അമ്മയനുഭവങ്ങൾ: 38

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ദൈവത്തിന്റെ വചനം സജീവവും ഊർജ്ജസ്വലവുമാണ്‌; ഇരുതലവാളിനേക്കാൾ മൂർച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രാ. 4:12).

പുതിയ മിഷൻ ഇടവകകളിൽ ദൈവത്തിന്റെ വചനം കൂടുതൽ സജീവമായി ദൈവജനത്തിൽ എത്തിക്കാനായി ഞാൻ ഒരു എളിയശ്രമം നടത്തി. എല്ലാവർക്കും സ്വന്തമായി ഒരു ബൈബിൾ ഉണ്ടാകണമെന്ന് ഞാൻ നിഷ്കർഷിച്ചു. ബൈബിൾ ഇല്ലാത്തവർക്ക് അത് എന്റെ സ്വന്തം ചിലവിൽ വാങ്ങിച്ചു നല്‍കി. എല്ലാ ദിവസവും ബൈബിൾ വായിക്കാനും ദൈവവചനങ്ങൾ ഹൃദിസ്ഥമാക്കാനും അവർക്ക് നിരന്തരം എന്റെ, ഞായറാഴ്ച്ചയുള്ള വിശുദ്ധ ബലി മദ്ധ്യേയുള്ള വചനപ്രഘോഷണത്തിൽ പ്രേരണ നല്‍കിക്കൊണ്ടേയിരുന്നു. മറ്റൊരു തീരുമാനവും ഞാൻ വ്യക്തിപരമായി എടുത്തു. എന്റെ വചനപ്രഘോഷണത്തിൽ ദൈവവചനം മാത്രമെ ഞാൻ ഉദ്ധരിക്കയുള്ളൂ. പുസ്തകം വായിച്ചുള്ള അറിവോ കഥയോ ഒരിക്കലും പങ്കുവയ്ക്കില്ല. ഇത് വ്യക്തിപരമായി ദൈവവചനം കൂടുതലായി വായിക്കാനും ഒരുങ്ങാനും എനിക്കും പ്രചോദനമായി. അങ്ങനെ വലിയൊരു ആത്മീയ ഉണർവ്വ് രണ്ട് ഇടവകകളിലും ഉണ്ടായി. എല്ലാ ഞായറാഴ്ചയും കുർബാന പുസ്തകത്തോടൊപ്പം വിശുദ്ധ ഗ്രന്ഥവും (ബൈബിൾ) നിർബന്ധമായി കൊണ്ടുവരാൻ ഞാൻ ഇടവകക്കാരോട് നിർദ്ദേശിച്ചു. അങ്ങനെ മനസ്സില്ലാമനസ്സോടെയാണെങ്കിലും പലരും ബൈബിൾ കൊണ്ടുവരാനും വായിക്കാനും തുടങ്ങി.

എന്റെ ഇടവകയിലെ ഒരു യുവാവ് തന്റെ അമ്മയോട് പറഞ്ഞു: “അച്ചൻ എത്രമാത്രം നിർബന്ധിച്ചാലും ഞാൻ ദൈവാലയത്തിൽ ബൈബിൾ കൊണ്ടുപോകുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഈ അച്ചന് വേറെ പണി ഒന്നുമില്ലേ, വെറുതെ ആൾക്കാരെ ഇങ്ങനെ മെനക്കെടുത്താൻ.” ഞാൻ ആ യുവാവിനെയും ബൈബിൾ കൊണ്ടുവരുന്നതിൽ ഒട്ടും താല്പര്യം കാണിക്കാത്തവരെയും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി. പിന്നെ സംഭവിച്ചത് അത്ഭുതമാണ്. ഏത് യുവാവാണോ ബൈബിൾ കൊണ്ടുവരാൻ മടി കാണിച്ചത് ആ യുവാവ് തന്നെ ബൈബിൾ കൊണ്ടുവരാനും മറ്റുള്ളവരെക്കൊണ്ട് ബൈബിൾ വചനം ഹൃദിസ്ഥമാക്കാനും മുൻകൈ എടുത്തു തുടങ്ങി. ആ മകനെ ദൈവം അനുഗ്രഹിച്ചു വലിയൊരു മാതൃകയാക്കി മാറ്റി.

കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയ ആദ്യനാളുകളിൽ എല്ലാ ദൈവാലയങ്ങളും അടഞ്ഞുകിടന്നപ്പോൾ പരിശുദ്ധ അമ്മ തന്ന പ്രേരണയാൽ ഓരോ ദിവസവും ഓരോ ദൈവവചനം മനഃപാഠം ചെയ്ത് അതിന്റെ വീഡിയോ എനിക്ക് അയച്ചുതരാൻ ഞാൻ എന്റെ ഇടവകക്കാരോട് നിർദ്ദേശിച്ചു. 128 ദിവസങ്ങൾ ദൈവവചനം മനഃപാഠം ചെയ്ത് വീഡിയോ എനിക്ക് അയച്ചുതരുന്ന ശീലം എന്റെ എല്ലാ ഇടവകക്കാരും തുടർന്നുപോന്നു.

ഇന്ന് എല്ലാ ഞായറഴ്ചയും എല്ലാ ഇടവകക്കാരും ബൈബിളുമായാണ് ദൈവാലയത്തിൽ വരുക. അത് കാണുന്നതു തന്നെ വലിയൊരു അത്ഭുതമാണ്. ദൈവവചനത്തിന് അവരോരുത്തരും സ്വന്തം ജീവിതം വഴിയായി ഇന്ന് സാക്ഷ്യം നല്‍കുന്നു.

“അവതരിച്ച വചനത്തിന് ജന്മം നല്‍കിയ പരിശുദ്ധ അമ്മേ, വചനത്തിന്റെ പാതയിൽ ഞങ്ങളെ അനുദിനം വഴിനടത്തണമെ. അമ്മയെപ്പോലെ വചനത്തിൽ അടിയുറച്ചു വിശ്വസിക്കാൻ ഞങ്ങളെയും പ്രാപ്തരാക്കണേ, ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.