അമ്മയനുഭവങ്ങൾ: 40

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“അവൻ പറഞ്ഞു: സാത്താൻ സ്വർഗ്ഗത്തിൽ നിന്ന് ഇടിമിന്നൽ പോലെ നിപതിക്കുന്നത് ഞാൻ കണ്ടു. ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതെ ചവിട്ടിനടക്കാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല” (ലൂക്കാ 10:18-19).

2019 -ലെ വിശുദ്ധ കുർബാനയുടെ തിരുനാൾ (ഈശോമിശിഹായുടെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ) ദിനം ഈശോയുടെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും ശക്തി എന്റെ നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കാനിടയായ ഒരു സംഭവം എന്റെ ജീവിതത്തിലുണ്ടായി.

അന്നൊരു വ്യാഴാഴ്ച്ച ദിവസമായിരുന്നു. 10 കുടുംബങ്ങളുള്ള മിഷൻ ദൈവാലയത്തിൽ വൈകുന്നേരം വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയും നടക്കുന്ന ദിവസം. ആഘോഷമായ വിശുദ്ധ കുർബാന മദ്ധ്യേ വിശുദ്ധ കുർബാനയുടെ ശക്തിയെപ്പറ്റി ഞാൻ വചനത്തിന്റെ അടിസ്ഥാനത്തിൽ പ്രസംഗിച്ചു. വിശുദ്ധ കുർബാനയിലുടനീളം ദൈവജനത്തിന്റെ വിശുദ്ധ കുർബാനയിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമേയെന്നു പ്രാർത്ഥിച്ചു. വിശുദ്ധ കുർബാന കഴിഞ്ഞുള്ള ദിവ്യകാരുണ്യ ആരാധനയുടെ സമാപന ആശീർവാദശേഷം വിശുദ്ധ കുർബാന പരിശുദ്ധ സക്രാരിയിൽ തിരിച്ചുവച്ച ശേഷം ആരാധനയിൽ പങ്കെടുക്കുന്ന മുഴുവൻ പേരുടെയും തലയിൽ കൈവച്ചു പ്രാർത്ഥിക്കുന്ന പതിവുണ്ട്.

അങ്ങനെ പ്രാർത്ഥന തുടരുമ്പോൾ ഒരു സ്ത്രീ പുറകിലേക്ക് മറിഞ്ഞുപോയി. സിസ്റ്റർമാർ അവരെ പതിയെ താങ്ങിപ്പിടിച്ച് ഒരിടത്തിരുത്തി. എല്ലാവരുടെയും തലയിൽ കൈവച്ചു പ്രാർത്ഥിച്ചശേഷം ഞാൻ വീണ്ടും ആ സ്ത്രീയുടെ തലയിൽ കൈവച്ചു പ്രാർത്ഥിക്കാൻ തുടങ്ങി. അവർ പതിയെപ്പതിയെ അക്രമാസക്തയാകാൻ തുടങ്ങി. ദൈവാലയത്തിൽ ആ സമയമുണ്ടായിരുന്ന എല്ലാവരോടും വിശ്വാസപ്രമാണം ചൊല്ലാനും ജപമാല ചൊല്ലി പ്രാർത്ഥിക്കാനും നിർദ്ദേശിച്ച ശേഷം ഞാൻ അവർക്കു വേണ്ടിയുള്ള പ്രാർത്ഥന തുടർന്നുകൊണ്ടേയിരുന്നു. ഒരു പ്രാർത്ഥനകളും അവരിലെ അശുദ്ധാത്മാവിനെ അടക്കുന്നില്ലെന്നു കണ്ടപ്പോൾ ഞാൻ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി.

ഉടനെ പരിശുദ്ധ അമ്മ എന്റെയുള്ളിൽ വലിയൊരു പ്രേരണ നല്കി. പരിശുദ്ധ സക്രാരിയിൽ നിന്നും വിശുദ്ധ കുർബാന എടുത്തുകൊണ്ടു വന്ന് ആ സ്ത്രീയുടെ തലയിൽ വച്ചു പ്രാർത്ഥിക്കുക. ഞാൻ അൾത്താരയിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോൾ അരുതേ എന്ന് ആ സ്ത്രീയിൽ നിവസിച്ചിരുന്ന അശുദ്ധാത്മാവ് വലിയ വായിൽ നിലവിളിച്ചു കൊണ്ടേയിരുന്നു. വിശുദ്ധ കുർബാന എടുത്തുകൊണ്ടു വന്ന് അവരുടെ ശിരസ്സിൽ സ്പർശിച്ചപ്പോൾ തന്നെ ആ സ്ത്രീ സാധാരണ നിലയിലായി. അന്നേ ദിവസം രാത്രി അവർ ശാന്തമായി വീട്ടിലേക്ക് മടങ്ങി.

സ്കൂളിൽ ആയയായി ജോലി നോക്കുന്ന, പൊതുവെ ശാന്തപ്രകൃതയായ അവർ പിറ്റേ ദിവസം വളരെയേറെ പൈശാചികമായി പിള്ളേരോടും സഹജോലിക്കാരോടും പെരുമാറാൻ തുടങ്ങി. ബിഷപ്സ് ഹൗസിലായിരുന്ന എന്നെ വിളിച്ച് സിസ്റ്റർമാർ കാര്യങ്ങൾ പറഞ്ഞു. അവരെ പതുക്കെ അനുനയിപ്പിച്ച് ദൈവാലയത്തിൽ കൊണ്ടുവന്ന ശേഷം ഞാനും സിസ്റ്റർമാരും കൂടുതൽ തീക്ഷ്ണതയോടെ വിശ്വാസപ്രമാണവും ജപമാലയും ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. അവർ പഴയതുപോലെ ബോധരഹിതയായി. വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ചപ്പോൾ അതിന് വിപരീതദിശയിലോട്ടിരുന്നു. ദൈവാലയത്തിൽ കിടന്നുരുണ്ട് ബഹളം വച്ചു. ഏകദേശം മൂന്നു മണിക്കൂർ നേരത്തെ ശക്തമായ പ്രാർത്ഥനകൾക്കൊടുവിൽ അവരിലുണ്ടായിരുന്ന അശുദ്ധാത്മാവ് പൂർണ്ണമായും അവരെ വിട്ടുപോയി.

ഈശോയുടെ തിരുശരീരത്തിനും തിരുരക്തത്തിനും ഈ ലോകത്തിലുള്ള ഏതു വലിയ തിന്മയുടെ ശക്തികളെയും ചെറുത്തുതോൽപ്പിക്കാനാവുമെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ ഒരു അത്ഭുതമായിരുന്നു അത്.

“നിത്യസ്തുതിക്ക് യോഗ്യനായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്… എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ, ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.