ്ട് മിനിറ്റ് വൈകിയിരുന്നെങ്കിൽ ഗേറ്റിനടുത്തെത്തുന്ന എന്റെ വാഹനത്തിന്റെ മുകളിൽ മരക്കൊമ്പ് പതിച്ച് വാഹനത്തിനുള്ളിൽ തന്നെ ഞാൻ വലിയൊരു അപകടത്തിൽ പെട്ടേനെ. എന്നാൽ പരിശുദ്ധ അമ്മയുടെ കൃത്യമായ ഇടപെടൽ എന്റെ ജീവിതത്തിലുണ്ടായ നിമിഷങ്ങളായിരുന്നു അത്.

ജപമാല ചൊല്ലിക്കൊണ്ടാണ് ഞാൻ ഗേറ്റിനടുത്തേക്ക് പോയതും വാഹനത്തിൽ പ്രവേശിച്ചതും. ഞാൻ ഗേറ്റ് തുറക്കാൻ പോകുന്നതു കണ്ട സിസ്റ്റർമാർ വലിയവായിൽ നിലവിളിച്ചുകൊണ്ട് അവിടേക്ക് ഓടിവന്നു. ദൈവം എന്നെ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന നിമിഷങ്ങളായിരുന്നു അത്.

എന്റെ ജീവിതത്തിലെ ഓരോ നിമിഷവും പരിശുദ്ധ അമ്മ മാതാവ് തന്റെ കരതാരിൽ എന്നെ വഹിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം ഞാൻ അനുനിമിഷം എന്റെ ജീവിതത്തിൽ അനുഭവിക്കുന്നുണ്ട്. ഈ ജീവിതവും എന്റെ സർവ്വവും പരിശുദ്ധ അമ്മയുടെ ദാനമാണ്. പരിശുദ്ധ അമ്മേ ഞാൻ പൂർണ്ണമായും നിന്റേതാണ്.

“പരിശുദ്ധ അമ്മേ, ഞങ്ങളുടെ നിത്യസഹായ മാതാവേ, ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഒരിക്കലെങ്കിലും ആത്മാർത്ഥതയോടെ അമ്മയെ വിളിച്ചപേക്ഷിക്കുന്ന ഒരു കുഞ്ഞുമക്കളെയും അമ്മ ഒരിക്കലും ഉപേക്ഷിക്കരുതേ, ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.